- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനാർത്ഥി നിർണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും കൈക്കൊണ്ട നിലപാടുകൾ കേരളത്തിൽ ഗുണകരമായി; പാർട്ടിയിലേക്ക് യുവാക്കളുടെ ഒഴുക്ക്; ദേശീയ തലത്തിലും വയസ്സന്മാരുടെ പാർട്ടിയെന്ന ചീത്തപ്പേര് ഇല്ലാതാക്കാൻ സിപിഎം; ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലൂടെ അതിജീവന വഴി തേടാൻ സിപിഎം
ന്യൂഡൽഹി: കേരളത്തിൽ ഇന്ന് ചെറുപ്പക്കാരെ ആകർഷിക്കുന്ന പാർട്ടികളിൽ മുന്നിലാണ് സിപിഎമ്മിന്റെ സ്ഥാനം. തിരുവനന്തപുരം പോലുള്ള കോർപ്പറേഷന്റെ മേയർ സ്ഥാനത്ത് ആര്യാ രാജേന്ദ്രൻ എന്ന 21കാരിയെ നിയമിച്ചതിലുള്ള നേട്ടം യുവാക്കൾക്ക് കൂടുതൽ ഉണർന്നു നൽകി എന്നതാണ്. ഇതോടെ മറ്റു പാർട്ടികളെ അപേക്ഷിച്ച് കേരളത്തിൽ യുവാക്കൾക്ക് വലിയ അവസരങ്ങൾ തന്നെ സിപിഎം തുറന്നു കൊടുക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് ഇത്തവണ കേരളത്തിൽ അധികാരത്തിലെത്താൻ പാർട്ടിക്ക് സാധിച്ചതും.
സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകിയതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിലും പുതുമുഖങ്ങളെ കൊണ്ടുവന്നു സിപിഎം എല്ലാവരെയും ഞെട്ടിച്ചു. ഇപ്പോൾ ദേശീയ തലത്തിൽ തകർന്നടിഞ്ഞ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ യുവരക്തങ്ങളെ തേടുകയാണ് സിപിഎം. ഇതിന്റെ ഭാഗമായാണ് ദേശീയതലത്തിൽ പ്രായപരിധി അടകകം നിശ്ചയിച്ചു പ്രവർത്തിക്കാൻ സിപിഎം ഒരുങ്ങുന്നത്.
കോയമ്പത്തൂരിൽ 2008ൽ നടന്ന പാർട്ടി കോൺഗ്രസിലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) 80 വയസ്സ് എന്ന പ്രായപരിധി നടപ്പാക്കിയത്. ഇതു പുതിയ തലമുറയുടെ കടന്നുവരവിനെ ചെറിയ തോതിലെങ്കിലും സഹായിച്ചെന്നാണു വിലയിരുത്തൽ. കേരളത്തിൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപീകരണത്തിലും തലമുറമാറ്റത്തിനു പാർട്ടി ഊന്നൽ നൽകി. യുവജനങ്ങളെ പരിഗണിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ചെറുപ്പക്കാരെ പ്രോൽസാഹിപ്പിക്കുന്ന കേഡർ നയം വേണമെന്നും 2015 ഡിസംബറിൽ കൊൽക്കത്തയിൽ സിപിഎം സംഘടനാ പ്ലീനത്തിൽ ചർച്ച തുടങ്ങിവച്ച പി.രാജീവ് വാദിച്ചിരുന്നു. പാർട്ടി അംഗത്വത്തിൽ 25 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അന്നു നിർദേശമുണ്ടായി.
യുവജനങ്ങളെ ആകർഷിക്കാനും വനിതാ, പട്ടികവിഭാഗ പ്രാതിനിധ്യം കൂട്ടാനും പാർട്ടി ഇനിയുമേറെ ചെയ്യേണ്ടിവരുമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. ബംഗാളിൽ പാർട്ടി നാമാവശേഷമായി; ത്രിപുരയിലും സ്ഥിതി മോശം. ചെറുപ്പക്കാരെ പ്രോൽസാഹിപ്പിച്ച് വിവിധ തലങ്ങളിലെ നേതൃനിരയുടെ ശരാശരി പ്രായം കുറച്ചുനിർത്താത്തതും ഈ സാഹചര്യത്തിനു കാരണമാണ്. ചിലർ എത്ര കാലവും പാർട്ടി സമിതികളിൽ സ്ഥിരസാന്നിധ്യമായിരിക്കുകയെന്ന രീതി ഒഴിവാക്കാൻ പ്രായവ്യവസ്ഥയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണു വിലയിരുത്തൽ.
സിസിയിലും പൊളിറ്റ്ബ്യൂറോയിലും ഉള്ളവരിൽ എസ്.രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ അടുത്ത വർഷം ഒഴിവാക്കപ്പെട്ടേക്കാം. 76 വയസ്സുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിവിധ പദവികൾ വഹിക്കുന്നവർക്ക് ഇളവ് അനുവദിക്കുന്ന കാര്യം പാർട്ടി കോൺഗ്രസ് പരിഗണിക്കുമെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.
അടുത്ത വർഷം ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിലാകും സിസിയിൽ പുതിയ പ്രായപരിധി വ്യവസ്ഥ നടപ്പാക്കുക. ഫലത്തിൽ, രാജ്യം സ്വാതന്ത്ര്യം നേടിയശേഷം പിറന്നവരുടെ നേതൃനിരയാകും രൂപപ്പെടുക. പാർട്ടിയുടെ വളർച്ച മുരടിച്ചെന്നും പുതിയ തലമുറയ്ക്ക് അവസരം നൽകിയില്ലെങ്കിൽ നിലനിൽക്കാനാവില്ലെന്നും വിലയിരുത്തിയാണു നടപടി.
കേരളത്തിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ വൈക്കം വിശ്വനും പി.കരുണാകരനും 75 കഴിഞ്ഞവരാണ്. ഔദ്യോഗിക പദവി വഹിക്കുകയാണെങ്കിലോ സേവനം പാർട്ടിക്ക് അനിവാര്യമാണെങ്കിലോ പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് ഇളവു നൽകുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ സമയത്ത് എസ്ആർപിക്ക് 80 കഴിഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം സിസിയിലും പിബിയിലും തുടരട്ടെയെന്നാണു തീരുമാനമുണ്ടായത്. ഒഴിവാക്കപ്പെടുന്ന മുതിർന്നവരിൽ ചിലരെ സേവനശേഷി കണക്കിലെടുത്ത് പ്രത്യേക ക്ഷണിതാക്കളായി നിലനിർത്തുകയെന്ന രീതി തുടരും.
എല്ലാ സമിതികളിലും ശരാശരി പ്രായം കുറയ്ക്കാനാണു ശ്രമം. കീഴ്ഘടകങ്ങളിൽ പുതിയ അംഗങ്ങൾക്കുള്ള പ്രായപരിധി സംസ്ഥാന ഘടകങ്ങൾക്കു തീരുമാനിക്കാം. ബംഗാളിൽ കഴിഞ്ഞ വർഷംതന്നെ സംസ്ഥാന സമിതിയിൽ 75 വയസ്സ് എന്ന വ്യവസ്ഥ നടപ്പാക്കി; ജില്ലാ കമ്മിറ്റി 72, ഏരിയ കമ്മിറ്റി 70 എന്നിങ്ങനെയും. കേരളത്തിൽ നിലവിൽ 80 വയസ്സാണ് ഉയർന്ന പ്രായപരിധി.
മറുനാടന് ഡെസ്ക്