- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വാതന്ത്ര്യം കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുംബൈ ഓഫീസിൽ ദേശീയ പതാകയുമായി ആഹ്ലാദം; സ്വതന്ത്ര്യം പൂർണമല്ലെന്ന നയം സ്വീകരിച്ചതോടെ പതാക ഉയർത്തൽ ഒഴിവാക്കി; കാലം മാറി ബിജെപിയുടെ ദേശീയവാദം രാജ്യം നിറഞ്ഞപ്പോൾ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സിപിഎം; നിലപാട് മാറ്റത്തിന് പിന്നിൽ ബംഗാൾ ഘടകം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് മറ്റെല്ലായിടത്തും പതാക ഉയർത്തുമ്പോഴും സിപിഎം ഓഫീസിൽ മാത്രം പതാക ഉയർത്തുന്ന ചടങ്ങ് ഉണ്ടായിരുന്നില്ല. കാലം മാറിയപ്പോൾ അതിനൊപ്പം മാറുന്ന സിപിഎം ഇപ്പോൾ നിലപാട് മാറ്റുകയാണ്. ഇത്തവണ മുതൽ സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കും. സിപിഎമ്മിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ പാർട്ടി ബംഗാൾ ഘടകമാണ്. പശ്ചിമ ബംഗാളിൽ ബിജെപി മുന്നേറ്റം നടത്തുമ്പോൾ ഇതിനെ ചെറുക്കാൻ കൂടിയാണ് ഇപ്പോൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കണം എന്ന നിലപാടിലേക്ക് പാർട്ടി എത്തിയത്.
പശ്ചിമബംഗാളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിലടക്കം സിപിഎം. അകന്നുനിൽക്കുന്നത് ദോഷംചെയ്യുന്നുണ്ടെന്ന് ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര നേരത്തേ പൊളിറ്റ് ബ്യൂറോയ്ക്ക് കത്തുനൽകിയിരുന്നു. ബിജെപി.യുടെ മുന്നേറ്റം ദേശീയതാവാദംകൂടി ആയുധമാക്കിയുള്ളതാണെന്നായിരുന്നു ബംഗാൾ ഘടകത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞദിവസം കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്നോടിയായുള്ള പൊളിറ്റ് ബ്യൂറോ യോഗത്തിൽ വൃന്ദാ കാരാട്ടും സ്വാതന്ത്ര്യദിനാഘോഷം പാർട്ടി ഏറ്റെടുക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. 75-ാം സ്വാതന്ത്ര്യദിനാഘോഷമാണ് വരാനിരിക്കുന്നത് എന്നതിനാൽ അത് ആർ.എസ്.എസിന്റെ ദേശീയതാവാദത്തിന് എതിരായ രാഷ്ട്രീയപ്രചാരണമാക്കി ഏറ്റെടുക്കാമെന്നും സിപിഎം. തീരുമാനിച്ചു.
സ്വാതന്ത്ര്യം കിട്ടിയ ഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ ആസ്ഥാനമായ മുംബൈ ഓഫീസിൽ ദേശീയപതാകയുമായി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. പിന്നീട് നടന്ന കൊൽക്കത്ത പാർട്ടി കോൺഗ്രസിലാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യം പൂർണമല്ലെന്ന നയം തീരുമാനിക്കുന്നത്. അതിനുശേഷം ഇതുവരെ സിപിഎം. ഔദ്യോഗികമായി സ്വാതന്ത്ര്യദിനാഘോഷം നടത്തിയിട്ടില്ല. ഓഗസ്റ്റ് 15-ന് പ്രതിഷേധസംഗമങ്ങൾ നടത്തിയിട്ടുമുണ്ട്. മറ്റു പല പരിപാടികളും നടത്തുകയും ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സുപ്രധാന പങ്കും ചരിത്രവും പ്രത്യേകമായി പ്രചരിപ്പിക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ,പശ്ചിമ ബംഗാളിൽ ഇടതുമുന്നണി സർക്കാർ 1977 ൽ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രി ജ്യോതിബസു സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ തയ്യാറാകാതിരുന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ അദ്ദേഹം 1989 മുതൽ ബംഗാൾ നിയമസഭയായ റൈറ്റേഴ്സ് ബിൽഡിംഗിന് മുന്നിൽ ദേശീയ പതാക ഉയർത്താൻ തുടങ്ങി.
