തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ചില മണ്ഡലങ്ങളിൽ പുനപരിശോധനയ്ക്ക് നിർദേശിച്ച സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കായംകുളത്തും ചെങ്ങന്നൂരും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുനപരിശോധന നിർദേശിച്ച സെക്രട്ടറിയേറ്റ് കൊല്ലത്ത് മുകേഷും വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയും മത്സരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ആറന്മുളയിൽ വീണാ ജോർജ്ജിനെ മത്സരിപ്പിക്കാനുള്ള തീരുമാനവും അംഗീകരിച്ചു. മുകേഷ്, വീണാ ജോർജ്ജ്, കെപിഎസി ലളിത എന്നിവരുടെ കാര്യത്തിൽ വിവാദങ്ങൾ വകവെക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇന്നുചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്.

മറ്റു ജില്ലകളിലെ തർക്കമുള്ള സീറ്റുകളിൽ വീണ്ടും ചർച്ച തുടരുമെന്നും, പ്രാദേശിക നേതൃത്വത്തിലുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും സെക്രട്ടറിയേറ്റിൽ തീരുമാനമായിട്ടുണ്ട്. ജില്ല, മണ്ഡലം കമ്മിറ്റികൾ വീണ്ടും ചേർന്ന് നിർദേശിക്കപ്പെട്ട പേരുകൾ ചർച്ചചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. ഈ മാസം 26ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ നിശ്ചയിച്ച് യോഗം പിരിയുകയായിരുന്നു.

നേരത്തെ കൊല്ലത്ത് പി.കെ ഗുരുദാസനെ ആയിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ചിരുന്നത്. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആറുപേർ മാത്രം മത്സരിച്ചാൽ മതിയെന്ന തീരുമാനത്തെ തുടർന്നാണ് ഗുരുദാസനെ ഒഴിവാക്കി പകരം നടൻ മുകേഷിന്റെ സ്ഥാനാർത്ഥിത്വം സിപിഐഎം മുന്നോട്ട് വച്ചത്. തുടർന്നുണ്ടായ പ്രതിഷേധങ്ങൾ ഇന്നുചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തുകയും മുകേഷ് തന്നെ കൊല്ലത്ത് മത്സരിച്ചാൽ മതിയെന്ന് തീരുമാനിക്കുകയും ആയിരുന്നു.

അതേസമയം വടക്കാഞ്ചേരിയിൽ ആകട്ടെ നടി കെപിഎസി ലളിതക്കെതിരെ വ്യാപക പോസ്റ്റർ, പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. താരസ്ഥാനാർത്ഥിയെ തങ്ങൾക്ക് വേണ്ടെന്നും, മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മതിയെന്നുമായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുണ്ടായിരുന്നത്. ശേഷം ഇന്നാകട്ടെ അൻപതോളം പേർ ചുവന്ന മുണ്ടും, പാർട്ടി കൊടിയുമേന്തി കെപിഎസി ലളിതക്കെതിരെ പ്രകടനം നടത്തിയിരുന്നു.

പ്രകടനം നടത്തിയവരിൽ പാർട്ടി അംഗങ്ങൾ ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ അറിയിച്ചിരുന്നു. നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സേവ്യർ ചിറ്റിലപ്പള്ളിയെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഏരിയ, ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ തള്ളിക്കളഞ്ഞതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്. കെപിഎസി ലളിതയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനവും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ്.

ആറന്മുളയിൽ മാദ്ധ്യമപ്രവർത്തക വീണ ജോർജിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയും വ്യാപക പോസ്റ്റർ, പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ സേവ് സിപിഐഎമ്മിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഓമല്ലൂരിൽ 250 ഓളം പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിക്കുകയും, അറുപതോളം പ്രവർത്തകരുടെ പ്രകടനവും നടന്നിരുന്നു. സഭാ സ്ഥാനാർത്ഥിയെ ആറന്മുളയ്ക്ക് വേണ്ട, പേയ്‌മെന്റ് സ്ഥാനാർത്ഥിയെ സിപിഐഎമ്മിന് വേണ്ട എന്നിങ്ങനെ ആയിരുന്നു പോസ്റ്ററുകളിലും, പ്രകടനങ്ങളിലും ഉയർന്ന മുദ്രാവാക്യങ്ങൾ. ഇവിടെയും പ്രകടനം നടത്തിയവർക്കെതിരെ നടപടി എടുക്കുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.