ന്യൂഡൽഹി: ദേശീയ തലത്തിൽ ഫാസിസത്തിന് എതിരെ പൊരിഞ്ഞ പോരാട്ടമാണ് സിപിഎം നടത്തുന്നത് എന്നാണ് നേതാക്കൾ പൊതുവിൽ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഗുജറാത്തിൽ പോലും ബിജെപിയെ നേരിടാനുള്ള വിശാല സഖ്യത്തിനൊപ്പം സിപിഎമ്മില്ല. ബിജെപിയെ നേരിടാൻ അൽപ്പമെങ്കിലും കരുത്ത് അവശേഷിക്കുന്ന പാർട്ടി കോൺഗ്രസാണെന്നിരിക്കേയാണ് അവരുമായി യാതൊരു കൂട്ടും വേണ്ടെന്ന തീരുമാനത്തിൽ വീണ്ടും എത്തിയത്. ദേശീയ തലത്തിൽ സിപിഎമ്മിനകത്തുകൊമ്പു കോർക്കുന്ന യെച്ചൂരി-കാരാട്ട് തർക്കം മൂർച്ഛിക്കുന്ന വേളയിൽ കോൺഗ്രസുമായി യാതൊരു സഖ്യവും വേണ്ടെന്ന ചരിത്രപരമായ മണ്ടത്തരം വീണ്ടും പാർട്ടി ആവർത്തിക്കുകയാണ്.

ബിജെപി ഭരണം അവസാനിപ്പിക്കാൻ വേണ്ടിയായാലും കോൺഗ്രസുമായി ധാരണ പോലും വേണ്ടെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനം കൈക്കൊണ്ടത്. കോൺഗ്രസുമായി നേരിട്ടു സഖ്യമുണ്ടാകാതെ തിരഞ്ഞെടുപ്പ് അടവുനയം വേണമെന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് പിബി തള്ളി. കോൺഗ്രസുമായി പ്രത്യക്ഷത്തിൽ ധാരണ പോലും വേണ്ടന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് പിബിയിൽ കൂടുതൽ പിന്തുണ ലഭിച്ചത്. വ്യത്യസ്ത അഭിപ്രായമുയർന്നതോടെ ഇരുവരുടെയും നിലപാടുകൾ കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാകും.

അടുത്ത പാർട്ടി കോൺഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയമായി യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻപിള്ളയും ചേർന്നു തയാറാക്കിയ ബദൽ രേഖയുമാണു പിബി പരിഗണിച്ചത്. ഈ ബദൽ രേഖയ്ക്ക് പിന്നിൽ ചുക്കാൻ പിടിച്ചത് കേരളത്തിലെ നേതാക്കൾ തന്നെയാണ്. ബൂർഷ്വാ ഭൂവുടമ പാർട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം വേണമെന്നാണ് യച്ചൂരിയുടെ നിലപാട്. കോൺഗ്രസുമായി പ്രത്യക്ഷത്തിൽ ധാരണ പോലും വേണ്ടെന്നു കാരാട്ട് പക്ഷം വാദിക്കുന്നു. എന്നാൽ, കോൺഗ്രസ് ഇല്ലാതെ ബിജെപിയെ താഴെയിറക്കാമെന്ന് ഇരുകൂട്ടർക്കും നിലപാടില്ല.

ബിജെപിക്കെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കോൺഗ്രസിന് പിന്തുണ വർദ്ധിച്ചു വരുന്നുണ്ട്. ഗുജറാത്തിൽ അടക്കം കനത്തമായ പോരാട്ടമാണ് നടക്കുന്നതെന്ന ഫീൽ ഉണ്ടാക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ, കേരളത്തിലെ നേതാക്കളുടെ താൽപ്പര്യത്തിന് വഴങ്ങിയാണ് ദേശീയ തലത്തിൽ സിപിഎമ്മിനെ ക്ഷീണിപ്പിക്കുന്ന തീരുമാനത്തിലേക്ക് കാരാട്ട് പക്ഷം എത്തിയത്.

ബിജെപി.യെ ചെറുക്കാൻ നിലവിലെ രാഷ്ട്രീയസാഹചര്യത്തിന് യോജിച്ച തിരഞ്ഞെടുപ്പുതന്ത്രം കൈക്കൊള്ളണമെന്നാണ് യെച്ചൂരിയുടെ വാദിച്ചിരുന്നത്. മതേതര-ജനാധിപത്യ പാർട്ടികളുമായി യോജിക്കുമ്പോൾ അത് തിരഞ്ഞെടുപ്പുമുന്നണിയോ സഖ്യമോ അല്ല. കോൺഗ്രസ് അടക്കമുള്ള ബൂർഷ്വാപാർട്ടികളുമായി സഖ്യമോ മുന്നണിയോ ഇല്ലെന്നും യെച്ചൂരി വ്യക്തമാക്കി. സാഹചര്യമനുസരിച്ചുമാത്രമേ കമ്യൂണിസ്റ്റുപാർട്ടിക്ക് തിരഞ്ഞെടുപ്പുതന്ത്രം കൈക്കൊള്ളാനാവൂ. വർഗീയഫാസിസ്റ്റ് ശക്തികളാണ് ഇന്ന് ഭരിക്കുന്നത്. അവർ ആഗോളീകരണനയങ്ങളും നടപ്പാക്കുന്നു. ഇവരെ താഴെയിറക്കാനുള്ള പ്രാഥമികദൗത്യത്തിലാവണം അടവുനയമെന്നും യെച്ചൂരി വാദിച്ചു. എന്നാൽ, ഈ വാദങ്ങളൊന്നും വിലപ്പോയില്ല.

