കണ്ണൂർ: ബിജെപിയെ നേരിടാൻ ദേശീയ തലത്തിൽ മതേതര പാർട്ടികളുടെ സഖ്യം രൂപീകരിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന സിപിഎമ്മിന്റെ കാലിനടിയിലെ നിന്ന മണ്ണൊലിച്ചു പോകുന്നതായി സംഘടനാ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പാർട്ടി കോൺഗ്രസ് അംഗീകരിച്ചു പുറത്തിറക്കിയ സംഘടനാ റിപ്പോർട്ടിലെ കമ്യുണിക്കയിലെ ചില പ്രസക്തഭാഗങ്ങളിലാണ് ഈക്കാര്യം ചൂണ്ടിക്കാട്ടുന്നത് 'കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം കേരളമുൾപ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങൾ ഒഴികെസിപിഎം അംഗത്വത്തിൽ ഗണ്യമായകുറവുണ്ടായെന്നാണ് സംഘടനാറിപ്പോർട്ടിൽ കണക്കുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നത്.

2018ലെ ഹൈദരാബാദ് പാർട്ടി സമ്മേളന കാലത്ത് രാജ്യത്ത് 10,07,903 അംഗങ്ങളായിരുന്നിടത്ത് 2022 കണ്ണുർ പാർട്ടി കോൺഗ്രസ് ആകുമ്പോഴെക്കും അത് 9,85,757 അംഗങ്ങളായി കുറഞ്ഞു. അതേസമയം ദേശീയതലത്തിലുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയിലേറെയും കേരളത്തിൽനിന്നാണ്. കേരളത്തിൽ 5,27,174 അംഗങ്ങളാണുള്ളത്. 2018ൽ ഇത് 4,89,086 ആയിരുന്നു. 2018 പാർട്ടി കോൺഗ്രസ് വേളയിൽ ഗോവയിൽനിന്ന് പാർട്ടി അംഗങ്ങളുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഇവിടെ 45 അംഗങ്ങളുണ്ട്.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലും ത്രിപുരയും അംഗത്വത്തിന്റെ കാര്യത്തിൽ വളരെ പിന്നോട്ടാണ്. പശ്ചിമ ബംഗാളിൽ 1,92,454 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി കുറഞ്ഞു. 73,678 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോഴുള്ളത് 50,612 പേരാണ്. ആസാം, ഉത്തർപ്രദേശ്, ജമ്മു-കാഷ്മീർ, ഛത്തീസ്‌ഗഡ്, ഒഡീഷ, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ നേരത്തെ 93 പേരുണ്ടായിരുന്നത് ഇപ്പോൾ 90 ആയി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എണ്ണം. ബ്രായ്ക്കറ്റിൽ 2018ലെ അംഗങ്ങളുടെ എണ്ണം എന്നി ക്രമത്തിൽ ചുവടെ:ആൻഡമാൻ- നിക്കോബാർ-163 (147), ആന്ധാപ്രദേശ്-23, 30 (25,892), ആസാം-11,644 (12,454), ബിഹാർ-19,400 (19,233), ഛത്തീസ്‌ഗഡ്-1,344 (1,506), ഡൽഹി-2,213 (2.095), ഗുജറാത്ത്-3,724 (3,749), ഹരിയാന-2,191 (2,521), ഹിമാചൽ പ്രദേശ്-2,205 (2,239), ജമ്മു-കാഷ്മീർ-1,660 (1,734), ജാർഖണ്ഡ്-5,185 (5,348), കർണാടക-8052 (9,000), മധ്യപ്രദേശ്-2,608 (3,063), മഹാരാഷ്ട്ര-12,807 (12,480), മണിപ്പൂർ-451 (431), ഒഡീഷ-3,647 (4,361), പഞ്ചാബ്-8,389 (8,000), രാജസ്ഥാൻ-5,218 (5,211), തമിഴ്‌നാട്-9,3982 (9,0474), തെലുങ്കാന- 32,177 (35,560), ത്രിപുര-50,612 (73,678), ഉത്തരാഖണ്ഡ്-1,451 (1,416), ഉത്തർപ്രദേശ്-5,368 (5,678), പശ്ചിമബംഗാൾ-1,60,827 (1,92,454). എന്നിങ്ങനെയാണ് കണക്കുകൾ.

വർഗ ബഹുജന സംഘടനകളിലും കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പുറകോട്ടടിയുണ്ടായെന്നാണ് സംഘടനാ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമുണ്ടായ കൊ വിഡ് പ്രതിസന്ധിയാണ് അംഗത്വത്തിൽ വൻകുറവ് നേരിടാനുണ്ടായ കാരണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. പലയിടങ്ങളിലും പാർട്ടി സമ്മേളനങ്ങൾ നടത്താനോ അംഗത്വം പുതുക്കാനോ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.