- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിൽ ബിജെപിയുടെ താമര വിരിയിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് സിപിഎമ്മും മുസ്ലിംലീഗും; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം തടയാൻ മുന്നണിക്ക് പുറത്ത് നീക്കുപോക്കുകൾ; ദേശാഭിമാനിയിലും ചന്ദ്രികയിലും പരസ്പ്പരം കുറ്റപ്പെടുത്തുന്ന ലേഖനങ്ങളും വാർത്തകളും അരുതെന്ന് നിർദ്ദേശം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള തിരക്കു പിടിച്ച നെട്ടോട്ടത്തിൽ മാത്രമല്ല, ചില അഡ്ജസ്റ്റ്‌മെന്റ് സമവാക്യങ്ങളും പയറ്റാനുള്ള തീരുമാനത്തിലാണ് പ്രമുഖ പാർട്ടികൾ. ഈ തെരഞ്ഞെടുപ്പിൽ ഇടത് - വലത് കക്ഷികളെല്ലാം ഒരുപോലെ പ്രതിരോധിക്കുക ബിജെപിയായിരിക്കും. അടുത്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള തിരക്കു പിടിച്ച നെട്ടോട്ടത്തിൽ മാത്രമല്ല, ചില അഡ്ജസ്റ്റ്‌മെന്റ് സമവാക്യങ്ങളും പയറ്റാനുള്ള തീരുമാനത്തിലാണ് പ്രമുഖ പാർട്ടികൾ. ഈ തെരഞ്ഞെടുപ്പിൽ ഇടത് - വലത് കക്ഷികളെല്ലാം ഒരുപോലെ പ്രതിരോധിക്കുക ബിജെപിയായിരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുന്നതിനായി കാത്തിരിക്കുകയാണ് ബിജെപി. ഇതിനായി പരമാവധി സാമുദായിക വോട്ടുകളിൽ പിടിമുറുക്കാനുള്ള ശ്രമവും ബിജെപി തുടങ്ങി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയം തദ്ദേശ തെരഞ്ഞടുപ്പിന്റെ വിജയത്തെ ആശ്രയിച്ചായിരിക്കുമെന്നതിനാൽ ബിജെപി ഇത്തവണ നേരത്തെ ഗോഥയിലേക്കിറങ്ങിയിട്ടുണ്ട്. എന്നാൽ മലബാറിലെ പ്രധാന പാർട്ടികളെല്ലാം എന്ത് വിലകൊടുത്തും ഭാരതീയ ജനതാ പാർട്ടിയെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി ചില രഹസ്യചർച്ചകളും തുടങ്ങി കഴിഞ്ഞു.
ബിജെപിയുടെ കടന്നു വരവോടുകൂടി ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുന്നത് സിപിഐഎം ഉൾപ്പടെയുള്ള ഇടത് പാർട്ടികളായിരിക്കും. അതിനാൽ ബിജെപിക്കതിരെ പ്രതിരോധവുമായി മുൻപന്തിയിലുള്ളതും സിപിഐ(എം) തന്നെയാണ്. ഒരേസമയം യുഡിഎഫിനെയും ബിജെപിയെയും ഇതര കക്ഷികളെയും പ്രതിരോധിക്കേണ്ടി വരുമെന്നതിനാലാണ് കുറുക്കുവഴികളുടെ സമവാക്യങ്ങൾ തേടാൻ നേതാക്കൾ നിർബന്ധിതരായിരിക്കുന്നത്. മലബാറിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും വ്യക്തമായ പ്രാതിനിധ്യമുള്ള മുസ്ലിം ലീഗും, കോൺഗ്രസും ബിജെപിയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാൽ ബിജെപിയുടെ വളർച്ചയിൽ കോൺഗ്രസിനു കാര്യമായി പ്രതിരോധം സൃഷ്ടിക്കാൻ കഴിയില്ലെന്ന് ലീഗ് നേതൃത്വത്തിന് ഇടയിൽ തന്നെ അഭിപ്രായമുണ്ട്. സഘ്പരിവാർ ശക്തികളെ ആരുമായി കൂട്ടുകൂടിയും തുടച്ചു നീക്കുകയെന്നതാണ് ലീഗിന്റെയും അജണ്ട. അതേസമയം കോൺഗ്രസ് നേതൃത്വം ബിജെപിക്കെതിരെ പടയൊരുക്കം ശക്തമാക്കുമ്പോഴും താഴെതട്ടിലുള്ള അണികളിലേക്ക് ഇതെത്തുന്നില്ലെന്നാണ് വസ്തുത.