ദീർഘകാലമായുള്ള 'തെറ്റിദ്ധാരണകൾ' ഇല്ലാതാക്കാൻ പാർട്ടി സ്വാതന്ത്ര്യദിനാഘോഷം നടത്തണമെന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ പാർലമെന്ററി നേതാവുമായ സുജൻ ചക്രവർത്തി ബംഗാൾ സംസ്ഥാന കമ്മിറ്റിയിൽ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 15 ന് വിദ്യാർത്ഥികളുടെ പരിപാടി സംഘടിപ്പിക്കുന്നതിലും രാജ്യത്തിന്റെ ചരിത്രം പ്രചരിപ്പിക്കുന്നതിനും അദ്ദേഹം മുൻകൈ എടുത്തു. സംസ്ഥാനത്തെ ചർച്ചകൾക്ക് ശേഷം അദ്ദേഹം ഇക്കാര്യം നിർദ്ദേശമായി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ഇത്തവണത്തെ കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ സുജൻ ചക്രവർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെക്കുറിച്ചും ആവശ്യം ഉന്നയിച്ചു. ഏതായാലും അദ്ദേഹത്തിന്റെ ആവശ്യം ഒടുവിൽ പാർട്ടി അംഗീകരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പോളിറ്റ് ബ്യൂറോയിൽ നടന്ന ചർച്ചയ്ക്ക് ശേഷം, സ്വാതന്ത്ര്യദിനം വിപുലമായി ആചരിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
പാർലമെന്ററി തലത്തിലുള്ളവരും പാർട്ടി നേതാക്കളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനെ സിപിഎം. ഇതുവരെ വിലക്കിയിട്ടില്ല. എന്നാൽ, പാർട്ടി പരിപാടിയായി ഇത് ഏറ്റെടുക്കുന്നത് ആദ്യമാണ്. അടിയന്തരാവസ്ഥയിൽ ഭരണകൂടം സ്വീകരിച്ച അടിച്ചമർത്തൽ നയത്തോടെ, സിപിഎം. സായുധസമരത്തിലേക്കു മാറണമെന്ന നിലപാടായിരുന്നു അന്നത്തെ ജനറൽ സെക്രട്ടറി പി. സുന്ദരയ്യ സ്വീകരിച്ചത്. എന്നാൽ, ഇത് കേന്ദ്രകമ്മിറ്റി തള്ളി. പാർലമെന്ററി സാധ്യത ഉപയോഗപ്പെടുത്തിയാകണം വിപ്ലവമാറ്റം ഉണ്ടാകേണ്ടത് എന്നതായിരുന്നു പാർട്ടി അംഗീകരിച്ച നിലപാട്. എന്നാൽ, സിപിഐ. നേരത്തേതന്നെ പാർലമെന്ററി തലത്തിലൂടെ മാത്രമേ സാമൂഹികമാറ്റം സാധ്യമാകൂവെന്ന നിലപാട് സ്വീകരിച്ച് മാറിയിരുന്നു.
ഇരുപാർട്ടികളും തമ്മിലുള്ള അടിസ്ഥാനവ്യത്യാസവും ഇതായിരുന്നു. പാർട്ടി പൂർണമായി പാർലമെന്ററി പാർട്ടിയായി മാറാനുള്ള തുടക്കമാണ് സിപിഎം. ഇപ്പോൾ നടത്തുന്നത് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അങ്ങനെയെങ്കിൽ, ആ നയംമാറ്റം പാർട്ടി കോൺഗ്രസിൽ ചർച്ചചെയ്തശേഷം സിപിഎം. ഔദ്യോഗികമായി അംഗീകരിക്കേണ്ടിവരും. ഒരു വർഷം നീണ്ടുനിൽക്കുന്ന 75 ആം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഓഗസ്റ്റ് 15ന് തുടക്കമാകും.
മറുനാടന് മലയാളി ബ്യൂറോ