- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പലം പുനർനിർമ്മിച്ച സുലൈമാൻ ഹാജി കൊണ്ടോട്ടിയിൽ; പ്രളയകാലത്ത് സ്വന്തം വീട് ദുരിതബാധിതർക്കായി തുറന്നിട്ട മുഹമ്മദ് മുസ്തഫ പെരിന്തൽമണ്ണയിൽ; വി അബ്ദുറഹിമാനും പിവി അൻവറിനും പിന്നാലെ സ്വതന്ത്രരിലൂടെ വീണ്ടും മലപ്പുറം ചുവപ്പിക്കാൻ സിപിഎം; സിപിഎമ്മിന് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്ത്
മലപ്പുറം: സംസ്ഥാനത്ത് തന്നെ സിപിഐഎം ഏറ്റവും അധികം സീറ്റിൽ മത്സരിക്കുന്ന ജില്ലയാണ് മലപ്പുറം. 11 പേരാണ് മലപ്പുറത്ത് സിപിഐഎം സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. സിപിഐഎം സ്ഥാനാർത്ഥികളായി മലപ്പുറത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ മഹാഭൂരിഭാഗവും സ്വതന്ത്രരാണ് എന്ന പ്രത്യേകതയും മലപ്പുറത്തെ സിപിഐഎം സ്ഥാനാർത്ഥി പട്ടികക്കുണ്ട്. നേരത്തെ സ്വതന്ത്രരെ രംഗത്തിറക്കി മണ്ഡലം പിടിച്ച ചരിത്രം ആവർത്തിക്കുമോ എന്ന പരീക്ഷണം കൂടിയാണ് ഇത്തവണയും മലപ്പുറത്ത് സിപിഎം പുറത്തെടുക്കുന്നത്.
11 പേരാണ് മലപ്പുറത്ത് സിപിഐഎം സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. ഇതിൽ ആറ് പേരും സ്വതന്ത്രരാണ്. നാല് സ്വതന്ത്രർ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് പിന്തുണയോടെ മത്സരിച്ചവരാണ്. ഇവരിൽ മൂന്ന് പേർ വിജയിക്കുകയും ചെയ്തിരുന്നു. രണ്ട് പേരാണ് സ്വതന്ത്രരായ പുതുമുഖങ്ങളുള്ളത്. തവനൂരിൽ കെടി ജലീൽ,താനൂരിൽ വി അബ്ദുൾ റഹ്മാൻ, തിരൂരിൽ ഗഫൂർ പി ലീല്ലീസ്, നിലമ്പൂരിൽ പിവി അൻവർ എന്നിവർ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇടത് സ്വതന്ത്രരായി മത്സരിച്ചവരാണ്. ഇവരിൽ തിരൂരിലെ ഗഫൂർ പി ലില്ലീസ് ഒഴികെ ബാക്കിയെല്ലാവരും കഴിഞ്ഞ തവണ വിജയിക്കുകയും ചെയ്തു.
കെടി ജലീൽ മന്ത്രിയാകുകയും ചെയ്തു. കൊണ്ടോട്ടിയിൽ മത്സരിക്കുന്ന സുലൈമാൻ ഹാജി, പെരിന്തൽ മണ്ണയിൽ മത്സരിക്കുന്ന മുഹമ്മദ് മുസ്തഫ എന്നിവരാണ് സ്വതന്ത്രസ്ഥാനാർത്ഥികളിൽ പുതുമുഖങ്ങളുള്ളത്. മലപ്പുറത്തെ സ്ഥാനാർത്ഥി പട്ടികയിലെ മറ്റൊരു പ്രത്യേകതയെന്നത് കൂടുതൽ പേരും നേരത്തെ മുസ്ലിം ലീഗോ കോൺഗ്രസോ ആയിരുന്നവരാണ് എന്നതാണ്. മുസ്ലിം ലീഗിൽ നിന്നും പുറത്ത് പോന്നവരാണ് കെടി ജലിൽ, മുഹമ്മദ് മുസ്തഫ, പി മിഥുന, സുലൈമാൻ ഹാജി എന്നിവർ. പിവി അൻവർ, വി അബ്ദുൾ റഹിമാൻ എന്നിവർ കോൺഗ്രസിൽ നിന്ന് പുറത്ത് പോന്നവരും.
