കണ്ണുർ: കണ്ണൂരിൽ സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് തുടങ്ങാനിരിക്കെ സമ്മേളന വേദിയെ ചൊല്ലി അനിശ്ചിതത്വം ബാക്കിയാവുന്നു 'സമ്മേളനം നടക്കുന്ന ഇ.കെ നായനാർ അക്കാദമി കന്റോൺമെന്റ് ബോർഡിന് കീഴിലുള്ള സ്ഥലങ്ങളിലൊന്നായതിനാൽ സമ്മേളന വേദി നിർമ്മാണവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് ബോർഡ് തർക്കങ്ങൾ ഉന്നയിച്ചതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ചു സംഘാടക സമിതിക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുകയാണ് ബോർഡ്. കാരണം കാണിക്കൽ നോട്ടിസിന് മറുപടി ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് ബോർഡ് അധികൃതരുടെ നിലപാട്. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്ന് കന്റോൺമെന്റ് ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ.എ.വിനോദ് വെങ്കിടേശൻ പറഞ്ഞു. ഒരാഴ്‌ച്ചയ്ക്കകം മറുപടി നൽകാനായി ബോർഡ് കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് നോട്ടിസ് നൽകിയിരിക്കുന്നത്.

കണ്ണുരിലെ തന്ത്രപ്രധാനമായ സൈനിക മേഖലയായ കന്റോൺമെന്റ് ബോർഡിന് നിയന്ത്രണമുള്ള പ്രദേശമായ ഇ.കെ നായനാർ അക്കാദമിയിൽ പുതുതായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒട്ടേറെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനായുള്ള ഓഡിറ്റോറിയം നിർമ്മാണം തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ലഭിക്കാതെയാണ്. കെട്ടിട നിർമ്മാണ പെർമിറ്റ് ഇതിനായി ആവശ്യമുണ്ട്. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

താൽക്കാലിക പന്തൽ നിർമ്മിക്കാനുള്ള അനുമതിയുടെ മറവിൽ കെട്ടിടം നിർമ്മിച്ചതായി പരാതിയുയർന്നതോടെയാണ് ബോർഡ് ഇടപെട്ടത്. എന്നാൽ സിപിഎം നേതൃത്വം ബോർഡ് വിലക്കിനെ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് സൂചന. സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ ഇതിനെ മറികടക്കാൻ കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ നായനാർ അക്കാദമിയിലെ സമ്മേളന പന്തൽ നിർമ്മാണത്തിൽ കന്റോൺമെന്റ് തടസവാദം ഉന്നയിച്ച വിഷയം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇതെന്താ വെള്ളരിക്ക പട്ടണമാണോയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

എന്നാൽ പിന്നീട് ബോർഡുമായി ഏറ്റുമുട്ടലിന് നിൽക്കാതെ ബോർഡിന് ആവശ്യമായ മറുപടി നൽകുമെന്നും ബോർഡുമായി യോജിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.