കണ്ണൂർ : അരുവിക്കര തെരഞ്ഞെടുപ്പ് വിധിയുടെ പശ്ചാത്തലത്തിൽ സിപിഐ(എം). ഹൈന്ദവപ്രീണനത്തിനൊരുങ്ങുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം). കോട്ടയായ കണ്ണൂരിലെ ല്യാശേരി പോലുള്ള ബൂത്തുകളിൽ ബിജെപി.ക്ക് നൂറിൽപരം വോട്ടുകൾ നേടാനായത് സിപിഎമ്മിനു തലവേദനയുണ്ടാക്കിയിരുന്നു. രാജൃത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിലെ പാർട്ടിഗ്രാമങ്ങളിൽനിന്നു പോലും ബിജെപിയിലേക്ക് അണികൾ ചോരുന്നതു തടയിടാനാണ് ഹൈന്ദവ പ്രേമം എന്ന അജണ്ടയിലേക്ക് പാർട്ടി തിരിയുന്നതിന് കാരണമായത്.

പാർട്ടി അംഗങ്ങൾക്ക് മതവിശ്വാസംപോലും വിലക്കിയിരുന്നകാലം സിപിഎമ്മിലുണ്ടായിരുന്നു. എന്നാൽ അതൊക്കെ ഇന്നു പഴങ്കഥയായി മാറുകയാണ്. കണ്ണൂർ കാസർകോട്, കോഴിക്കോട് ജില്ലകളിൽ സിപിഎമ്മിൽനിന്നും അണികളുടെ ചോർച്ച പതിയെ ആരംഭിച്ചിട്ടുണ്ട്. അനുഭാവികളായി വരുന്നവരുടെ അഭാവം പ്രകടമായും തിരഞ്ഞെടുപ്പുകളിലൂടെ പ്രതിഫലിക്കുന്നുമുണ്ട്. അതിനാൽ ഭൂരിപക്ഷ സമുദായത്തിന്റെ പിൻതുണയോടെ മാത്രമേ ഇനി പാർട്ടിക്ക് ശക്തിയുണ്ടാക്കാൻ കഴിയൂ എന്ന തിരിച്ചറിവ് നേതൃത്വത്തിനും ഉണ്ടായിട്ടുണ്ട്. മലബാർ മേഖലയിൽ എസ്.എൻ ഡി.പി. ശക്തമല്ലെങ്കിലും അവരും സിപിഎമ്മിന് അനുകൂലമല്ല. നായർ, തീയ്യ വോട്ടുകൾ നേടാൻ ഹൈന്ദവ വിശ്വാസികളെ സ്വാധീനിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.

ക്ഷേത്രങ്ങളിലും കാവുകളിലും സ്വാധീനമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ വളരെ നേരത്തെ സിപിഐ(എം) തീരുമാനിച്ചിരുന്നു. ശബരിമലയിൽ വൃതമെടുത്ത് പോകുന്നതിന് പാർട്ടി അംഗത്വം തടസ്സമല്ലെന്നും വിശദീകരിച്ചിരുന്നു. എന്നാൽ ക്ഷേത്രങ്ങളിലെ ഭരണസമിതികളിലേക്ക് എത്താൻ പാർട്ടി അംഗങ്ങൾ വേണ്ടത്ര ഉത്സാഹം കാട്ടിയില്ല. അത് തിരുത്തുകയാണ് ല്ക്ഷ്യം. ഹൈന്ദവ വോട്ടുകളെ ഒപ്പം നിർത്താനാണ് ഇത്. ആർഎസ്എസ് ഇടപെടലുകൾ ക്ഷേത്രങ്ങളിൽ കുറയ്ക്കുക തന്നെയാണ് ലക്ഷ്യം. അമ്പലങ്ങൾ കേന്ദ്രീകരിച്ച് ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്ക് അനുകൂലമാക്കുന്നുവെന്നാണ് സിപിഐ(എം) തിരിച്ചറിവ്.

ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടി ഭരണം പിടിച്ചടക്കിയ ചിറക്കൽ പഞ്ചായത്തിലും സിപിഐ(എം). കേന്ദ്രങ്ങളിൽ ബിജെപി.സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. ചിറക്കൽ, ആർപ്പാംതോട്, ഓണപ്പറമ്പ്, കാഞ്ഞിരത്തറ എന്നിവിടങ്ങളിൽ ബിജെപി.യുടെ വേരുകൾ ആഴത്തിൽ ഓടിയിട്ടുണ്ട്. ഭക്തി മാർഗത്തിലൂടെയാണ് ബിജെപി.തങ്ങളുടെ ആൾ സ്വാധീനം വർദ്ധിപ്പിക്കുന്നത്. ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും അനാചാരങ്ങളിലും അവർ സജീവമായി പങ്കെടുക്കുന്നു. അതുകൊണ്ടു തന്നെ സിപിഐ(എം). ക്ഷേത്രവിശ്വാസങ്ങളിലിടപെട്ട് തങ്ങളുടെ സ്വാധീനം വർദ്ധപ്പിക്കാനാണ് ശ്രമം.

മലബാറിൽ ഒട്ടേറെ ക്ഷേത്രങ്ങളുടേയും കാവുകളുടേയും നേതൃസ്ഥാനം സിപിഐ(എം). സ്വായത്തമാക്കികഴിഞ്ഞു. അത് വീണ്ടു വിപുലീകരിക്കാനാണ് പാർട്ടി നീക്കം. കാസർഗോഡ് ജില്ലയിലെ കാവുകളിലെ ചടങ്ങുകളിൽ സിപിഐ(എം) എംഎ!ൽഎ കെ.കുഞ്ഞിരാമൻ സജീവമായിട്ട് ഏറെക്കാലമായി. നിലമംഗലം ഭഗവതി ക്ഷേത്രത്തിലെ പെരുംകളിയാട്ടത്തിന്റെ പ്രധാന സംഘാടകൻ കുഞ്ഞിരാമനായിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ദേശത്തെ ഭക്തജനങ്ങളുടെ ശക്തമായ പിൻതുണയും ലഭിച്ചു പോന്നിരുന്നു.

കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ ബിജെപി. സ്ഥാനാർത്ഥിയായി മത്സരിച്ച കെ.സുരേന്ദ്രന് സിപിഐ(എം). കേന്ദ്രങ്ങളിൽനിന്നും വോട്ടുകൾ നേടാനായതും സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിച്ചിരുന്നു. അതോടെയാണ് ക്ഷേത്ര കാരൃങ്ങളിലെ ഇടപെടൽ പാർട്ടിക്ക് ഗുണകരമാകുമെന്ന കാരൃം സിപിഎമ്മിന് മനസ്സിലാക്കാനായത്. ഏറ്റവുമൊടുവിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിലും പാർട്ടി വോട്ടുകൾ ചോർന്നതും സിപിഎമ്മിന് വെള്ളിടിയായി.

ഹൈന്ദവ വോട്ടുകൾ ബിജെപി.ക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ക്ഷേത്രങ്ങളിലും കാവുകളിലും സി. പി. എം സ്വാധീനം ഇനി ശക്തമാക്കും ഒപ്പം യു.ഡി.എഫ്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനനയം എടുത്തുകാട്ടിയുള്ള ശക്തമായ പ്രചരണത്തിനും ഇനി സിപിഐ(എം) രംഗത്തിറങ്ങും.