കണ്ണൂർ: കണ്ണൂരിനെ നടുക്കി വീണ്ടും കൊലപാതകം. തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോൽ സ്വദേശി കൊല്ലപ്പെട്ടത് മത്സ്യ തൊഴിലാളിയായ ഹരിദാസ്. വെട്ടേറ്റത് പുലർച്ചെ രണ്ടിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ. ഉത്സവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരാഴ്‌ച്ച മുമ്പ് തർക്കം നിലനിന്നിരുന്നു. വെട്ടാൻ ശ്രമിക്കവേ തടഞ്ഞ സഹോദരൻ സുരനും വെട്ടേറ്റിട്ടുണ്ട്.

ഇതിന്റെ തുടർച്ചയായാണ് കൊലപാതകം എന്ന സംശയം നിലനിൽക്കുന്നുണ്ട്. രണ്ട് ബൈക്കുകളിൽ എത്തിയ ആളുകളാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ സിപിഐ എം- ബിജെപി സംഘർഷമുണ്ടായിരുന്നു. വെട്ടേറ്റ ഹരിദാസിനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. വെട്ടേറ്റ് കാലുകൾ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

അതേസമയം കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തുവന്നു. ആർഎസ്എസ് സിപിഎമ്മിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭയിലും ന്യൂമാഹി താലൂക്കിൽ സിപിഎം ഇന്ന് ഹർത്താൽ ആചരിക്കും. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുള്ള മേഖലയാണ് പുന്നോൽ. രണ്ട് ദിവസം മുമ്പാണ് കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകൻ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു രാഷ്ട്രീയ കൊലപാതകവും കേരളത്തിൽ ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.