തിരുവനന്തപുരം: യുഡിഎഫ് ഭരണത്തിൽ ഇരിക്കുമ്പോൾ എൻഎസ്എസ് രാഷ്ട്രീയത്തിൽ അമിതമായി തന്നെ ഇടപെടാറുണ്ടെന്നത് ഒരു രാഷ്ട്രീയ സത്യമാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് താക്കോൽ സ്ഥാനത്ത് രമേശ് ചെന്നിത്തലയെ പ്രതിഷ്ടിക്കാൻ വേണ്ടി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തിറങ്ങിയതൊക്കെ പഴയകഥയാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു സർക്കാർ അധികാരത്തിൽ ഏറിയപ്പോൾ സർക്കാറുമായി അനുരഞ്ജന പാതയിലായിരുന്നു ഈ സമുദായ നേതൃത്വം. സുകുമാരൻ നായർ കത്തു നൽകിയതിനെ തുടർന്നാണ് ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നോക്ക സമുദായ സംവരണം ഏർപ്പെടുത്തിയതും. എന്നാൽ കാലവും നിലപാടും മാറിയപ്പോൾ ഇപ്പോൾ സുകുമാരൻ നായരും പിണറായി വിജയനും ബദ്ധശത്രുക്കളായി മാറിയിട്ടുണ്ട്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഉണ്ടായ ഭിന്നത വെള്ളാപ്പള്ളിയെയും കൂട്ടരെയു അണിനിരത്തികൊണ്ടുള്ള നവോത്ഥാന വനിതാ മതിൽ നിർമ്മാണത്തിന്റെ പേരിൽ ഇരുവരെയും ശത്രുക്കളാക്കി മാറ്റുകയായിരുന്നു. ഈ വിഷയത്തിൽ സിപിഎമ്മും എൻഎസ്എസും നേർക്കുനേർ പോരാടുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും കളം നിറഞ്ഞതോടെ എൻഎസ്എസിനെ പിണക്കി അകറ്റേണ്ടെന്ന നയം തൽക്കാലത്തേക്കെങ്കിലും സിപിഎം കൈവിട്ടു.

മതിലിനെതിരായ എൻഎസ്എസ് നിലപാട് സിപിഎമ്മിന് അപ്രതീക്ഷിതമല്ല. എന്നാൽ ശബരിമല കർമസമിതിയുടെ 26 ലെ അയ്യപ്പജ്യോതിയെ പിന്തുണക്കണമെന്ന നായരുടെ പ്രസ്താവനയാണ് സിപിഎമ്മിനും സർക്കാറിനും ദഹിക്കാതിരുന്നത്. ആർഎസ്എസാണു കർമസമിതിക്കു പിന്നിലെന്നു വ്യക്തമാണ്. എന്നിട്ടും സുകുമാരൻ നായർ അങ്ങോട്ടു ചായുന്നത് സിപിഎം ജാഗ്രതയോടെയാണ് കാണുന്നത്. സിപിഎം നിരീക്ഷിക്കുന്നു. അതുകൊണ്ടാണ് എൻഎഎസിനെ ആർഎസ്എസ് വിഴുങ്ങുമെന്ന മുന്നറിയിപ്പ് കോടിയേരിയിൽ നിന്നുണ്ടായതും. വാർത്താ സമ്മേളനങ്ങളോടു കുറേ നാളായി വൈമുഖ്യം കാണിച്ചിരുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആ നിലപാട് ഉപേക്ഷിച്ച് അതേ നാണയത്തിൽ മറുപടി നൽകി.

ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാനാണു നീക്കമെന്ന കോടിയേരിയുടെ ആക്ഷേപത്തിനു മറുപടിയായി, മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ് എന്നു കോടിയേരി ഓർക്കണമെന്ന് സുകുമാരൻ നായർ പറഞ്ഞു. അതിനു ശ്രമിച്ചവരെല്ലാം നിരാശരായിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതവും മതേതരത്വത്തിന് ഉതകുന്നതും മന്നത്തു പത്മനാഭന്റെ ദർശനങ്ങളിൽ അധിഷ്ഠിതവുമായ നിലപാടാണ് എൻഎസ്എസിന്റേത്. ആക്ഷേപിക്കാൻ ശ്രമിക്കാതെ, ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിനു പറ്റിയ വീഴ്ച തിരുത്താനാണു ശ്രമിക്കേണ്ടത്. രാജ്യനന്മയ്ക്കായി മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി, ഈശ്വരവിശ്വാസം എന്നിവ സംരക്ഷിക്കുകയാണ് എൻഎസ്എസിന്റെ നിലപാട്. മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. എന്നും വിശ്വാസികൾക്കൊപ്പമാണ്; നിരീശ്വരവാദത്തിന് എതിരുംസുകുമാരൻ നായർ പറഞ്ഞു.

വനിതാ മതിലിൽ പങ്കെടുക്കുന്നവർ എൻഎസ്എസിലുണ്ടാകില്ലെന്നു പറഞ്ഞ ജനറൽ സെക്രട്ടറി, സംഘപരിവാർ സംഘടനയുടെ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്‌തെന്നാണ് കോടിയേരിയുടെ ആക്ഷേപം. അവരുടെ പരിപാടിയിൽ പങ്കെടുക്കരുതെന്നു കോൺഗ്രസും മറ്റും നിർദേശിപ്പിച്ചപ്പോൾ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് ആർഎസ്എസിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനല്ലാതെ എന്തിനാണ് ? 1959 ലെ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ രാഷ്ട്രീയത്തിലേക്ക് എൻഎസ്എസിനെ വീണ്ടും എത്തിക്കാനുള്ള നീക്കം വിപത്കരമാണെന്നും കോടിയേരി പറഞ്ഞു.

അതിനിടെ വിഷയത്തിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാരിനോട് കണ്ണുരുട്ടലും ഭീഷണിയും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കഴിഞ്ഞഉ. വിരട്ടൽ ചെലവാകുന്നിടത്തു മതി. ഇതൊന്നും കണ്ടു ഭയപ്പെടുന്നവരല്ല കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത് സുകുമാരൻ നായരെ ഉദ്ദേശിച്ചു തന്നെയായിരുന്നു. ഇതിന് മറുപടിയുമായി സുകുമാരൻ നായരും രംഗത്തെത്തി. മന്നത്ത് പത്മനാഭനെ തള്ളിപ്പറഞ്ഞവർ ഇപ്പോൾ അംഗീകരിക്കുന്നില്ലേ എന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. 1957 ൽ മന്നത്തു പത്മനാഭൻ നിങ്ങൾക്ക് അഭിമതനായിരുന്നു. എന്നാൽ 1959 ലെ സംഭവങ്ങളെത്തുടർന്നു മന്നത്തു പത്മനാഭനെ അനഭിമതനാക്കിയത് ആരാണ്? മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഇന്നു നിങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നു. അദ്ദേഹത്തെ നെഞ്ചിലേറ്റി, എൻഎസ്എസ് നേതൃത്വത്തെ ആക്ഷേപിക്കാതെ വീഴ്ച തിരുത്താൻ കോടിയേരി തയാറാവണം.

അതേസമയം മതനിരപേക്ഷ നവോത്ഥാന സമൂഹം പടുത്തുയർത്തുന്നതിലെ മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എൻഎസ്എസ് നേതൃത്വം ഉയർത്തിപ്പിടിക്കണന്നായിരുന്നു കോടിയേരിയുടെ മറുപടി. 1958-59 കാലയളവിൽ വിമോചന സമരത്തിനു മന്നം നേതൃത്വം കൊടുത്തൂവെന്നതു യാഥാർഥ്യമാണ്. ഈ ചെറിയ കാലത്തൊഴികെ പൊതുവിൽ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണു മന്നം ചെയ്തതെന്നും സുകുമാരൻ നായർ ഓർമ്മിപ്പിച്ചു.

