ഹൈദരാബാദ്: സിപിഎം. 22-ാം പാർട്ടി കോൺഗ്രസിന് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ ബുധനാഴ്ച കൊടിയുയരും. എല്ലാ സജ്ജീകരണങ്ങളും സമ്മേളനത്തിനായി പൂർത്തിയായി കഴിഞ്ഞു. മുഹമ്മദ് അമീൻ നഗറിൽ (ആർ.ടി.സി. കലാഭവൻ) തെലങ്കാന സായുധപ്രക്ഷോഭ നേതാക്കളിലൊരാളായ മല്ലു സ്വരാജ്യം പതാകയുയർത്തും. കാലത്ത് 10-ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിർവഹിക്കും. പി.ബി. അംഗം മണിക് സർക്കാറിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുക. 95കാരനായ വി എസ് അച്യുതാനന്ദനായാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ഏറ്റവും മുതിർന്ന അംഗം. അദ്ദേഹം സമ്മേളനത്തിനായി ഹൈദരാബാദിൽ എത്തിയിട്ടുണ്ട്.

കേരളത്തിൽനിന്നുള്ള കെ. രാധാകൃഷ്ണൻ പ്രസീഡിയത്തിൽ അംഗമാണ്. അഞ്ചുദിവസത്തെ സമ്മേളനം ഞായറാഴ്ച വൈകീട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും. ജന്മിത്തത്തിനെതിരേ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിൽ ആയിരക്കണക്കിനു പ്രവർത്തകരെ ബലികൊടുത്ത തെലങ്കാനയുടെ മണ്ണിൽ നടക്കുന്ന 22-ാം പാർട്ടി കോൺഗ്രസ് സിപിഎമ്മിനെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതാണ്.

പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിനു പിന്നാലെ ത്രിപുരയും കൈവിട്ടതിന്റെ ആഘാതം ഒരുഭാഗത്ത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട രാഷ്ട്രീയ അടവുനയം സംബന്ധിച്ച ആശയക്കുഴപ്പം മറുഭാഗത്ത്. ബിജെപി.യെ അധികാരത്തിൽനിന്ന് പുറത്താക്കാൻ മതേതരകക്ഷികളുമായി ഏതുതരത്തിൽ സഹകരിക്കാം എന്നതു സംബന്ധിച്ച് നേതൃത്വത്തിൽ ചേരിതിരിവുണ്ട്. പ്രധാനമായും കോൺഗ്രസ് ബന്ധച്ചെ ചൊല്ലിയാകും പാർട്ടിയിൽ ചർച്ചകൾ നടക്കുക.

കരട് രാഷ്ട്രീയ പ്രമേയത്തെ ചൊല്ലിയുള്ള ഭിന്നത സിപിഎമ്മിൽ രൂക്ഷമാണ്. പാർട്ടി കോൺഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. എന്നാൽ രേഖയുടെ ഉള്ളടക്കത്തോട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിയോജിപ്പാണ്. കരട് രാഷ്ട്രീയ പ്രമേയത്തിന് യെച്ചൂരി ബദൽരേഖ അവതരിപ്പിക്കുമെന്നാണ് സൂചന. യെച്ചൂരി കോൺഗ്രസ് ബന്ധം വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതാണ് ഭിന്നത രൂക്ഷമാകാൻ കാരണം.പാർട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച് കരട് രാഷ്ട്രീയ പ്രമേയത്തിന് ജനറൽ സെക്രട്ടറി തന്നെ ബദൽരേഖയുമായി വരുന്നുവെന്ന വൈരുദ്ധ്യമാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്.

കോൺഗ്രസ്സുമായുള്ള സഹകരണത്തിൽ മൂന്ന് തവണ ചേർന്ന കേന്ദ്രക്കമ്മിറ്റിയും മൂന്ന് പോളിറ്റ് ബ്യൂറോ യോഗങ്ങളും ചർച്ച ചെയ്ത്, കൊൽക്കത്തയിൽ ചേർന്ന കേന്ദ്രക്കമ്മിറ്റിയിൽ ബന്ധം വേണ്ടെന്ന് തീരുമാനിച്ചതാണ്. അന്ന് വോട്ടിനിട്ട് പരാജയപ്പെട്ട അതേ ബദൽ രേഖയാണ് യെച്ചൂരി അവതരിപ്പിക്കുന്നത്. ബുധാഴ്‌ച്ച ഉച്ചയോടെയായിരിക്കും രേഖകൾ അവതരിപ്പിക്കുക.അതേസമയം, ഇരുപക്ഷത്തെയും അനുനയിപ്പിക്കാൻ മണിക് സർക്കാർ പരിശ്രമിക്കുന്നതായാണ് വിവരം.

അതേസമയം, സിപിഐയെ ഒഴിവാക്കി ഇടത് ഐക്യമില്ലെന്ന് വിശദമാക്കുന്ന സംഘടനാ റിപ്പോർട്ട് പുറത്തുവന്നു.ഇടതു ഐക്യം വിപുലപ്പെടുത്തുന്നതിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസ് വിലയിരുത്തിയിരുന്നു. നേരത്തെ നാലു ഇടതു പാർട്ടികളാണ് ദേശീയ തലത്തിൽ ഒന്നിച്ചുണ്ടായിരുന്നത്. ഇപ്പോൾ അത് ആറായിരിക്കുന്നു. എന്നാൽ ഇടതു ഐക്യം ശക്തിപ്പെടുത്തുന്നതിൽ ചില പ്രശ്നങ്ങൾ ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിനു ശേഷം ഉണ്ടായി.

നേതാക്കൾക്കിടയിൽ കടുത്ത ഭിന്നതയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയനിലപാടിലെ ഭിന്നത ഇടത് കൂട്ടായ്മയെ ബാധിച്ചു. കോൺഗ്രസിനോട് സഹകരിക്കാമെന്ന സിപിഐ നിലപാടിനോട് വിയോജിപ്പെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. പാർട്ടിക്കുണ്ടായിരുന്ന ശക്തിയും ബഹുജനാടിത്തറയും തകർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിലെ തോൽവി അടിത്തറ നഷ്ടമായതിന് തെളിവാണെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

ഇടതു ജനാധിപത്യമുന്നണിയുടെ മർമ്മസ്ഥാനത്ത് സിപിഐയും വേണം. കേരളത്തിൽ ആർ.എസ്‌പിയും ഫോർവേഡ് ബ്ളോക്കും പോയത് ഇടത് ഐക്യത്തെ ബാധിച്ചു. ബംഗാൾ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്നും റിപ്പോർട്ട്. പാർട്ടി സെന്ററിൽ നിന്ന് ചർച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായ ചോർച്ച നടക്കുന്നുവെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ ശക്തിയും ബഹുജനാടിത്തറയും ഇടിഞ്ഞെന്നും തെരഞ്ഞെടുപ്പ് തോൽവികൾ അടിത്തറ ഇടിഞ്ഞതിന് ഉദാഹരണമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിപിഎമ്മിന്റെ തീരുമാനങ്ങൾ എന്താകും എന്നറിയിൽ ദേശീയകക്ഷികൾ അടത്തം കാതോർത്തിരിക്കയാണ്. 763 പ്രതിനിധികളും 70 നിരീക്ഷകരുമടക്കം വലിയ സംഘംതന്നെ ഹൈദരാബാദിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പൊളിറ്റ് ബ്യൂറോ യോഗവും കേന്ദ്രകമ്മിറ്റി യോഗവും ചേർന്ന് അജൻഡ നിശ്ചയിച്ചു. വിവിധ ഇടതുനേതാക്കളെ ഉദ്ഘാടന സമ്മേളനത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.