ഇത്തവണ മലപ്പുറത്ത് സിപിഐഎം അവതരിപ്പിച്ചിരിക്കുന്ന രണ്ട് പുതിയ സ്വതന്ത്ര സ്ഥാനാർത്ഥികളാണുള്ളത്. കൊണ്ടോട്ടിയിൽ മത്സരിക്കുന്ന സുലൈമാൻ ഹാജിയും പെരിന്തൽമണ്ണയിൽ മത്സരിക്കുന്ന മുഹമ്മദ് മുസ്തഫയും. സുലൈമാൻ ഹാജി മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ നേതൃത്വത്തിലുള്ള ആളായിരുന്നു. നേരത്തെ തന്നെ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെട്ട് വാർത്തകളിൽ ഇടം നേടിയ വ്യക്തി കൂടിയാണ് സുലൈമാൻ ഹാജി. തന്റെ പ്രദേശത്തെ ജീർണ്ണാവസ്ഥയിലുള്ള ക്ഷേത്രം പുനർനിർമ്മിക്കാൻ മുൻകൈയെടുത്തതിലൂടെയാണ് സുലൈമാൻ ഹാജി നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നത്.
കൊണ്ടോട്ടി മുതുവല്ലൂരിലെ തന്റെ നാട്ടിലുള്ള ഒരു ക്ഷേത്രം ജീർണ്ണാവസ്ഥയിലാകുകയും നാട്ടുകാർ ഇടപെട്ട് പുനർനിർമ്മാണത്തിന് വേണ്ടി ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് സുലൈമാൻ ഹാജി ക്ഷേത്രത്തിന്റെ താഴികക്കുടം അടക്കം പുനർനിർമ്മിക്കാൻ തയ്യാറായി രംഗത്ത് വന്നത്. പെരിന്തൽമണ്ണയിൽ മത്സരിക്കുന്ന മുഹമ്മദ് മുസ്തഫ മുസ്ലിം ലീഗ് നേതാവെന്നതിലുപരിയുള്ള പരിചയമാണ് നാട്ടുകാർക്ക്. പ്രളയകാലത്ത് മലപ്പുറം നഗരത്തിലെ വിവിധയിടങ്ങളിൽ ദുരിതത്തിലകപ്പെട്ടവർക്ക് അവരുടെ വീടും മറ്റും നഷ്ടപ്പെട്ടപ്പോൾ മലപ്പുറം മൈലപ്പുറത്തുള്ള സ്വന്തം വീട് തുറന്നു നൽകിയാണ് മുസ്തഫ മാതൃകയായിരുന്നത്. പിന്നീട് ദുരിതബാധിതർക്ക് സ്വന്തം വീടൊരുങ്ങുകയോ താത്കാലിക സംവിധാനം തയ്യാറാകുകയോ ചെയ്യുന്നത് വരെ അവരെല്ലാം താമസിച്ചത് മുസ്തഫയുടെ വീട്ടിലായിരുന്നു.
ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യവസായ രംഗത്തും അറിയപ്പെടുന്നവരെയാണ് ഇത്തവണയും സിപിഐഎം മലപ്പുറത്ത് സ്വതന്ത്രരായി അവതരിപ്പിച്ചിരിക്കുന്നത്. നിലമ്പൂരിൽ പിവി അൻവറിലൂടെയും താനൂരിൽ വി അബ്ദുൾ റഹിമാനിലൂടെയും തവനൂരിലും കുറ്റിപ്പുറത്തും കെടി ജലീലിലൂടെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സംഭവിച്ച അട്ടിമറി തന്നെയാണ് പുതിയ സ്വതന്ത്രരിലൂടെ കൊണ്ടോട്ടിയിലും പെരിന്തൽമണ്ണയിലും എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.