ഇങ്ങനെ കൊണ്ടും കൊടുത്തു നീങ്ങുകയാണ് ഇരു പ്രസ്താനങ്ങളും. ആചാരസംരക്ഷണം എൻഎസ്എസ് നയമാണെന്നിരിക്കെ, അതിന്റെ പേരിൽ അവരെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നു സിപിഎം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയും എൻഎസ്എസ് ജനറൽ സെക്രട്ടറിയും തമ്മിൽ അകന്നുവെങ്കിലും സിപിഎം നേതാക്കളും മന്ത്രിമാരും അവരുമായുള്ള സമ്പർക്കം വിട്ടില്ല. എന്നാൽ വനിതാ മതിൽ പ്രഖ്യാപനം പോർമുഖം തുറക്കുന്നതിനു തുടക്കമായി. മുഖ്യമന്ത്രി വിളിച്ച ഹിന്ദു സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാൻ ഒരു സാധാരണ സർക്കാർതല ക്ഷണം മാത്രം കിട്ടിയതും എൻഎസ്എസിനെ പ്രകോപിപ്പിച്ചു. ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായരെ ദൂതനായി പെരുന്നയിലേക്ക് അയയ്ക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും സംഭാഷണത്തിനു സംഘടന തയാറായില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

മതിലിൽ അണിചേരാനുള്ള സർക്കാർ സമ്മർദം എൻഎസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക കൂടി ചെയ്തതോടെയാണു ജി. സുകുമാരൻ നായർ പരസ്യമായി തിരിഞ്ഞത്. ബിജെപി പാളയത്തിലേക്ക് എൻഎസ്എസ് അടുക്കുന്നുവെന്ന ആക്ഷേപം എൻഎസ്എസ് കേന്ദ്രങ്ങൾ നിഷേധിക്കുന്നു. ആചാരസംരക്ഷണത്തിന് ആത്മാർഥമായി സഹായിക്കുന്നവർക്കും കൂടെ നിൽക്കുന്നവർക്കും സമുദായത്തിന്റെ സ്‌നേഹം കിട്ടും. ആത്മാർഥത തെളിയിക്കേണ്ടതു ബിജെപിയുടെയും കോൺഗ്രസിന്റെയും ഉത്തരവാദിത്തമാണെന്നതാണു നയം. ആവശ്യമെങ്കിൽ യുവതീപ്രവേശത്തിനെതിരെ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണമെന്ന നിലപാടാണ് എൻഎസ്എസിന്റേത്. അതിനു തയാറായില്ലെങ്കിൽ ബിജെപിയെയും തുറന്നുകാട്ടുമെന്ന മുന്നറിയിപ്പ് പെരുന്നയിൽ നിന്ന് ഉയർന്നുകഴിഞ്ഞു.

വനിതാ മതിലിൽ 30 ലക്ഷം പോര അണിനിരത്തും, ട്രെയലും നടത്തും

വിവിധ കോണുകളിൽ നിന്നും എതിർപ്പ് ശക്തമാകുമ്പോൾ തന്നെ വനിതാ മതിൽ വൻ വിജയമാക്കി മാറ്റാൻ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. 'വർഗീയ മതിലെ'ന്നു പ്രതിപക്ഷം എതിർക്കുന്ന വനിതാ മതിലിനെ സ്‌നേഹമതിലാക്കി മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ നിർദേശിച്ചു. ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ 30 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കുമെന്നു യോഗം വിലയിരുത്തി.

കണ്ണൂരിൽ അഞ്ചു ലക്ഷം പേരെയും മതിലിന് ഏറ്റവും നീളമുണ്ടാകുന്ന ആലപ്പുഴയിൽ നാലു ലക്ഷം പേരെയും പങ്കെടുപ്പിക്കും. മറ്റ്് ഏഴു ജില്ലകളിൽ 3 3.25 ലക്ഷം പേരെ വീതം പങ്കെടുപ്പിക്കും. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളിൽ മതിൽ ഇല്ല. ഈ ജില്ലകളിൽ നിന്നുള്ള 45,000 മുതൽ 55,000 വരെ വനിതകളെ മറ്റു ജില്ലകളിൽ വിന്യസിക്കും. വനിതാ മതിൽ കാണാൻ ലക്ഷക്കണക്കിനു പുരുഷന്മാരും എത്തുമെന്ന പ്രതീക്ഷയും യോഗം പങ്കുവച്ചു.

