കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനെ അവിസ്മരണമാക്കി ചുവപ്പ് സേനയുടെ മുന്നേറ്റം. ഞായറാഴ്‌ച്ച വൈകുന്നേരം നാലിന് ഇ കെ നായനാർ അക്കാദമിയിൽ നിന്ന് പൊതുസമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ എകെജി നഗറിലേക്ക് ആവേശം ജ്വലിപ്പിച്ച് മുന്നേറിയ റെഡ് വളണ്ടിയർ മാർച്ച് വീക്ഷിക്കാൻ പാതയോരത്ത് പതിനായിരങ്ങൾ തമ്പടിച്ചു.

2000 വളണ്ടിയർമാരാണ് വളണ്ടിയർ മാർച്ചിൽ അണിനിരന്നത്. ജില്ലാ വളണ്ടിയർ ക്യാപ്റ്റനും സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറിമായ കെ വി സക്കീർ ഹുസൈനും വൈസ് ക്യാപ്റ്റനും തലശേരി ഏരിയാകമ്മിറ്റി അംഗവുമായ എ കെ രമ്യയുമാണ് ചെമ്പടയെ നയിച്ചത്. 18 ഏരിയകളിൽ 31 റെഡ് വളണ്ടിയർമാർ ഉൾപ്പടുന്ന രണ്ട് വീതം പുരുഷ-വനിത സ്‌ക്വാഡകളാണുണ്ടായിരുന്നത്. ഏരിയകൾക്കും സ്‌ക്വാർഡുകൾക്കും ലീഡർമാരുണ്ട്.

ആറളം ഫാമിലെ ആദിവാസി സ്ത്രീകളുടെ വനിതാ സ്‌ക്വാഡ് മാർച്ചിൽ പങ്കെടുത്തത് ആവേശമായി. പ്രഭാത് ജംങ്ഷൻ, പ്ലാസ ജങ്ഷൻ, മുനീശ്വരൻ കോവിലൂടെ പഴയ ബസ്റ്റാൻഡ് വഴിയാണ് മാർച്ച് എകെജി നഗറിൽ പ്രവേശിച്ചത്. റെഡ് വളണ്ടിയർ മാർച്ചിനെ ജവഹർ സ്റ്റേഡിയത്തിലും നഗരത്തിലും തമ്പടിച്ച ജനലക്ഷങ്ങൾ അഭിവാദ്യം ചെയ്തു. ഇന്ന് ഉച്ചയോടെ തന്നെ പൊതുസമ്മേളനം നടക്കുന്ന കണ്ണൂർ ജവഹർ സ്റ്റേഡിയംനിറഞ്ഞുകവിഞ്ഞിരുന്നു.

ഇന്നലെ രാവിലെ മുതൽ തമിഴ്, കർണാടക, തെലങ്കാന എന്നിവിടങ്ങൾക്കു പുറമേ ബംഗാൾ, ത്രിപുര, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെത്തിയിരുന്നു. കുടുംബവുമായിട്ടാണ് പലരുമെത്തിയത്. ചുവപ്പു വളണ്ടിയർമാർച്ചിന് പിന്നാലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ തുറന്ന ജീപ്പിൽ പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തു കൊണ്ടു ജവഹർ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ എ.കെ.ജി നഗറിലെത്തി.

ഇതിനു പിന്നാലെ പാർട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗം പ്രകാശ് കാരാട്ട്, എന്നിവരും മറ്റു പി.ബി അംഗങ്ങളായ വൃന്ദാകാരാട്ട്, സുഭാഷിണി അലി, തുടങ്ങിയ 17 പി.ബി അംഗങ്ങളും കേന്ദ്രകമ്മിറ്റിയംഗങ്ങളുമെത്തി. സി.പി. എം പാർട്ടി കോൺഗ്രസിൽ ഒഴുകിയെത്തിയ ജനക്കൂട്ടം കാരണം ഇന്ന് രാവിലെ കണ്ണൂർ നഗരത്തിൽ പൊതുഗതാഗതം നിലച്ചിരുന്നു.