- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മ ദളിത് വിഭാഗത്തിലെ യുവാവിനെ പുനർവിവാഹം ചെയ്താൽ ഈഴവ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ പേരിൽ ദളിതർക്കായുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാമോ? എസ് സി വിഭാഗക്കാർക്കായുള്ള ആനുകൂല്യങ്ങൾ സ്വന്തം കുട്ടിയുടെ പേരിൽ തട്ടിയെടുത്തെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പരാതി; മഹിളാ അസോസിയേഷൻ നേതാവ് വ്യാജരേഖ ചമച്ചെന്നും ആക്ഷേപം
തിരുവനന്തപുരം: എസ്.സി വിഭാഗക്കാർക്കായി സർക്കാർ നൽകുന്ന ആനുകൂല്യം വ്യാജരേഖകളുണ്ടാക്കി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഭർത്താവും ചേർന്ന് തട്ടിയെടുക്കുന്നതായി ആക്ഷേപം. ഇടുക്കിയിലെ കുമളി പതിമൂന്നാം വാർഡ് കൊല്ലംപട്ടടയിൽ പത്താട്ട് വീട്ടിലെ പ്രീതിക്കും ഇവരുടെ ഇപ്പോഴത്തെ ഭർത്താവ് രാജേന്ദ്രനും എതിരെയാണ് ആക്ഷേപം ഉയരുന്നത്. എസ്. സി വിഭാഗക്കാർക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ വ്യാജരേഖയുണ്ടാക്കി കുമളി ഗ്രാമപഞ്ചായത്തിൽ നിന്നും മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നും ആദ്യ വിവാഹത്തിലെ കുഞ്ഞിന്റെ പേരിൽ തട്ടിയെടുത്തുന്നവെന്നാണ് പരാതി. സിപിഎം ഉന്നതർതന്നെ ഇത്തരത്തിൽ ഒരു തട്ടിപ്പിന് കൂട്ടുനിന്നതായാണ് ആരോപണം ഉയർന്നിട്ടുള്ളത്. ഇതുസംബന്ധിച്ച് പൊതു പ്രവർത്തകനായ ഷാജി പ്രേം കിർത്താഡ്സ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.
സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിലാണ് ഇത്തരത്തിൽ വ്യാജരേഖചമയ്ക്കലും സാമ്പത്തിക തട്ടിപ്പും നടത്തിയതെന്ന് പരാതിയിൽ രേഖകൾ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ തേക്കടി മേഖലാ സെക്രട്ടറി കൂടിയായ പ്രീതി പാർട്ടിയുടെ പിൻബലത്തിലാണ് ഇത്തരം തട്ടിപ്പ് അരങ്ങേറിയത്. കൊല്ലംപട്ടട എസ് സി കോളനിയിലെ അർഹരായ, നിർധനരായ കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പ്രീതി മകൾക്കുവേണ്ടി തട്ടിയെടുത്തെന്നാണ് പരാതി.
അനർഹമായി നേടിയെടുത്തത് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ
പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്: പ്രീതിയും ഇപ്പോഴത്തെ ഭർത്താവ് രാജേന്ദ്രനും 20 വർഷം മുമ്പ് കോട്ടയം ചിങ്ങവനം ഭാഗത്തുനിന്നുമാണഅ കുമളിയിലേക്ക് വന്നത്. ഈഴവ സമുദായാംഗമായ പ്രീതിയുടെ വിവാഹം 1990 കാലഘട്ടത്തിൽ അതേ സമുദായാംഗമായ സലിമോൻ (കൊച്ചുമോൻ) എന്നയാളുമായി നടന്നിട്ടുള്ളതാണ്. ഇവർക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. 1995ലായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യ കുട്ടിയുടെ ജനനം. ആർപ്പൂക്കര പഞ്ചായത്തിൽ 95 നവംബറിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതിൽ കുട്ടിയുടെ പിതാവിന്റെ പേരായി കൊച്ചുമോന്റെ പേരുതന്നെയാണ് നൽകിയിട്ടുള്ളത്.
