- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐസക്കും സുധാകരനും ഉടക്കി നിൽകുന്ന ആലപ്പുഴയിൽ പിണറായി വിരുദ്ധർക്കെല്ലാം പണി കിട്ടും; ബിജെപി കരുത്ത് കാട്ടിയിടത്തും സമ്പൂർണ്ണ സംഘടനാ അഴിച്ചു പണി; പറഞ്ഞാൽ കേൾക്കാത്തവരെ എല്ലാം പുറത്താക്കും; തദ്ദേശ കരുത്തിൽ ഇനി സിപിഎമ്മിൽ വെട്ടിനിരത്തൽ; പാർട്ടിയെ നയിക്കാൻ കൂടുതൽ യുവാക്കളെത്തും
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് സിപിഎമ്മിൽ സംഘടനാ നടപടികളും. വിഭാഗീയത ഇല്ലാത്താക്കുകയാണ് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിലെ അനുഭവം തിരിച്ചറിഞ്ഞ് വിമതരെ വെട്ടിയൊതുക്കും. പറഞ്ഞാൽ അനുസരിക്കാത്തവരെ പദവിയിൽ നിന്ന് പുറത്താക്കുകയും ചെയ്യും.
3 വർഷം കൂടുമ്പോഴുള്ള പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞ ഒാഗസ്റ്റ് മുതൽ ഈ ജനുവരി വരെ നടക്കേണ്ടതായിരുന്നെങ്കിലും കോവിഡും തദ്ദേശ തിരഞ്ഞെടുപ്പും കാരണം അത് നടന്നില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ഇടപെടൽ. പാർട്ടി പിന്നോക്കം പോയിടത്തെല്ലാം തിരുത്തലുകൾ ഉണ്ടാകും. കാര്യക്ഷമത ഇല്ലാത്തവരെ ഒഴിവാക്കുന്നുവെന്ന പേരിലാകും അഴിച്ചു പണിയും പുനഃസംഘടനയും.
തിരഞ്ഞെടുപ്പിനു ശേഷമേ ഇനി സമ്മേളനങ്ങളിലേക്കു കടക്കൂ. എന്നാൽ ചിലയിടങ്ങളിൽ തല പൊക്കിയ വിഭാഗീയത അവസാനിപ്പിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. സ്വർണ്ണ കടത്തിൽ സർക്കാരിനെ വിമർശിച്ച സഖാക്കളെ എല്ലാം പുറത്താക്കും. ആലപ്പുഴയിൽ അടക്കം തെറ്റു തിരുത്തൽ ഉണ്ടാകും. തോമസ് ഐസക്-സുധാകര പക്ഷങ്ങൾ തമ്മിലെ ഭിന്നതയിൽ ഉറച്ച നിലപാട് എടുക്കുകയാണ് പിണറായി.
കാര്യക്ഷമതയില്ലാത്തവരെ ഒഴിവാക്കി പുതിയ ആളുകളെ കമ്മിറ്റികളിൽ എത്തിക്കാനുള്ള ഇടപെടലിനാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് ഉൾപ്പെടെ മുഴുവൻ ഘടകങ്ങളിലുമുള്ള ഒഴിവുകളും ഈ മാസത്തോടെ നികത്തും. ഇതിനായി മുഴുവൻ ഏരിയ കമ്മിറ്റികളിലും 16 മുതൽ 19 വരെ നടക്കുന്ന നടക്കുന്ന പ്രത്യേക യോഗങ്ങളിൽ സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഫലത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കീഴ് ഘടകങ്ങളിൽ നടപ്പാക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെടുമ്പോഴും ചില ശക്തികേന്ദ്രങ്ങളിൽ ബിജെപി സാന്നിധ്യം അറിയിക്കുകയും ചിലയിടത്ത് അവർ ഭരണത്തിലെത്തുകയും ചെയ്തതിനു പാർട്ടിയുടെ ദൗർബല്യവും പോരായ്മയും ഉണ്ട്. പന്തളത്തും വർക്കലയിലും ഇത് പ്രകടമായി. കോട്ടയത്തും തിരിച്ചടികളുണ്ടായി. ഈ സാഹചര്യത്തിലാണ് പുനഃസംഘടന.
വിവിധ ഘടകങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടവരുടെയും പകരം എടുക്കേണ്ട യുവാക്കളുടെയും പട്ടിക തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ഊർജസ്വലമാക്കുന്നതിന്റെ ഭാഗമായി തീരുമാനിച്ച ഗൃഹസന്ദർശനത്തിൽ സംസ്ഥാന സെക്രട്ടറി മുതൽ പാർട്ടിയുടെ തദ്ദേശസ്ഥാപന അംഗങ്ങൾ വരെ പങ്കാളികളാകും.
സർക്കാരിനെയും പാർട്ടിയെയും കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് അറിയാനും ക്രോഡീകരിക്കാനുമാണ് ഈ മാസം 24 മുതൽ 31 വരെയുള്ള ഗൃഹസന്ദർശന പരിപാടി.
മറുനാടന് മലയാളി ബ്യൂറോ