ബിജെപിയെ പ്രതിരോധിക്കാൻ സിപിഎമ്മിന് ഇനിയുള്ള മാർഗം ലീഗാണ്. ഇതിനാൽ, ബിജെപി ഭരണം കയ്യാളാൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളോ വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലോ മുൻതൂക്കമുള്ളവരെ വിജയിപ്പിക്കുക എന്ന പരസ്പര ധാരണയാണ് ലീഗും സിപിഐ(എം)ഉം തമ്മിൽ ഉണ്ടാക്കിയിട്ടുള്ളത്. ഈ രണ്ടു പാർട്ടികളിൽ വിജയ സാധ്യതയുള്ളത് ആർക്കാണോ അവർക്കായിരിക്കും ധാരണ പ്രകാരം വോട്ടു മറിക്കുക. ബിജെപിയെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തുടച്ചു മാറ്റുകയെന്നതാണ് ചുരുക്കം.
സിപിഎമ്മിന്റെയും ലീഗിന്റെയും ശക്തി കേന്ദ്രമായ കണ്ണൂരിലും മലപ്പുറത്തും അടക്കം ബിജെപിയുടെ വളർച്ചയാണ് ഇവരെ ഇത്തരം കൂട്ടുകെട്ടിലേക്കു എത്തിച്ചിരിക്കുന്നത്. വർഗീയ അജണ്ടയുള്ള ബിജെപിയെ പ്രതിരോധിക്കാൻ ഏറ്റവും കൂടുതൽ സാധിക്കുക സിപിഎമ്മിനായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗ് സിപിഎമ്മുമായി കൂട്ടുകാടാൻ തീരുമാനിച്ചത്. എന്നാൽ രഹസ്യ ധാരണ അണികളോടും പരസ്യമാക്കാതെ വച്ചിരിക്കുകയാണ് ഇരു പാർട്ടികളും. ഒന്നര മാസം മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. എന്നാൽ പാർട്ടികൾ ചുമതലപ്പെടുത്തിയവർ തമ്മിൽ പലയിടത്തായി നടത്തിയ രഹസ്യ ചർച്ചകൾക്കുമൊടുവിൽ ഇത്തരം സമവാക്യം രൂപപ്പെടുത്തുകയായിരുന്നു.
പിണറായി പക്ഷത്തിന്റെ താൽപര്യപ്രകാരമായിരുന്നു ലീഗ് അടക്കമുള്ള പാർട്ടികളുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കുകയെന്ന രഹസ്യ ധാരണക്കു പുറമെ ചില രാഷ്ട്രീയ വിഷയങ്ങളിലും ഇരു പാർട്ടികളും ധാരണയിലെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രധാന ആരോപണങ്ങളും കേസും കുത്തിപ്പൊക്കരുതെന്നതാണ് ഇതിൽ പ്രധാനം. പാർട്ടി പത്രങ്ങളായ ദേശാഭിമാനി, ചന്ദ്രിക എന്നിവയിലൂടെ പരസ്പരം വിവാദപരമായതോ പാർട്ടിക്കു ദോഷം സംഭവിക്കുന്നതോ ആയ ലേഖനങ്ങൾ, വാർത്തകൾ നൽകാതിരിക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യണമെന്നും ധാരണയുണ്ട്.
