- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: വികസനം തടസപ്പെടുത്താനുള്ള യുഡിഎഫ്- ബിജെപി നീക്കത്തിനെതിരായുള്ള ജനവിധി: സിപിഎം
തിരുവനന്തപുരം: കേരളത്തിൽ മഴവിൽ സഖ്യമുണ്ടാക്കി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള യു ഡി എഫ് - ബിജെപി നീക്കത്തിനെതിരായുള്ള ജനവിധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് വമ്പിച്ച വിജയം നൽകിയ വോട്ടർമാരെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.
യു ഡി എഫിന്റെ കുത്തക മണ്ഡലമായി വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരമൊരു മുന്നേറ്റം ആവർത്തിക്കുമെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമാണ് എൽ ഡി എഫിന് സംസ്ഥാനത്തുണ്ടായത്. യു ഡി എഫ് - ബിജെപി കൂട്ടുകെട്ടിനെതിരെയാണ് ഇത്തരമൊരു വിജയം നേടാൻ അന്ന് കഴിഞ്ഞത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളിൽ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ വിജയിച്ചതെങ്കിൽ ഇത്തവണ അത് 24 ആയി വർദ്ധിക്കുകയാണ് ചെയ്തത്. ഏഴ് വാർഡുകൾ യു ഡി എഫിൽ നിന്നും, 2 വാർഡ് ബിജെപിയിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ഇത് കാണിക്കുന്നത് എൽ ഡി എഫിന്റെ ജനകീയ അടിത്തറ കൂടുതൽ വിപുലപ്പെട്ടുവരുന്നു എന്നാണ്.
ഉപതെരഞ്ഞെടുപ്പിൽ ഇപ്പോൾ വിജയിച്ച സീറ്റുകൾ തന്നെ യു ഡി എഫിനും, ബിജെപിക്കും നേടാനായത് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുറന്ന സഖ്യം ഇവർ തമ്മിൽ ഉണ്ടാക്കിയതുകൊണ്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ ഇളമലത്തോപ്പിൽ ബിജെപി വിജയിച്ച സാഹചര്യം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
കഴിഞ്ഞ തവണ യു ഡി എഫിന് 144 വോട്ടുണ്ടായിടത്ത് ഇപ്പോൾ കിട്ടിയത് 70 വോട്ടാണ്. എൽ ഡി എഫിനാവട്ടെ കഴിഞ്ഞ തവണത്തേക്കാൾ 44 വോട്ട് കൂടുതൽ ലഭിച്ചു. യു ഡി എഫ് വോട്ടിന്റെ ബലത്തിലാണ് ബിജെപിക്ക് ഈ സീറ്റ് നേടാനായത് എന്ന് ഇത് വ്യക്തമാക്കുന്നു. സമാനമായ സ്ഥിതിവിശേഷമാണ് മറ്റ് ഇടങ്ങളിലും ഉണ്ടായിട്ടുള്ളതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