തിരുവനന്തപുരം: ഈമാസം 20ാം തീയ്യതി സ്ഥാനമേൽക്കാൻ പോകുന്ന പിണറായി മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകും? മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ഇതുവരെ മുനസ്സു തുറന്നിട്ടില്ല. അതുകൊണ്ട് തന്നെ സിപിഎമ്മിൽ നിന്നും ആരൊക്കെ മന്ത്രിമാരാകും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം സിപിഐയുടെ കാര്യത്തിൽ അടക്കം ഏകദേശ ധാരണകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആർക്കൊക്കെ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്നത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് വ്യക്തമാകും. 10 ഘടക കക്ഷികളുമായും സിപിഎം ഇന്നു ചർച്ച നടത്തുന്നുണ്ട്. നാളെ എൽഡിഎഫ് നേതൃയോഗം ഔപചാരിക തീരുമാനമെടുക്കുന്നതോടെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.

സിപിഎം 12 മന്ത്രിസ്ഥാനം വഹിക്കുമ്പോൾ സിപിഐക്ക് നാല് മന്ത്രിസ്ഥാനങ്ങളാണ് നൽകുക. അതേസമയം ജനതാദൾ എസിന് ഒരു മന്ത്രിസ്ഥാനവും എസ്‌പിപിക്ക് ഒരു മന്ത്രിസ്ഥാനവും നൽകുക എന്നതാണ് നിലവിലുള്ള ധാരണ. ഇതിന് പുറമേ ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നതിനാണ് അവ്യക്തത നിലനിൽക്ുകന്നത്. കേരള കോൺഗ്രസ് (എം) , ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), ഐഎൻഎൽ, ലോക് താന്ത്രിക് ജനതാദൾ (എൽജെഡി), കോൺഗ്രസ് (എസ്) എന്നിവയുടെ കാര്യത്തിലാണ് അന്തിമ തീരുമാനമാകാത്തത്. കേരളാ കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടങ്കിലും ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതോടെ ചീഫ് വിപ്പ് പദവിയിലാണ് ജോസ് കെ മാണിയുടെ നോട്ടും.

1996 ലെ നായനാർ മന്ത്രിസഭയിൽ 6 എംഎൽഎമാരുണ്ടായിരുന്ന പി.ജെ.ജോസഫ് വിഭാഗത്തിനും 5 എംഎൽഎമാരുണ്ടായിരുന്ന ആർഎസ്‌പിക്കും ഒരു മന്ത്രി വീതമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് രണ്ട് മന്ത്രിസ്ഥാനം തൽക്കാലം പ്രതീക്ഷിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ വാദം. അതേസമയം ജനതാദളും എൽജെഡിയും ലയിക്കണമെന്ന നിർദ്ദേശം നടപ്പാകാത്തതിനാൽ എൽജെഡിക്ക് സാധ്യത മങ്ങിയിട്ടുണ്ട്.

കഴിഞ്ഞ 2 എൽഡിഎഫ് മന്ത്രിസഭകളിൽ പ്രാതിനിധ്യം ഉണ്ടായിരുന്നതിനാൽ രാമചന്ദ്രൻ കടന്നപ്പള്ളിക്കു സാധ്യത കുറഞ്ഞിട്ടുണ്ട്. . ഈ സാഹചര്യത്തിൽ ഒറ്റ അംഗമുള്ള പാർട്ടികളിൽ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കെ.ബി.ഗണേശ്‌കുമാർ (കേരളകോൺഗ്രസ്ബി) എന്നിവരെ പരിഗണിക്കുമെന്നാണു സൂചന. ആന്റണി രാജുവിനൊപ്പം മന്ത്രിസ്ഥാനം ഷെയർ ചെയ്യാമോ എന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും. വകുപ്പു വിഭജനം സംബന്ധിച്ച ചർച്ചകളും സമാന്തരമായി നടക്കും. സിപിഎം സിപിഐ ചർച്ചയും ഇന്നു നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം സിപിഐയിൽ ആരൊക്കെ മന്ത്രിമാരാകും എന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ പോരു നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പി പ്രസാദും കെ രാജനും മന്ത്രിമാരാകുമെന്ന കാര്യം ഉറപ്പാണ്. അതേസമയം ജില്ലാ ഘടകങ്ങളുടെ സമ്മർദ്ദനും ഗ്രൂപ്പുകളിയുമെല്ലാം മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ നിർണായക ഘടകമായി മാറും. അവശേഷിക്കുന്ന രണ്ട് മന്ത്രിമാരുടെ കാര്യത്തിലും ഡെപ്യൂട്ടി സ്പീക്കറുടെ കാര്യത്തിലുമാണ് കൂടുതൽ വ്യക്തത വരേണ്ടത്.