ഇതനുസരിച്ച് ഇരു പത്രങ്ങളുടെയും പത്രാധിപർക്കും ബന്ധപ്പെട്ട എഡിറ്റർമാർക്കും അതാത് പാർട്ടിക്കാർ നിർദ്ദേശം നൽകിയിട്ടുമുണ്ട്. എന്നാൽ ഇത്തരം രഹസ്യ ചർച്ചകൾ ഒരു വശത്ത് ശക്തമായി മുന്നോട്ടു പോകുമ്പോഴും സിപിഎമ്മിലും ലീഗിലുമുള്ള ഒരുവിഭാഗത്തിന് ഇതിനോട് എതിർപ്പെണ്ടെന്നാണ് അറിയുന്നത്. വർഗീയ പാർട്ടിയായി കണ്ടിരുന്ന ലീഗുമായി എങ്ങിനെ ധാരണയുണ്ടാക്കുമെന്നാണ് സിപിഐ(എം)മ്മിലെ ഒരു വിഭാഗത്തിന്റെ ചോദ്യം. എന്നാൽ ബിജെപിയെ പ്രതിരോധിക്കാൻ എന്ത് വഴിയും സ്വീകരിക്കേണ്ട സാഹചര്യമാണെന്നാണ് മറുപക്ഷം. ഈ തെരഞ്ഞെടുപ്പിൽ ലീഗും പ്രധാനമായും പ്രതിരോധിക്കുക ബിജെപിയെ ആയിരിക്കും. എന്നാൽ സിപിഐ(എം)-ലീഗ് മത്സരം വരുന്ന ഇടങ്ങളിൽ ശക്തമായ മത്സരം കാഴ്‌ച്ചവച്ച് വിജയിക്കുകയെന്നതാണ് ലീഗിന്റെ അജണ്ട.
മുസ്ലിംലീഗിനു പുറമെ ബിജെപിയെ പ്രതിരോധിക്കാൻ കേരളാ കോൺഗ്രസുമായും ചില രഹസ്യ ചർച്ചകൾ സിപിഐ(എം) നടത്തിയെന്നാണ് അറിയുന്നത്. എന്നാൽ ബാർകോഴ വിവാദം വിട്ടുമാറാത്ത സാഹചര്യത്തിൽ സിപിഎമ്മിന് എതിരായി ബാധിക്കുമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. എന്നാൽ കേരളാ കോൺഗ്രസ് (എം) ന്റെ ശക്തി കേന്ദ്രങ്ങളിലും അല്ലാത്തിടത്തും ബിജെപിയെ പ്രതിരോധിക്കാൻ സിപിഎമ്മുമായി ഇതേ സമവാക്യം പഴറ്റാൻ തന്നെയാണ് സാധ്യത. ഇടതുപക്ഷവും മറ്റു ചെറുകക്ഷികളും ഭിന്നിച്ചു നിന്നതാണ് കേന്ദ്രത്തിലടക്കം ബിജെപി ഭരണത്തിലെത്തിയതെന്നും ഇത് കേരളത്തിൽ അനുവധിക്കില്ലെന്നതുമാണ് സിപിഐ(എം) വ്യക്തമാക്കുന്നത്.
അതേസമയം സിപിഎമ്മിൽ നിന്നും അടർത്തിമാറ്റിയ പ്രവർത്തകരെ പ്രത്യേക പരിശീലനം നൽകി മത്സര രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. മലബാറിൽ പലയിടങ്ങളിലും ബിജെപി മത്സരിക്കുന്നത് സിപിഐ(എം) നേതാക്കളായിരുന്നവരെയാണ്. മാത്രമല്ല ഹിന്ദുവോട്ടുകൾ ഏകീകരിപ്പിക്കാനുള്ള ശ്രമവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ മറ്റു മുന്നണിയിലുള്ള പാർട്ടികളുമായി ധാരണ ഉണ്ടാക്കുന്നതിനു പുറമെ, മുന്നണി പ്രവേശനം കാത്തുകിടക്കുന്ന ഐഎൻഎൽ ഉൾപ്പടെയുള്ള കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലപ്പെടുത്താനും സിപിഎമ്മിന് പദ്ധതിയുണ്ട്.