- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശീതികരിച്ച മുറിയിലിരിക്കാതെ നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം; ഉത്തരേന്ത്യയിൽ വേരുറപ്പിക്കാൻ കഴിയാത്തതിന് കാരണം നേതൃത്വത്തിന്റെ വീഴ്ച്ചയെന്ന് പാർട്ടി കോൺഗ്രസിൽ വിമർശനം; തിരിച്ചടികളുടെ യഥാർത്ഥ കാരണം കണ്ടെത്തി ക്രിയാത്മക ഇടപെടലിന് ആഹ്വാനം ചെയ്ത് പാർട്ടികോൺഗ്രസ്സ്

കണ്ണൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഎമ്മിന് വേരുറപ്പിക്കാൻ കഴിയാത്തതിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയെങ്കിലും കണ്ടെത്തിക്രിയാത്മകമായി പരിഹരിക്കണമെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പ്രതിനിധി ചർച്ചയിൽ പൊതുവികാരം സംഘടനാ ശേഷിയിൽ പ്രവർത്തന പാരമ്പര്യത്തിലും കമ്യുണിസ്റ്റ് പാർട്ടികളെക്കാൾ എത്രയോ പുറകിലുള്ള വെറും ആൾക്കൂട്ട പാർട്ടിയായ ആം ആദ്മിക്ക് ഡൽഹിയിലും പഞ്ചാബിലും അധികാരം പിടിച്ചെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള കമ്യുണിസ്റ്റ് പാർട്ടികൾക്ക് എന്തുകൊണ്ടു കഴിയുന്നില്ലെന്നായിരുന്നു ചില പ്രതിനിധികളുടെ ചോദ്യം.
എ.കെ.ജി ഭവനിലെശീതികരിച്ച മുറിയിലിരുന്ന് നേതാക്കൾ അടവുനയം ചർച്ച ചെയ്തു സമയം കളയാതെ പ്രയോഗിക രാഷ്ട്രീയം നടപ്പാക്കാൻ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് ചില പ്രതിനിധികൾ ആവശ്യപ്പെട്ടു.പാർട്ടി സംഘടനാസംവിധാനത്തിൽ കേന്ദ്ര നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന ഗുരുതരമായ വിമർശനമാണ് കേരളത്തിൽ നിന്നടക്കമുള്ള പ്രതിനിധികൾ സംഘടനാ ചർച്ചയിൽ ഉന്നയിച്ചത്.പാർട്ടി അംഗങ്ങളുടെയും വർഗ ബഹുജന സംഘടനകളിലെ അംഗങ്ങളുടെയും പാർട്ടി അനുഭാവികളുടെയും കൊഴിഞ്ഞുപോക്ക് കൂടുന്നുവെന്ന സംഘടനാറിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് നേതൃത്വത്തിനെതിരേ വിമർശനമുയർന്നത്.
ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ അടിത്തറ ഇളകിയിട്ടും സംഘടനയെ ശക്തമാക്കാൻ കേന്ദ്ര നേതൃത്വത്തിൽനിന്ന് എന്തു നടപടിയാണുണ്ടായതെന്ന് ചോദിച്ചുകൊണ്ട് കേരളത്തിൽനിന്നുള്ള പ്രതിനിധി കെ.എൻ. ബാലഗോപാലാണ് വിമർശനത്തിന് തുടക്കമിട്ടത്. കർഷക സമരം വിജയമായിരുന്നിട്ടും പാർട്ടിക്ക് അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയാത്തത് വീഴ്ചയാണ്. ജനകീയ സമരത്തിൽ പങ്കാളികളാകുന്‌പോഴും പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താനാകാത്തത് സംഘടനാതലത്തിലുള്ള പോരായ്മയാണ്. അംഗത്വവിതരണത്തിന്റെ കണക്ക് എടുത്താലും പാളിച്ചകൾ കണ്ടെത്താമെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി.
സംഘടനാസംവിധാനത്തിൽ മാറ്റം വേണെമെന്നും നിർദേശമുയർന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാനോ പുതിയവരെ പാർട്ടിയിലേക്ക് കൊണ്ടുവരാനോ കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. ബഹുജനാടിത്തറയിലും സ്വാധീനത്തിലും സംഭവിച്ച വിള്ളലാണ് കൊഴിഞ്ഞുപോക്കിനു കാരണമെന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പറഞ്ഞു. പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അടിത്തറ വിപുലീകരിക്കുന്നതിനുമായി തീരുമാനിച്ച കാര്യങ്ങൾ ഇന്നും പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണം കണ്ടെത്തി തിരുത്തണം.
മുഴുവൻ സമയ പ്രവർത്തകരുടെ എണ്ണം വർധിപ്പിക്കണമെന്ന നിർദേശവുമുണ്ടായി. പാർട്ടി നൽകിയ ഉത്തരവാദിത്തങ്ങൾ ബന്ധപ്പെട്ടവർ കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന കാര്യം ഗൗരവത്തോടെ നേതൃത്വം പരിശോധിക്കണമെന്നും നിർദേശമുണ്ടായി. ബിജെപി, ആർഎസ്എസ് അജൻഡയ്‌ക്കെതിരേ പാർട്ടിയും ഇടതുപക്ഷവും ശക്തമായി പോരാട്ടങ്ങളിലേർപ്പെടാനുള്ള നയങ്ങൾ നടപ്പിലാക്കണമെന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രതിനിധികൾ സ്വാഗതം ചെയ്തു.
ചർച്ച സ്വയംവിമർശനാത്മകമാണെന്നും നിർദേശങ്ങൾ നേതൃത്വം ഗൗരവത്തിലെടുക്കുമെന്നും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പിന്നീട് പറഞ്ഞു. പാർട്ടിയിൽ വലതുപക്ഷ വ്യതിയാന മടക്കമുള്ള അനഭിലഷണീയമായ പ്രവണതകൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


