- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ കടുത്ത നടപടിക്ക് സിപിഎം; പാർട്ടിയിൽ നിന്നും പുറത്താക്കാൻ ശുപാർശ നൽകി ഇടുക്കി ജില്ലാ കമ്മിറ്റി; ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് നിർദ്ദേശം; തീരുമാനം സംസ്ഥാനകമ്മിറ്റിക്ക് കൈമാറും; നടപടി കൈക്കൊണ്ടാൽ സിപിഐയിലേക്ക് പോകാൻ പാലമിട്ട് രാജേന്ദ്രൻ
മൂന്നാർ: ദേവികുളം മുൻ എംഎൽഎയും മുതിർന്ന നേതാവുമായ എസ് രാജേന്ദ്രനെതിരെ കടുത്ത നടപടിക്കൊരുങ്ങി പാർട്ടി. ഇടുക്കി ജില്ലയിലെ മുതിർന്ന നേതാവിനെ സിപിഎമ്മിൽ നിന്നും പുറത്താക്കാനാണ് പാർട്ടി ശുപാർശ ചെയ്തിരിക്കുന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കടുത്ത നടപടിക്ക് ശുപാർശ. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് ശുപാർശ നൽകിയിട്ടുള്ളത്. ശുപാർശ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് കൈമാറും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ ഇലക്ഷൻ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി എന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയതിന്റെ സാഹചര്യത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചില്ല. പ്രചാരണങ്ങളിൽ നിന്നും വിട്ടുനിന്ന രാജേന്ദ്രൻ, ദേവികുളത്ത് ഇടതു വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതതായി കമ്മീഷൻ കണ്ടെത്തി.
കമ്മീഷൻ കണ്ടെത്തിലിന്റെ അടിസ്ഥാനത്തിൽ എസ് രാജേന്ദ്രനോട് പാർട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി. എന്നാൽ ഒരു മറുപടിയും നൽകാൻ രാജേന്ദ്രൻ തയ്യാറായില്ല. പാർട്ടി സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, മൂന്നാർ ഏരിയാ സമ്മേളനത്തിലും രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല.
ഇതേത്തുടർന്ന് മുന്മന്ത്രി എം എം മണി രാജേന്ദ്രനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. നിലവിൽ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് എസ് രാജേന്ദ്രൻ. ദേവികുളത്ത് വീണ്ടും മൽസരിക്കാൻ രാജേന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രണ്ടു തവണയിൽ കൂടുതൽ മൽസരിച്ചവർ മാറി നിൽക്കണമെന്ന തീരുമാനം ദേവികുളത്തും നടപ്പാക്കാൻ പാർട്ടി തീരുമാനിച്ചു.
ഇതനുസരിച്ച് എ രാജയാണ് ദേവികുളത്ത് സിപിഎം സ്ഥാനാർത്ഥിയായി മൽസരിച്ചത്. രാജേന്ദ്രൻ ഇടഞ്ഞുനിന്നെങ്കിലും ദേവികുളം സിപിഎം വിജയിച്ചു. അതേസമയം പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനമെങ്കിൽ സിപിഐയിലേക്ക് നോട്ടമിടുകയാണ് എസ് രാജേന്ദ്രൻ.
രാജേന്ദ്രൻ സിപിഐയിലേക്കെത്തുമോയെന്ന ചോദ്യത്തിന് ചില കാര്യങ്ങൾ സസ്പെൻസ് ആയി നിൽക്കട്ടെയെന്നായിരുന്നു കാനം നേരത്തെ മറുപടി നൽകിയത്. സിപിഎമ്മിൽ നിന്നടക്കം കൂടുതൽ പേർ സിപിഐയിലേക്ക് വരുമെന്നും കാനം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നെന്ന ആരോപണം ശക്തമായതോടെയാണ് രാജേന്ദ്രനും പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യം ശക്തമായത്. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രൻ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാത്തത് പാർട്ടി വിരുദ്ധമാണെന്നും ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടേറിയേറ്റംഗമായ എം എം മണി പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.
രാജേന്ദ്രനെപോലുള്ളവർ പാർട്ടി വിട്ടു പോയാലും പ്രശ്നമില്ലെന്നും രാജേന്ദ്രന് എല്ലാം നല്കിയത് പാർട്ടിയാണെന്നും ഇപ്പോൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂർ ഏരിയ സമ്മേളനത്തിൽ എംഎം മണി തുറന്നടിച്ചിരുന്നു. മറ്റൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും തന്നെ പുറത്താക്കുമെന്ന് എം എം മണി പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും മുൻ ദേവികുളം എം എൽ എ കൂടിയായ രാജേന്ദ്രൻ മറുപടി നൽകി. പാർട്ടി ഘടകങ്ങളിലായിരുന്നു ഇക്കാര്യം പറയേണ്ടിയിരുന്നതെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു. എന്തായാലും കാനത്തിന്റെ 'സസ്പെൻസ്' മറുപടിയോടെ രാജേന്ദ്രൻ സിപിഐയിലേക്കെന്ന റിപ്പോർട്ടുകൾക്ക് ചൂടുപിടിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