- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേവികുളത്ത് സീറ്റ് ഉറപ്പിക്കാൻ രാജേന്ദ്രന്റെ 'ഓപ്പറേഷൻ തിരുവനന്തപുരം'; അതിവിശ്വസ്തന് മൂന്നാം ടേം അനുവദിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞ് പിണറായിയും; മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ എന്ന് നോക്കി പ്രഖ്യാപനം എത്തും? രണ്ട് സീറ്റുകൾ സിപിഎം ഒഴിച്ചിടുന്നതിന് പിന്നിലെ കഥ
തിരുവനന്തപുരം: മഞ്ചേശ്വരത്തും, ദേവികുളത്തും സിപിഎം. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് എതിർ സ്ഥാനാർത്ഥികൾ ആരെന്ന ചോദ്യം ബാക്കി നിൽക്കുന്നതിനാൽ. ദേവികുളം സിപിഎമ്മിൻെ്റ സിറ്റിങ് സീറ്റാണ്. കഴിഞ്ഞ രണ്ടു തവണയായി എസ്.രാജേന്ദ്രനാണ് ഇവിടെ നിന്ന് വിജയിക്കുന്നത്. എന്നാൽ രണ്ടുതവണ ടേം പാർട്ടിക്കുള്ളിൽ നിർബന്ധമാക്കിയതോടെ എസ്.രാജേന്ദ്രനു പകരമായി ഡി.വൈ.എഫ്ഐ ട്രഷറർ രാജയെയും ജില്ലാകമ്മിറ്റിയംഗം ഈശ്വരനെയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.
എന്നാൽ എസ്.രാജേന്ദ്രനു ഒരു തവണ കൂടി ഇവിടെ സീറ്റു നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. രാജേന്ദ്രനെതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ടെങ്കിലും പാർട്ടി ഇതൊന്നും ഗൗനിച്ചിട്ടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് എ.കെ.മണി മത്സരിച്ചാൽ രാജേന്ദ്രനു ഒരു തവണകൂടി മത്സരക്കാൻ പാർട്ടി അനുമതി നൽകാനുള്ള സാധ്യത തള്ളികളയാനാവില്ല. തമിഴ്ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മണിക്കു എതിരു നിൽക്കാൻ രാജേന്ദ്രനെ പോലെ ശക്തമായ സ്ഥാനാർത്ഥി വേണമെന്നാണ് വിലയിരുത്തൽ.
കൂടുതൽ ചർച്ചകൾക്കായി രാജേന്ദ്രനെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷമായിരിക്കും ഇവിടെ സ്ഥാനാർത്ഥി പ്രഖ്യാപനമെന്നാണ് സൂചന. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മൂന്നാറുൾപ്പെടുന്ന മണ്ഡലമാണ് ദേവികുളം. വി എസ്.സർക്കാരിൻെ്റ കാലത്തു നടന്ന മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ ഏറെ വിവാദമായിരുന്നു. അന്ന് കൈയേറ്റമൊഴിപ്പിക്കലിനെതിരെ പരസ്യ നിലപാടുമായി രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു. സർക്കാരിൻെ്റ നടപടിക്കെതിരെ രംഗത്തു വന്നിട്ടും രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ പാർട്ടി തയാറായില്ല.
എ.കെ.മണിയും അന്ന് കൈയേറ്റമൊഴിപ്പിക്കലിനെതിരെ രംഗത്ത് വന്നിരുന്നു. മുന്നണികൾക്ക് ഭീഷണിയായി തോട്ടം തൊഴിലാളികൾക്ക് ഇടയിൽ വളർന്നു വന്ന പെൺകൾ ഒരുമൈയെ തകർത്തതും രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിരുന്നു. ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്ന ദേവികുളത്ത് ശക്തമായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്ന് സിപിഎമ്മിന് നന്നായി അറിയാം അതുകൊണ്ടാണ് ദേവികുള മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം മാറ്റി വച്ചത്. ദേവികുളത്ത് ബിജെപി പിന്തുണയോടെ എ.ഐ.എഡി.എം.കെ. സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ട്. രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ രാജേന്ദ്രൻ വീണ്ടും സ്ഥാനാർത്ഥിയാകാനാണ് സാധ്യതയെന്ന് സിപിഎം കേന്ദ്രങ്ങളും പറയുന്നു.
മഞ്ചേശ്വരത്തും ഇതു തന്നെയാണ് അവസ്ഥ കെ. സുരേന്ദ്രൻ ബിജെപി. സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ടെങ്കിൽ ശക്തമായ സ്ഥാനാർത്ഥിയെ കളത്തിലിറക്കേണ്ടി വരും. അതു മുന്നിൽ കണ്ടാണ് ഇന്നലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താത്തത്. മഞ്ചേശ്വരത്ത് ബിജെപിയുമായി സിപിഎം ഒത്തുകളിക്കുന്നുവെന്ന ആരോപണം കോൺഗ്രസ് ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പരാതികളില്ലാത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് ആലോചന.
മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിൽ ഒഴികെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അഞ്ച് മന്ത്രിമാരും 33 സിറ്റിങ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നില്ല. തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ വിജയരാഘവൻ പറയുന്നു. വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എംഎം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു. ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ്സ് വരെയുള്ള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സിന് ഇടയിൽ പ്രായമുള്ള- 13 പേർ, 50-60- ന് ഇടയിൽ പ്രായമുള്ള 31 പേർ മത്സരിക്കുന്നു, 60-ന് മേൽ 24 പേരും മത്സരിക്കുന്നു. 9 സ്വതന്ത്രരും മത്സരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