1999ൽ പ്രീതിക്ക് മറ്റൊരു കുട്ടികൂടി ജനിച്ചു. ഇതും ആവർഷം ജൂലായിൽ ആർപ്പൂക്കര പഞ്ചായത്തിൽ രജിസ്റ്റർ ചെയ്്തിട്ടുണ്ട്. ഈ കുഞ്ഞിന്റെ അച്ഛനായും ആദ്യഭർത്താവ് കൊച്ചുമോന്റെ പേരു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതേ കുട്ടിയുടെ ജനന വിവരം 16-08-2005ൽ ആർപ്പൂക്കരയിൽ പിതാവിന്റെ പേര് കൊച്ചുമോൻ എന്നതു നീക്കി രാജേന്ദ്രൻ എന്നാക്കി തിരുത്തിയെന്നും തൊട്ടു പിറ്റേ ദിവസത്തെ തിയതിയിൽ ഇവരുടെ അപേക്ഷ പ്രകാരം കുട്ടിയുടെ പേരിനൊപ്പം രാജ് എന്നുകൂടെ ചേർത്ത് ആർപ്പൂക്കര പഞ്ചായത്തിൽ നിന്നും ജനന സർട്ടിഫിക്കറ്റ് തിരുത്തി വാങ്ങിയെന്നും പരാതിയിൽ പറയുന്നു. മൂത്ത കുട്ടിയുടെ ജനന രജിസ്റ്ററിൽ ഇത്തരമൊരു തിരുത്തൽ നടത്തിയിട്ടില്ലെന്നും വിവരാവകാശ രേഖപ്രകാരം കണ്ടെത്തിയിട്ടുണ്ട്. പ്രീതി അയൽക്കാരനും ദളിത് വിഭാഗക്കാരനുമായ രാജേന്ദ്രൻ എന്നയാൾക്കൊപ്പം മൂന്നോ നാലോ വയസ്സ് ഉണ്ടായിരുന്ന ഇളയ കുട്ടിയുമായി കുമളയിൽ എത്തുന്നതും വാടകവീട്ടിൽ താമസം തുടങ്ങുന്നതും എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സർക്കാർ ഭവനപദ്ധതിയിൽ വീടും തട്ടിയെടുത്തു
2008ൽ സർക്കാർ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പ്രീതിയും രാജേന്ദ്രനും ഉപയോഗിച്ച് വ്യാജവിവരങ്ങൾ നൽകി വീട് തട്ടിയെടുത്തതായും പരാതിയിൽ ആരോപിക്കുന്നു. ഭവനരഹിതരായ നിർധനർക്ക് തദ്ദേശ സ്ഥാപനം വഴി വീട് അനുവദിക്കുന്നത് ഒരു കുടുംബത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. രാജേന്ദ്രനും പ്രീതിയും നിയമപരമായി വിവാഹം കഴിച്ചവർ അല്ലാത്തതിനാൽ വീടി ലഭിക്കില്ലെന്ന സ്ഥിതി വന്നു. അപ്പോൾ സ്പെഷ്യൽ മാരേജ് ആക്റ്റ് ഷെഡ്യൂൾ 4 പ്രകാരം ഇവർ പീരുമേട് സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹിതരായി.
പക്ഷേ, മുൻ വിവാഹം മറച്ചുവച്ചാണ് ഇവർ ഇങ്ങനെ വിവാഹിതരായതെന്നാണ് ആക്ഷേപം. പുനർ വിവാഹം ചെയ്യുന്നവർ വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് സ്പെഷ്യൽ മാരേജ് ആക്റ്റ് ഷെഡ്യൂൾ അഞ്ച് പ്രകാരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമപരമായി മുൻ വിവാഹ ബന്ധം വേർപെടുത്താതെയാണഅ ഇവർ വിവാഹിതരായതെന്നും ആ വിവരങ്ങൾ ബോധപൂർവം മറച്ചുവച്ചുവെന്നും വിവാഹ സർട്ടിഫിക്കറ്റ് സഹിതം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രണ്ടാമത്തെ കുട്ടിയെ കുമളി അമരാവതി സ്കൂളിൽ ചേർക്കുകയും അപ്പോൾ രണ്ടാമത്തെ ഭർത്താവ് രാജേന്ദ്രൻ എസ്. സി വിഭാഗക്കാരൻ ആയതിനാൽ എസ്. സി എന്ന് ജാതി കോളത്തിൽ രേഖപ്പെടുത്തുകയുമായിരുന്നു. ഇതുവരെ ഈ കുട്ടിയുടെ പേരിൽ ദളിത് വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങളെല്ലാം ഇങ്ങനെ തെറ്റായ വിവരം നൽകി പ്രീതി നേടിയെടുത്തുവെന്നാണ് പരാതി. പഠനമുറിക്കുള്ള ധനസഹായം, ലാപ്ടോപ്പ് എന്നിവ നേടിയെന്നും പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ധനസഹായമായ മൂന്നുലക്ഷം രൂപയും പട്ടികജാതി വകുപ്പിൽ നിന്ന് കൈപ്പറ്റിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ന്യായമായും പട്ടികജാതി വിഭാഗത്തിൽ പെട്ട മറ്റൊരു കുട്ടിക്ക് ലഭിക്കേണ്ട സഹായമാണ് സിപിഎം വനിതാ നേതാവും ഇപ്പോഴത്തെ ഭർത്താവും ചേർന്ന് മകളുടെ പേരിൽ തട്ടിയെടുക്കുന്നതെന്നാണ് ആക്ഷേപം. ധനസഹായവും ലാപ്ടോപ്പും ഉൾപ്പെടെ നേടിയതിന്റെ രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഈ തട്ടിപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പ്രീതിക്കും രാജേന്ദ്രനുമെതിരെ പട്ടികജാതിക്കാർക്കെതിരെ തട്ടിപ്പ് നടത്തിയതിന് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ എം വിനോദ്കുമാര് തിരുവനന്തപുരം ന്യൂസ് കോണ്ട്രിബ്യൂട്ടര്