- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയെ കാത്തിരിക്കുന്നത് വിഎസിന്റെ അനുഭവമോ? യുഡിഎഫ് ക്യാപ്ടനെ വീഴ്ത്താൻ ഹരിപ്പാട് മണ്ഡലത്തിൽ സ്വന്തം പടക്കുതിരയെ ഇറക്കാൻ സിപിഎം; ഹരിപ്പാടും അരൂരും സിപിഎമ്മും സിപിഐയും വച്ചുമാറിയേക്കും; അമ്മയെ പോലെ കരുതുന്ന മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചെന്നിത്തല ഉറപ്പിക്കുമ്പോൾ രണ്ടും കൽപ്പിച്ചു പിണറായിയും
ആലപ്പുഴ: പാർട്ടി ജയിക്കുമ്പോൾ തോൽക്കുന്ന നേതാവ് എന്നാണ് മുമ്പ് വി എസ് അച്യുതാനന്ദനെ കുറിച്ചു കുറേക്കാലം കേരളം പറഞ്ഞു കേട്ടത്. സിപിഎം അധികാരത്തിൽ എത്തിയപ്പോൾ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും തോൽക്കേണ്ടി വന്ന അനുഭവം മുൻനിർത്തിയായിരുന്നു ഇക്കാര്യം വിഎസിന് മേൽ ചാർത്തിക്കൊടുത്തത്. പിന്നീട് വി എസ് പടനായകനായതും വിജയിക്കുകയും ചെയ്തുവെന്നത് മറ്റൊരു കാര്യം. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. പിണറായി വിജയനെതിരെ വലിയ ആരോപണങ്ങൾ ഉയർത്തി സർക്കാറിനെ പല കാര്യങ്ങളിലും പ്രതിരോധത്തിലാക്കാൻ ചെന്നിത്തലയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായിക്ക് ചെന്നിത്തലയോട് അൽപ്പം കടുത്ത ദേഷ്യമാണുള്ളത്.
മുന്നണിയെ തെരഞ്ഞെടുപ്പിൽ നയിക്കുന്ന ചെന്നിത്തലക്ക് മുമ്പ് വിഎസിന് ഉണ്ടായ അനുഭവം ഉണ്ടാകുമോ എന്ന ചോദ്യവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കാരണം ചെന്നിത്തലയെ നേരിടാൻ സിപിഎം സ്വന്തം സ്ഥാനാർത്ഥിയെ ഹരിപ്പാട് നിർത്താൻ ആലോചിക്കുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കുറച്ചു കാലമായി സിപിഐ മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ ആലോചന. സിപിഎം സ്ഥാനാർത്ഥി എത്തിയാൽ ചെന്നിത്തലയെ വീഴ്ത്താമെന്നാണ് പാർട്ടിയുടെ കണക്കൂകൂട്ടൽ.
സീറ്റുകൾ പരസ്പ്പരം വെച്ചുമാറുന്നത് സംബന്ധിച്ച ചർച്ചകൾ സിപിഎമ്മിനും സിപിഐയിലും തുടങ്ങിയിട്ടുണ്ട്. പാർട്ടിതലത്തിലോ മുന്നണിതലത്തിലോ ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും നേതാക്കൾ പരസ്പരം സംസാരിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഭാഗത്തുനിന്നാണ് ഇങ്ങനെയൊരു നിർദ്ദേശം വന്നത്. ഇപ്പോൾ ഹരിപ്പാട്ട് സിപിഐ.യും അരൂരിൽ സിപിഎമ്മുമാണ് മത്സരിക്കുന്നത്. എ.എം. ആരിഫ് രണ്ടുതവണ ജയിച്ച അരൂർ മണ്ഡലം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനു നഷ്ടമായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിനു നഷ്ടപ്പെട്ട ഏകസീറ്റ് ഹരിപ്പാടാണ്. 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു രമേശ് ചെന്നിത്തല തിരഞ്ഞെടുക്കപ്പെട്ടത്. ഹരിപ്പാട്ടുതന്നെ മത്സരിക്കുമെന്നു ചെന്നിത്തല വ്യക്തമാക്കിയിട്ടുമുണ്ട്. സിപിഎമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് അരൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായതെന്നു വിലയിരുത്തലുണ്ട്. ആരിഫ് പാർലമെന്റിലേക്കുപോയ ഒഴിവിൽനടന്ന മത്സരത്തിൽ 2,079 വോട്ടിനാണു കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ ജയിച്ചത്. 38,519 വോട്ടിന് ആരിഫ് ജയിച്ച മണ്ഡലമാണിത്.
ആഭ്യന്തരത്തർക്കങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിക്കാതിരിക്കാൻ പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ കൊണ്ടുവരുകയാണ് ഒരുമാർഗം. രണ്ടാമത്തേതാണു സീറ്റുവെച്ചുമാറൽ. പക്ഷേ, സിപിഎമ്മിന്നു തൊട്ടടുത്തുള്ള ചേർത്തല കിട്ടിയാൽകൊള്ളാമെന്നുണ്ട്. ഏതുസാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന മണ്ഡലമായാണ് അവർ ചേർത്തലയെ കാണുന്നത്. എന്നാൽ, ആ സിറ്റിങ് സീറ്റ് സിപിഐ. വിട്ടുനൽകില്ല.
മുതിർന്ന സിപിഎം. നേതാവ് ടി.കെ. ദേവകുമാർ 2001-ൽ ഹരിപ്പാട്ടുനിന്ന് ജയിക്കുയും 2006-ൽ തോൽക്കുകയും ചെയ്തിരുന്നു. ഈ സീറ്റ് കിട്ടിയാൽ ദേവകുമാറിനെയോ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന ഏതെങ്കിലും യുവനേതാവിനെയോ മത്സരിപ്പിക്കാൻ കഴിയുമെന്നാണ് ഒരുവാദം. സിപിഐ. തന്നെയാണു മത്സരിക്കുന്നതെങ്കിൽ ബിനോയ് വിശ്വം രംഗത്തുവരുമെന്നും പ്രചാരണമുണ്ട്. രണ്ടിടത്തെയും പ്രാദേശികവികാരംകൂടി കണക്കിലെടുത്താകും അന്തിമതീരുമാനം.
സിപിഐ.യുടെ സംസ്ഥാന എക്സിക്യുട്ടിവ് ഏഴാം തീയതിയാണ്. അതിനുശേഷമേ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ സംബന്ധിച്ച് എന്തെങ്കിലും ആലോചന തുടങ്ങൂവെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. മണ്ഡലങ്ങൾ വെച്ചുമാറുന്നതു സംബന്ധിച്ച അനൗദ്യോഗികചർച്ച നടക്കുന്നുണ്ടെങ്കിലും പാർട്ടിയുടെമുന്നിൽ ഈ വിഷയം വന്നിട്ടില്ലെന്നു മുതിർന്ന സിപിഎം. നേതാവ് പറഞ്ഞു.
നേരത്തെ ചെന്നിത്തല മണ്ഡലം മാറുമെന്നും വട്ടിയൂർക്കാവിലോ അരുവിക്കരയിലോ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും അദ്ദേഹം തന്നെ അത് തള്ളിക്കളഞ്ഞിരുന്നു. ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം മാറുമെന്നത് പ്രചാരണം മാത്രമാണെന്നുമാണ് ചെന്നിത്തല പറഞ്ഞ്. ഹരിപ്പാട്ടെ ജനങ്ങൾക്ക് തന്നെയും ഹരിപ്പാട്ടുകാരെ തനിക്കും വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