- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിലുകെട്ടി; മതിലുകെട്ടാൻ കൂടെ നിന്ന ആർക്കും സീറ്റില്ല; ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ അയിത്തം; പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരും സ്ഥാനാർത്ഥികളായപ്പോൾ തഴയപ്പെട്ടത് ടി എൻ സീമയും പി സതീദേവിയും സൂസൻ ഗോപിയും അടക്കമുള്ളവർ
തിരുവനന്തപുരം: മുദ്രാവാക്യം വിളിക്കാനും വനിതാമതിലിനും സ്ത്രീകൾ മതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരേണ്ടാ. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും വനിതാമതിൽ തീർത്ത് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്ത സിപിഎമ്മിനു തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരോട് അയിത്തം. പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ വനിതാ സഖാക്കൾ ഉണ്ടെന്ന് അഭിമാനിക്കുന്ന പാർട്ടി ഇതു പറഞ്ഞ് വോട്ട് വാങ്ങുമ്പോഴും മഹിളാ അസോസിയേഷൻ പ്രവർത്തകർക്കു അർഹിക്കുന്ന അംഗീകാരം നൽകാത്തതാണ് എതിർപ്പിനിടയാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ സീറ്റുകൾ പോലും വനിതാ പ്രവർത്തകർക്കു സിപിഎമ്മിന്റെ പട്ടികയിൽ ഇടമില്ല. പേരിനു സീറ്റു നൽകുന്നത്് അസോസിയേഷനു പുറത്തുള്ളവർക്ക്.
പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന വനിതകളെ മാറ്റി നിറുത്തികൊണ്ട് നൂലിൽ കെട്ടിയിറക്കിയ മറ്റുള്ളവർക്ക് സീറ്റ് നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക് സീറ്റ് നിഷേധിച്ച പാർട്ടി മാധ്യമപ്രവർത്തകയായ വീണാജോർജിനും, പ്രതിഭാഹരിക്കും വീണ്ടും അവസരം നൽകുകയും ചെയ്തു. എംഎൽഎയായിരിക്കെ നിരവധി ആരോപണങ്ങൾക്കു വിധേയ ആയ വ്യക്തിയാണ് പ്രതിഭാഹരി. ഇവർക്ക്ു വീണ്ടും സീറ്റ് നൽകിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പാർട്ടിക്ക് അതീതമായാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് പ്രാദേശിക നേതാക്കൾ തന്നെ പറയുന്നു. ഓർത്തഡോക്സ് സഭയുടെ പിന്തുണയാണ് കഴിഞ്ഞ തവണ വീണയെ മത്സരിപ്പിക്കാനും ഇത്തവണ തുടർ സ്ഥാനാർത്ഥിത്വം നൽകാനും ഇടയാക്കിയിരിക്കുന്നത്.
ദലീമയാണ് മറ്റൊരു സ്ഥാനാർത്ഥി. പാർട്ടിക്കുവെളിയിൽ നിന്നു ഇത്തരം സ്ഥാനാർത്ഥികളെ അവതരിപ്പിക്കുമ്പോഴും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പി.സതീദേവി, സൂസൻ ഗോപി എന്നിവർക്കൊന്നും സീറ്റു നൽകാൻ പാർട്ടി തയാറായിട്ടില്ല. സതീദേവിക്കുൾപ്പടെ സീറ്റു നിഷേധിച്ചതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമാണന്നും സൂചനയുണ്ട്. വനിതാമതിലിൻെ്റ വിജയത്തിനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ച ആളുകളാണ് സതീദേവിയും, സൂസനുമെല്ലാം എന്നാൽ ഇവരെയൊന്നും പരിഗണിക്കാൻ പോലും പാർട്ടി തയാറായിട്ടില്ല. ചിന്താജെറോമിനെ പോലുള്ള നേതാകൾക്കും സീറ്റില്ല. യുവജന കമ്മീഷൻ ചെയർ പേഴ്സൺ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചയാളാണ് ചിന്താ ജെറോം.
തൃശൂർ പട്ടികയിലുള്ള ആർ.ബിന്ദു മാത്രമാണ് നിലവിൽ മഹിളാ അസോസിയേഷനിൽ നിന്ന് പാർട്ടി പരിഗണിക്കുന്ന വനിതാ. ഇതും സീറ്റു നൽകുമെന്ന് ഉറപ്പായിട്ടില്ല. മുൻപ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഒടിഞ്ഞ കാലുമായി വാക്കറിലൂന്നി മത്സരരംഗത്ത് സിന്ധു ജോയിയെത്തിയത് പ്രചാരണ ആയുധമാക്കിയ സിപിഎമ്മാണ് അർഹിക്കുന്നവർക്ക് സീറ്റ്് നിഷേധിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ തല്ലിയൊടിച്ച കാലുമായി പെൺക്കുട്ടി ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുന്നത് അന്ന് സിപിഎം. കൊട്ടിഘോഷിച്ചിരുന്നു.
പാർട്ടിക്കുവേണ്ടി കുത്തേറ്റ് അരയ്ക്കു താഴ്പോട്ട് തളർന്നു പോകുകയും പിന്നീട് മരണത്തിനു കീഴടങ്ങുകയും ചെയ്ത സൈമൺബ്രിട്ടോയുടെ ഭാര്യ സീനയ്ക്കും പാർട്ടി വേണ്ടത്ര അംഗീകാരങ്ങൾ നൽകിയില്ലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. മുൻ ആഗ്ലോ ഇന്ത്യൻ എംഎൽഎ കൂടിയാണ് സൈമൺബ്രിട്ടോ. മുൻപ് കോൺഗ്രസായിരുന്നു വനിതകൾക്ക് അർഹിക്കുന്ന സ്ഥാനങ്ങൾ നൽകുന്നില്ലെന്ന ആരോപണം നേരിട്ടിരുന്നത്. കോൺഗ്രസ് നിലപാടിനെ വിമർശിച്ച സിപിഎമ്മാണ് സ്വന്തം പാർട്ടിയിലെ വനിതകളെ ഇപ്പോൾ തഴയുന്നത്. സീറ്റു നൽകിയില്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും പ്രവർത്തനത്തിനിറങ്ങാൻ മഹിളാ അസോസിയേഷൻ പ്രവർത്തകരോട് പാർട്ടി നിർദ്ദേശം നൽകി കഴിഞ്ഞു.
പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം, ഉൾപ്പടെ നടത്താനാണ് നിർദ്ദേശം. ഇതിനായി കമ്മിറ്റികൾ വിളിച്ചു ചേർക്കാനും തുടങ്ങിയിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിക്കുന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എസ്.എഫ്.ഐ നേതാവായ ജയ്ക്ക്.സി.തോമസ് പുതുപ്പള്ളിയിലെ സ്ഥിരം ചാവേറാണ്. മറ്റൊരുനേതാവായ വി.പി.സാനുവിനെ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് വനിതകളോടും ചേരിതിരിവ് പാർട്ടി കാണിച്ചുവെന്ന് ആരോപണം ഉയരുന്നത്. മുൻപ് കോട്ടയം ജില്ലയിലുൾപ്പടെ വനിതാ നേതാകൾക്ക് സീറ്റു നൽകിയിരുന്നു. എന്നാൽ ഇത്തവണ ഇത്തരം സീറ്റുകളിൽ ഒന്നും വനിതാ നേതാക്കളെ പരിഗണിച്ചിട്ടില്ല.