- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹുണ്ടിക പിരിവുവഴി നാലുകോടി; സംഘാടനത്തിന് പരമ്പരാഗതരീതികൾ വിട്ട് സിപിഎം പ്രൊഫഷണലായി; പ്രചാരണങ്ങളിൽ നിറഞ്ഞതും വൈവിദ്ധ്യങ്ങൾ; എല്ലാത്തിനും ചുക്കാൻ പിടിച്ച് മൂന്ന് നേതാക്കൾ; സാമ്പത്തിക ഞെരുക്കത്തിൽ നാട് വലയുമ്പോഴും 'കളറായി' പാർട്ടി കോൺഗ്രസ്
കണ്ണൂർ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിനായി പാർട്ടിയുടെ കരുത്തുറ്റ കോട്ടയായ കണ്ണൂരിനെ സമ്പൂർണ സജ്ജമാക്കി മാറ്റിയ സംഘാടന മികവ് പ്രകടമാക്കിയാണ് ഇത്തവണ സമ്മേളനത്തിന് തുടക്കമിട്ടത്. ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിൽ പ്രവർത്തകരും നേതാക്കളും ഒരുപോലെ മുഴുകിയതോടെ അക്ഷരാർത്ഥത്തിൽ നേതൃത്വത്തെയും അണികളെയും ഒരുപോലെ ആവേശത്തിലാക്കുന്ന കാഴ്ചകളാണ് കണ്ണൂരിൽ ഇത്തവണ കണ്ടത്. കണ്ണൂർ ഇതുവരെ കാണാത്ത വിധത്തിൽ നാടിളക്കിയുള്ള പ്രചാരണമാണ് പാർട്ടി കോൺഗ്രസിനായി നടന്നത്.
ആറുമാസം മുൻപ് പാർട്ടികോൺഗ്രസ് പ്രഖ്യാപിച്ചതു മുതൽ ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നവും ശക്തവുമായ കേഡർ പാർട്ടിയുടെ ഏറ്റവും കരുത്തേറിയ ഘടകമായ കണ്ണൂരിൽ മഹാസമ്മേളനത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. സാമ്പത്തിക ഞെരുക്കത്തിൽ സർക്കാരും ജനങ്ങളും വലയുമ്പോഴും പാർട്ടി സമ്മേളനം കളറാക്കാൻ കൈമെയ് മറന്ന് നേതാക്കളും അണികളും പരിശ്രമിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. ഇതിനിടയിൽ കോവിഡ് മഹാമാരിവീണ്ടുമെത്തുമെന്ന ആശങ്ക ശക്തമായിരുന്നുവെങ്കിലും കൃത്യമായ പ്ലാനിംഗിനും സംഘടനാമികവിനും തടസമായില്ല.
ബ്രാഞ്ച് സമ്മേളനം മുതൽ ജില്ലാസമ്മേളനംവരെ സമയബന്ധിതമായി നടത്താനും ബ്രാഞ്ച് തലം മുതലുള്ള ഘടകങ്ങളെ പാർട്ടി കോൺഗ്രസിന് സജ്ജമാക്കാനും ജില്ലാസെക്രട്ടറി എം വിജയരാജന്റെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു.
ഹുണ്ടിക പിരിവുവഴി നാലുകോടിയിലേറെ പിരിഞ്ഞുകിട്ടിയതും പാർട്ടി കോൺഗ്രസ് ഉജ്ജ്വലമാക്കാനുള്ള നീക്കത്തിന് കരുത്തായി. ബ്രാഞ്ച് മുതൽ ലോക്കൽ, ഏരിയാകമ്മിറ്റികൾ ഉയർത്തിയ സംഘാടകസമിതി ഓഫിസുകളും പ്രചാരണങ്ങളും വ്യത്യസ്തവും വൈവിദ്ധ്യം നിറഞ്ഞതുമായിരുന്നു. കണ്ണൂരിലെ മുക്കിലും മൂലയിലുമുള്ള ഓരോചുമരുകളും കമ്യൂണിസ്റ്റ് പാർട്ടി കടന്നുവന്ന സഹനവഴികളും നേതാക്കളുടെ ചിത്രവും കൊണ്ടു നിറഞ്ഞു.ചിത്രകാരന്മാരുടെയും കലാകാരന്മാരുടെയും വൻനിര തന്നെയാണ് ഇതിനായിഅണിനിരന്നത്.
