- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയ കൊലപാതക കേസിലെ ഒന്നാം പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി നിലനിർത്തി: ടിപി കേസിലെ പ്രതി കുഞ്ഞനന്തന്റെ മകൾക്കും പദവി; കണ്ണൂരിലെ സിപിഎം നേതൃത്വം അക്രമ രാഷ്ട്രിയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന ആരോപണം ശക്തമാകുമ്പോൾ
കണ്ണൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ ലിസ്റ്റിൽ രാഷ്ട്രീയ വധക്കേസിലെ പ്രതികളും സ്ഥാനം പിടിച്ചത് കണ്ണൂരിൽ രാഷ്ട്രീയ വിവാദമാകുന്നു. ഈ മാസം പത്തിന് തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങളിലാണ് വിവാദമായ തെരഞ്ഞെടുപ്പുണ്ടായത്.
പയ്യന്നുരിലെ ബി.എം.എസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയെയാണ് ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം നേതൃത്വം നിലനിർത്തിയത്. പയ്യന്നൂർ അന്നൂരിലെ ബി.എം.എസ് പയ്യന്നൂർ മേഖലാ പ്രസിഡണ്ട് സി.കെ.രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ടി.സി.വി നന്ദകുമാറിനെയാണ് കൊരവയൽ ബ്രാഞ്ചിന്റെ സെക്രട്ടറിയായി സിപിഎം തെരഞ്ഞെടുത്തിരിക്കുന്നത്.
അന്നൂരിലെ ബി.എം.എസ് നേതാവായ സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് സിപിഎം നേതാവ് ടി.സി.വി നന്ദകുമാർ. ഭാര്യയുടെ താലിമാല വലിച്ച് പൊട്ടിച്ച ശേഷമാണ് രാമചന്ദ്രനെ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം കൊലപ്പെടുത്തിയത്. പയ്യന്നുർധനരാജ് വധത്തിനു ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് തിരിച്ചടിയായി രാമചന്ദ്രന്റെ കൊലപാതകവും നടന്നത്.
കണ്ണുരിൽ നടക്കുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തിലാണ് പാർട്ടിയുടെ പയ്യന്നൂർ കൊരവയൽ ബ്രാഞ്ച് സെക്രട്ടറിയായി ടി.സി.വി നന്ദകുമാറിനെ തെരഞ്ഞെടുത്തത്. ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരൻ വധത്തിന് ശേഷം പ്രവർത്തകർ അക്രമം നടത്തിയാൽ സംരക്ഷിക്കില്ലെന്ന് തുറന്ന് പ്രഖ്യാപിച്ച സിപിഎം നേതൃത്വം തന്നെയാണ് ഒരു കൊലക്കേസ് പ്രതിക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനം നൽകി സംരക്ഷണമൊരുക്കിയത്.
അതേസമയം ഈ സംഭവത്തിൽ വലിയ വിമർശനവും ഉയരുന്നുണ്ട്. കൊലക്കേസിലെ ഒന്നാം പ്രതിയെ തന്നെ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ അക്രമ രാഷ്ട്രീയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് സിപിഎം നേതൃത്വമെന്നാണ് കോൺഗ്രസിന്റയും ബിജെപിയുടെയും വിമർശനം. കൊല ചെയ്യുന്നവർക്ക് സിപിഎം നൽകുന്ന പ്രോത്സാഹനത്തിന്റെ തെളിവാണിതെന്നും ഇരു പാർട്ടികളിലെയും നേതാക്കൾ ആരോപിക്കുന്നു.
നേരത്തെ പാനൂർപാറാട് ടി.പി ചന്ദ്രശേഖരൻ വധകേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസത്തിനിടെ മരണമടഞ്ഞ സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തന്റെ മകളെയും സമ്മേളനത്തിൽ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.