പാലക്കാട്: സ്വാതന്ത്ര്യദിനം ആഘോഷിക്കവേ രാജ്യത്തെ നടുക്കി പാലക്കാട്ട് അരുംകൊല. പാലക്കാട്ട് സിപിഎ പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗ ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു. കടയിൽ സാധനം വാങ്ങാൻ നിൽക്കവേ രാത്രി 9.15 മണിയോടെ നാലംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ആക്രമണമെന്നുമാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ഈ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന ആരോപണം പൊലീസ് ശരിവെച്ചിട്ടില്ല. ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം പ്രദേശത്ത് നിലനിന്നിരുന്നതായാണ് ആരോപണം. മരുത് റോഡ് പഞ്ചായത്ത് പ്രസിഡന്റാണ് ആർഎസ്എസ് ആണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ.

ഞായറാഴ്ച രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്ഷനിലാണ് സംഭവം. കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടിവീഴ്‌ത്തി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരിവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന്റെ പശ്ചാതലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. എ.പ്രഭാകരൻ എംഎൽഎ ജില്ലാ ആശുപത്രിയിലും സംഭവ സ്ഥലവും സന്ദർശിച്ചു.

പ്രതികൾ നേരത്തെ നടന്ന മലമ്പുഴ ആറുച്ചാമി കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണെന്നാണ് പൊലീസിന്റെ നിഗമനം. 4 പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് ലഭിച് സൂചന. ഇവർക്കായി തിരച്ചിൽ വ്യാപിപ്പിച്ചു.