പത്തനംതിട്ട: സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിലെ മന്ത്രിമാരും പാർട്ടി നേതാക്കളും വനിതകളെ അധിക്ഷേപിക്കുന്നത് പതിവാകുന്നു. ഉത്തരേന്ത്യയിൽ എവിടെയെങ്കിലും വനിതകൾ അപമാനിക്കപ്പെട്ടാൽ ഇവിടെ കോലം കത്തിക്കലും പ്രകടനവും നടത്തുന്ന വനിതാ സംഘടനകളുടെ നേതൃസ്ഥാനത്തുള്ള മഹിളാ മണികൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. പത്തനംതിട്ട ജില്ലാ കലക്ടർ ആർ ഗിരിജയെ പിന്നാലെ നടന്ന് അധിക്ഷേപിക്കുകയും വിമർശിക്കുകയുമാണ് സിപിഐ എം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഒന്നും രണ്ടുമല്ല പലവട്ടം ഇദ്ദേഹം വനിതാ കലക്ടർക്കെതിരേ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞു. ഏറ്റവും ഒടുവിലായി ഇന്നലെ കലക്ടറേറ്റിന് മുന്നിലായിരുന്നു നേതാക്കളുടെയും പരിവാരങ്ങളുടെയും അഴിഞ്ഞാട്ടം. ഇതിനെതിരേ പ്രതികരിക്കാൻ ഒറ്റ മഹിളാ നേതാവുംതയാറായിട്ടില്ല.

വെച്ചൂച്ചിറയിലെ ആദിവാസി ഭൂമി പ്രശ്നത്തിന്റെ പേരിലാണ് ജില്ലാ കലക്ടർ ആർ ഗിരിജയെ വ്യക്തിപരമായി സിപിഎം-ഇടതു മുന്നണി നേതാക്കൾ അധിക്ഷേപിച്ചത്. കലക്ടർക്ക് മാനസിക വൈകല്യമാണെന്നും മാനസിക വിഭ്രാന്തിയോടെയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞത് വിവാദമായി. മറ്റൊരു നേതാവ് കലക്ടറുടെ കുടുംബചരിത്രം വരെ തിരക്കി ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്.

ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർ അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് കെഎസ്‌കെടിയു നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ റാന്നി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തതും ഉദയഭാനുവായിരുന്നു. അഹങ്കാരിയായ കലക്ടർ എന്നാണ് അന്ന് വിശേഷിപ്പിച്ചത്. എല്ലാം ഒറ്റക്ക് നടത്തി കളയാമെന്ന് കരുതേണ്ടതില്ലെന്നും വെറുതെ വിടില്ലെന്നും ഉദയഭാനു പറഞ്ഞു. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം കൊല്ലമുള വില്ലേജിൽ ഭൂമി വിലക്ക് വാങ്ങുന്നതിൽ അഴിമതിയെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടികൾ നിർത്തി വയ്ക്കാൻ കലക്ടർ നിർദ്ദേശം നൽകിയതെന്ന് പറയുന്നു.

കലക്ടറുടെ നിർദ്ദേശം മറികടന്ന് ജില്ലാ ട്രൈബൽ ഓഫീസറും ഭരണകക്ഷി നേതാവും അനാവശ്യ ഇടപെടനടത്തിയതായും വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന രേഖകളിൽ പറയുന്നു. ജില്ലയിലെ പതിനാറ് ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാനായി വെച്ചൂച്ചിറയിലെ മണ്ണടിശാലയിൽ കണ്ടെത്തിയ നാലര ഏക്കർ ഭൂമിയിടപാടിൽ സുതാര്യത ഇല്ലായെന്ന കാരണത്താലാണ് ജില്ലാ കലക്ടർ ആർ ഗിരിജ കഴിഞ്ഞ 13 ന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തി വയ്ക്കുവാൻ ഉത്തരവ് നൽകിയത്. പുതുക്കിയ മാർഗ നിർദേശ പ്രകാരം വസ്തു ഉടമയുമായി കലക്ടർ നേരിട്ട് ചർച്ച നടത്തിയിരുന്നു. സർക്കാർ താരിഫ് വില നൽകാമെന്നും അറിയിച്ചു. എന്നാൽ, ഇടനിലക്കാർ മുഖേന നിശ്ചയിച്ച വിലയാണ് ആവശ്യപ്പെട്ടതത്രെ.

ആദിവാസി ഭൂമിയുടെയും നിർമ്മാണ തൊഴിലാളികളുടെയും പേരിൽ പല തവണയായി കലക്ടർക്ക് നേരെ സിപിഎം ജില്ലാസെക്രട്ടറി അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞിരുന്നു. ഇന്നലെ ഇതു കേട്ട് പിന്നാലെ പ്രസംഗിച്ചവരും രൂക്ഷമായ ഭാഷയിലാണ് കലക്ടറെ വിമർശിച്ചത്. കഴിഞ്ഞ ദിവസം റാന്നി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലും തുടർന്ന് നടന്ന ധർണയിലും ഉദയഭാനു കലക്ടറെ അധിക്ഷേപിച്ചിരുന്നു. വകുപ്പ് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടിട്ടും ആദിവാസികൾക്ക് ഭൂമി നൽകാത്ത കലക്ടറുടെ നടപടി അഹങ്കാരമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

കലക്ടർ ആദിവാസികളുമായി ചേമ്പറിൽ ചർച്ചക്ക് പോലും നിന്നില്ല. കലക്ടർ രാജാവാണോ എന്നും ഇതൊന്നും വച്ച് പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിന് മുന്നിൽ നടന്ന നിർമ്മാണ തൊഴിലാളികളുടെ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കലക്ടർ വൻകിട ക്വാറി ഉടമകളുമായി ഒത്തു കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.