ഇതോടൊപ്പം അനുബന്ധ പരിപാടികൾ കണ്ണൂർ നഗരത്തിലൊതുക്കാതെ വിവിധ സ്ഥലങ്ങളിൽ നടത്തിയത് പാർട്ടി കോൺഗ്രസിന്റെ പ്രചാരണം വ്യാപിപ്പിക്കാൻ വഴിയൊരുക്കി. പാർട്ടി ബ്രാഞ്ചുമുതൽ പൊളിറ്റ്ബ്യൂറോ വരെയുള്ളവരെ ഒരേ കണ്ണിയിൽ കോർത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ മികവാണ് നായനാർ അക്കാഡമിയിൽ തുടങ്ങിയ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഗുണകരമായത്.
പരമ്പരാഗതരീതികൾ വിട്ടു തികച്ചും പ്രൊഫഷനലായ സമീപനമാണ് സംഘാടകത്വത്തിന് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താൻ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചതുമുതൽ കോടിയേരിയുടെ നേതൃത്വത്തിൽ നായനാർ അക്കാഡമിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. പാർട്ടി കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജൻ, ജയിംസ് മാത്യു,ടി.വി.രാജേഷ് തുടങ്ങിയ ജില്ലയിലെ നേതാക്കളുടെ വൻനിരതന്നെയാണ് പാർട്ടി കോൺഗ്രസിന്റെ വിജയത്തിനായി ചിട്ടയായ പ്രവർത്തനംസംഘടിപ്പിച്ചത്. ഓരോപ്രദേശത്തും അവിടെ വേരുറച്ച കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും വർണാഭമായ വിളംബര ജാഥകൾ നടത്തുകയും ചെയ്തത് ബഹുജനങ്ങളിൽ തരംഗം തീർത്തു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി കടന്നുവന്ന കനൽവഴികൾ വ്യക്തമായി കാണികളിലെത്തിക്കുന്നതിന് ഇൻസ്റ്റലേഷൻ മാതൃകയിൽ തയ്യാറാക്കിയ ചരിത്ര ശിൽപ്പ ചിത്രപ്രദർശനം കാണികൾക്ക് ആവേശ അനുഭവമാണ് സമ്മാനിക്കുന്നത്. നവോത്ഥാന കോർണർ, ദേശീയ സ്വാതന്ത്ര്യസമരം, കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണം, കർഷക, സാമ്രാജ്യത്വവിരുദ്ധസമരങ്ങൾ, കയ്യൂരിലതടക്കമുള്ള രക്തസാക്ഷിത്വങ്ങൾ, പാർട്ടി നേതാക്കൾ എന്നിങ്ങനെ സർവതല സ്പർശിയായ പ്രദർശനമാണ് കളക്ടറേറ്റ് മൈതാനിയിൽ ഒരുക്കിയിട്ടുള്ളത്.പാർട്ടി കോൺഗ്രസിന് ഒരാഴ്‌ച്ച മുൻപേ തുടങ്ങിയ പ്രദർശനവും അന്താരാഷ്ട്രപുസ്തകോത്സവും അനുബന്ധപരിപാടികളും കാണാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സിപിഎം പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച നടക്കുന്നു. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ച പൂർത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നൽകും. മൂന്ന് മണിക്കൂർ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തിൽ റഷ്യക്കെതിരെ കടുത്ത വിമർശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്. പുടിന്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണ്. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ യെച്ചൂരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