അതേസമയം, കോൺഗ്രസുമായി ഒരു രാഷ്ട്രീയധാരണയും പാടില്ലെന്ന നിലപാടിൽ കാരാട്ട്. ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുന്നതിനോട് യോജിക്കുമ്പോൾത്തന്നെ, കോൺഗ്രസുമായി സഹകരണത്തിനുള്ള സാധ്യതയ്ക്ക് വാതിൽ തുറന്നിട്ടുകൂടാ. സിപിഎം. അതിരൂക്ഷമായി എതിർക്കുന്ന നവ ഉദാരീകരണനയങ്ങളെ അംഗീകരിക്കുന്നവരാണ് കോൺഗ്രസെന്നും കാരാട്ട്പക്ഷം ചൂണ്ടിക്കാട്ടി.ൃ

സഖ്യമില്ലെങ്കിലും ഒരു സഹകരണവും പാടില്ലെന്നത് പ്രാദേശികതലത്തിലുള്ള തിരഞ്ഞെടുപ്പുസഖ്യങ്ങളെ ബാധിക്കുമെന്ന് യെച്ചൂരിപക്ഷം നിലപാടെടുത്തു. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കാനാവാത്ത സ്ഥിതിയുണ്ടാവും. അവിടത്തെ പ്രബലപാർട്ടിയായ ഡി.എം.കെ. കോൺഗ്രസുമായി സഖ്യത്തിലാണ്. കോൺഗ്രസുമായി ധാരണ പാടില്ലെന്ന നിലപാടെടുത്താൽ ഡി.എം.കെ.-സിപിഎം. സഖ്യം സാധ്യമാവില്ലെന്ന കാര്യവും യെച്ചൂരി പക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ കേരള നേതാക്കളുടെ പിടിവാശിയിൽ ഈ തീരുമാനവും പാളിപ്പോയി. ചുരുക്കത്തിൽ കേരള താൽപ്പര്യം മുൻനിർത്തിയുള്ള തീരുമാനം കൊണ്ട് സിപിഎമ്മിന് അൽപ്പമെങ്കിലും പിന്തുണയുള്ള സംസ്ഥാനങ്ങളിൽ പോലും പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകും.

2004-ൽ യു.പി.എ. സർക്കാരിനെ പിന്തുണയ്ക്കാനുള്ള അടവുനയവും കോൺഗ്രസുമായുള്ള സഖ്യമായിരുന്നില്ലെന്ന് യെച്ചൂരിപക്ഷം ചൂണ്ടിക്കാട്ടുന്നു. യു.പി.എ. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനായിരുന്നു അന്നത്തെ തീരുമാനം. അന്നത്തേതിനെക്കാൾ അപകടകരമായ രീതിയിൽ ബിജെപി. ദേശീയതലത്തിൽ ശക്തിയാർജിച്ചിട്ടുള്ളതും യെച്ചൂരിപക്ഷം ഓർമിപ്പിച്ചെങ്കിലും അതൊന്നും മുഖവിലക്കെടുക്കാൻ കാരാട്ട് പക്ഷം തയ്യാറായില്ല.

ഇപ്പോഴത്തെ സ്ഥിതിയിൽ മുസ്ലിംലീഗിനെയും കെ എം മാണിയെയും കൂടെ കൂട്ടാൻ ആഗ്രഹിക്കുന്ന കേരളത്തിലെ നേതാക്കൾക്ക് ഭാവിയിൽ അതിന് തടസമുണ്ടാകുന്ന അവസ്ഥയും ഉണ്ടാകും. കാരാട്ടിനെ പിന്തുണച്ച ബദൽ രേഖയും യെച്ചൂരി കൊണ്ടുവന്ന രേഖയും ഇനി കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. കേന്ദ്രകമ്മിറ്റി യോഗത്തിൽ യെച്ചൂരിയെ പിന്തുണക്കാൻ കൂടുതൽ പേരുണ്ടാകുമെന്നും സൂചനയുണ്ട്. എന്തു തന്നെ ആയാലും പാർട്ടി കോൺഗ്രസിന് ശേഷം മാത്രമേ കോൺഗ്രസ് ബന്ധത്തിൽ തീരുമാനമാകുകയുള്ളൂ.