- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറ്റ്യാടി സിപിഎം ഏറ്റെടുക്കും; മുന്നണിയുടെ ഐക്യം മുൻനിർത്തി സീറ്റു വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ജോസ് കെ മാണി; സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ മുന്നിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം; ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷും പരിഗണനയിൽ
കുറ്റ്യാടി: കേരളാ കോൺഗ്രസ് എമ്മിന് വിട്ടുനൽകിയ കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. സീറ്റ് വിട്ടുകൊടുക്കാൻ ജോസ് കെ മാണി സന്നദ്ധത അറിയിക്കുകയായിരുന്നു. മുന്നണിയിലെ ഐക്യം മുൻനിർത്തിയാണ് തീരുമാനമെന്ന് ജോസ് കെ മാണി അറിയിച്ചു. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷും മത്സരിക്കുന്നുണ്ട്.
'കേരളാ കോൺഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിക്കേണ്ടതും എൽ.ഡി.എഫിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാർട്ടി സ്വീകരിക്കുന്നത്.
മുന്നണിയുടെ ഐക്യത്തിന് ഒരു പോറൽപോലും ഏൽപ്പിക്കുന്ന ഒന്നും കേരളാ കോൺഗ്രസ് എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിർബന്ധമുണ്ട്. 13 സീറ്റ് കേരളാ കോൺഗ്രസ്സ് പാർട്ടിക്ക് പൂർണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെ'ന്നും ജോസ് കെ.മാണി പറഞ്ഞു.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ട എന്നാണ് സിപിഎം നേതൃത്വം ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാൽ സിപിഎം പുനരാലോചനക്ക് തയ്യാറാവുകയായിരുന്നു.
മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷണാണ് സീറ്റ് ഏറ്റെടുക്കാൻ തീരുമാനമുണ്ടായത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച മുഹമ്മദ് ഇക്ബാലിന് മണ്ഡലത്തിൽ ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്. നാളെ രാവിലെ കൺവൻഷൻ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സിപിഎം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമല്ല. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മിൽ ചർച്ച നടത്തിയത്.
മുഹമ്മദ് ഇക്ബാലിന് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ബോർഡ്/കോർപറേഷൻ സ്ഥാനത്തിലൊന്ന് നൽകാമെന്ന വ്യവസ്ഥയിലാണ് അനുനയ നീക്കം. തിരുവമ്പാടി സീറ്റ് പകരം കേരള കോൺഗ്രസിന് നൽകില്ല. ജില്ലാ കമ്മിറ്റി അംഗങ്ങളായ മൂന്ന് പേരാണ് പരിഗണനാ പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റികളെ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അറിയിക്കാൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണെന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