17 എംഎൽഎമാരിൽ ചിറ്റയം ഗോപകുമാർ, സി.കെ.ആശ, വി.ശശി എന്നിവർ പട്ടികജാതി വിഭാഗത്തിലുള്ളവരാണ് ഇവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന നിർദ്ദേശവും പരിഗണനയിലുണ്ട്. അതേസമയം കൊല്ലത്തു നിന്നു ജയിച്ച 3 എംഎൽഎമാരും മന്ത്രിപദ മോഹത്തിലാണ്. സംസ്ഥാന നിർവാഹക സമിതിയും ദേശീയ കൗൺസിലിലും അംഗമായ ജെ ചിഞ്ചുറാണിക്ക് മന്ത്രിസ്ഥാനത്ത് സാധ്യതയുണ്ട്. അതേസമയം മൂന്നാം തവണ എംഎൽഎ ആകുന്ന സംസ്ഥാന കൗൺസിൽ അംഗം പി.എസ്.സുപാലിന് അവസരം കൊടുക്കണമെന്നും ശക്തമായ സമ്മർദമുണ്ട്.

മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ചവർക്കു വീണ്ടും ടിക്കറ്റ് നൽകില്ലെന്ന വ്യവസ്ഥ പ്രകാരം സുപാലിന് ഇനി സാധ്യതയില്ലെന്നും വാദമുണ്ട്. സീനിയർ എംഎൽഎ ആയ സി.എസ്.ജയലാലിനു വേണ്ടിയും ഇതേ വാദം ഉയരുന്നുണ്ട്. അതേസമയം മത്സരിച്ച 2 സീറ്റിലും ജയിച്ച തിരുവനന്തപുരത്തിന് മന്ത്രിസഭയിൽ അർഹത നൽകണമെന്ന വാദവും ശക്തമാണ്. ഡപ്യൂട്ടി സ്പീക്കർ വി.ശശിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആർ.അനിലും ആണ് ജില്ലയിൽ നിന്നു ജയിച്ചത്.

നിലവിലെ മന്ത്രി ഇ.ചന്ദ്രശേഖരനെ വീണ്ടും പരിഗണിക്കാനിടയില്ലാതിരിക്കെ ഡപ്യൂട്ടി സ്പീക്കർ ശശിക്ക് രണ്ടാം ടേമിൽ മന്ത്രിസ്ഥാനം നൽകാൻ സാധ്യത കുറവാണ്. മുതിർന്ന എംഎൽഎയും സംസ്ഥാന കൗൺസിൽ അംഗവുമായ ഇ.കെ.വിജയനാണ് (നാദാപുരം) സാധ്യതാ പട്ടികയിലുള്ള മറ്റൊരു അംഗം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടായിരിക്കും നിർണായകം. 18ലെ സംസ്ഥാന നിർവാഹക സമിതിയിൽ കാനം വയ്ക്കുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആ യോഗവും തുടർന്ന് ഓൺലൈനായി ചേരുന്ന സംസ്ഥാന കൗൺസിലും മന്ത്രിമാരെ നിശ്ചയിക്കും.

അതേസമയം സിപിഎമ്മിൽ നിന്നും ആരൊക്കെ മന്ത്രിമാരാകും എന്ന കാര്യത്തിലും ഇനിയും വ്യക്തത കൈവരാനുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ എം.എം.മണി തുടങ്ങിയവർ തുടരാനാണ് സാധ്യത. എ.സി.മൊയ്തീനും ഒരവസരം കൂടി ലഭിച്ചേക്കും. കേന്ദ്ര കമ്മിറ്റി അംഗമായ എം വിഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവർ പുതുതായി മന്ത്രിസഭയിലെത്തുന്നവരുടെ സാധ്യതാ പട്ടികയിലുണ്ട്. ഇതിൽ മാറ്റം വരാനിടയില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. വി.ശിവൻകുട്ടി, വി.എൻ.വാസവൻ, എം.ബി.രാജേഷ്, വീണാ ജോർജ്, ചിത്തരഞ്ജൻ, വി.അബ്ദുറഹിമാൻ എന്നിവരിൽ ആർക്കൊക്കെ നറുക്കു വീഴും എന്നാണ് അറിയേണ്ടത്.