ഓരോ ജില്ലയിലെയും തയ്യാറെടുപ്പുകൾ ചുമതലയുള്ള മന്ത്രിമാർ വിശദീകരിച്ചു. ദേശീയപാത ഏറ്റവും കൂടുതൽ കടന്നു പോകുന്ന ആലപ്പുഴയിൽ 78 കിലോമീറ്ററാണു മതിൽ ഒരുക്കേണ്ടത്. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കിനുമാണ് അവിടെ ചുമതല. ജനുവരി ഒന്നിന് 3.30 ന് വനിതാ മതിലിന്റെ ട്രയൽ റൺ നടക്കും. നാലിനു മതിൽ ഒരുക്കും. തുടർന്നു പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളിൽ പ്രമുഖർ പങ്കെടുക്കും. ഓരോ ജില്ലയിലും 30 പൊതു സമ്മേളനങ്ങളെങ്കിലും സംഘടിപ്പിക്കാനാണു തീരുമാനം. മന്ത്രിമാർ ഉൾപ്പെടെ വനിതാ മതിലിൽ അണിനിരക്കും. സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് ഇക്കാര്യം മന്ത്രിസഭ വിശദമായി ചർച്ച ചെയ്തത്.

കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, ലൈബ്രറി കൗൺസിലിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാരവാഹികൾ തുടങ്ങിയവരെയും മതിലിന്റെ ഭാഗമാക്കും. വാർഡ് തലത്തിൽ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ വിവിധ കേന്ദ്രങ്ങളിലെത്തി പങ്കെടുക്കണം. വനിതാ ശാക്തീകരണത്തിനു സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിൽ മാറ്റിവച്ച തുക ഉപയോഗിച്ചു നോട്ടിസും പോസ്റ്ററുകളും അച്ചടിക്കുന്നതിൽ തെറ്റില്ലെന്നും യോഗം വിലയിരുത്തി. വിവിധ സമുദായ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാരവാഹികളായ കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളും മതിലിന്റെ ഭാഗമാകുമെന്നു മന്ത്രിമാർ പറഞ്ഞു. എല്ലാ മതത്തിലും പെട്ട വനിതകൾ അണിനിരക്കുന്ന മതിലിനു വരുംദിവസങ്ങളിൽ കൂടുതൽ സമുദായങ്ങൾ പിന്തുണ നൽകുമെന്നു യോഗം വിലയിരുത്തി.

സർക്കാർ പണം ചെലവാക്കുന്നോ എന്നാരാഞ്ഞ് ഹൈക്കോടതി

വനിതാ മതിലിന്റെ പരസ്യത്തിനുവേണ്ടി സർക്കാർ പണം ചെലവാക്കിയിട്ടുണ്ടോ എന്നു ഹൈക്കോടതി ആരാഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ ഉപഹർജിയാണു കോടതി പരിഗണിക്കുന്നത്. പ്രളയ ബാധിതർക്കുള്ള പദ്ധതികൾ സംബന്ധിച്ചു പരസ്യം നൽകാൻ കോടതി നിർദേശിച്ചപ്പോൾ സാമ്പത്തിക ശേഷിയില്ലെന്നാണു സർക്കാർ അറിയിച്ചതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വനിതാമതിലിനു സർക്കാർ പണം ചെലവിടുകയാണ്. ചെലവാക്കുന്ന പണം എത്രയെന്നോ, ചെലവ് ഏതു വകുപ്പിൽ നിന്നാണെന്നോ സർക്കാരിനു വിശദീകരിക്കാനാവുന്നില്ലെന്ന് ആരോപിച്ചാണ് ഉപഹർജി.