കണ്ണൂർ: ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കു അല്പം സ്വാതന്ത്ര്യം അനുവദിച്ചപ്പോൾ പാർട്ടി അംഗങ്ങളും അനുഭാവികളും ആശയത്തിൽനിന്നും അകന്നു നിന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിലെ ബാലസംഘം ഘോഷയാത്രയിലും അതോടനുബന്ധിച്ച ചടങ്ങുകളിലും പാർട്ടിനിർദ്ദേശം ലംഘിക്കപ്പെട്ടെന്ന് സിപിഐ.(എം) നേതൃത്വം കണ്ടെത്തി.

രാജ്യത്ത് ഏറ്റവും കൂടുതൽ സിപിഐ.(എം) അംഗങ്ങളുള്ള കണ്ണൂർജില്ലയിൽത്തന്നെയാണ് മതചിഹ്നങ്ങൾ ഉപയോഗിച്ചും ദൈവങ്ങളെ പ്രദർശിപ്പിച്ചും ഘോഷയാത്ര നടത്തിയത്. ഇതു സംബന്ധിച്ച് സിപിഐ.(എം) ക്കകത്ത് അഭിപ്രായഭിന്നത രൂപപ്പെട്ടിരിക്കയാണ്. ശ്രീകൃഷ്ണനെ വേഷം കെട്ടി പ്രദർശിപ്പിച്ചതും ശ്രീനാരായണ ഗുരുവിന്റെ നിശ്്ചലദൃശൃം അവതരിപ്പിച്ച രീതിയും തെറ്റായ സന്ദേശം നൽകാൻ കാരണമായതായി സിപിഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ സമ്മതിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് കുറ്റക്കാർക്കെതിരെ നടപടി വരുന്നത്. ലോക്കൽ സെക്രട്ടറിമാർക്ക് സ്ഥാന ചലനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവും വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് അണികളുടെ ചോർച്ച തടയാനാണ് കേന്ദ്ര കമ്മറ്റി നിർദ്ദേശിച്ചിരുന്നത്. അതിന്റെ ഭാഗമായാണ് ഓണാഘോഷവുമെത്തിയത്. എന്നാൽ അത് വിവാദമയതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായെന്ന് സിപിഐ(എം) കേന്ദ്ര നേതാക്കൾ വിലയിരുത്തുന്നു. ഈ വിവാദം എത്രയും വേഗത്തിൽ മറികടന്നില്ലെങ്കിൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടി ലഭിക്കും. ഈ സാഹചര്യത്തിൽ ഗുരുവിനെ അപമാനിച്ചുവെന്ന വിവാദം എത്രയും വേഗം അവസാനിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതാക്കൾ നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രത്യക്ഷ ഇടപെടലുകൾ.

ഓണാഘോഷ സമാപനം എന്നപേരിൽ ബാലസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഘോഷയാത്ര കാരണം പാർട്ടിയെ മുൾമുനയിലാക്കിയ സംഭവത്തെക്കുറിച്ച് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ സംഭവത്തെക്കുറിച്ച് തളിപ്പറമ്പിലെത്തി അന്വേഷണം നടത്തി. സിപിഐ.(എം) ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഏരിയാ സെക്രട്ടറിയേയും ഗുരുദേവനെ കുരിശിലേറ്റിയ നിശ്ചലദൃശൃം അവതരിപ്പിച്ച സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയേയും വിളിച്ചു വരുത്തി കോടിയേരി ചർച്ച നടത്തി. ആർ്.എസ്.എസിനെപ്പോലെ മത ചിഹ്നങ്ങൾ ഉപയോഗിച്ചത് പാർട്ടിക്കകത്ത് അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരിക്കയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നേരിട്ടെത്തി കാര്യങ്ങൾ അന്വേഷിച്ചതിനാൽ വിവാദ നിശ്ചലദൃശ്യം ഒരുക്കിയവർക്കും അതിനു നേതൃത്വം നൽകിയവർക്കുമെതിരെ നടപടി ഉറപ്പായിരിക്കയാണ്.

സിപിഐ.(എം) ജില്ലാ കമ്മിറ്റി ഘോഷയാത്രയെക്കുറിച്ച് പാർട്ടി കീഴ്ഘടകങ്ങൾക്ക് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. ഘോഷയാത്രയുടെ ആദൃാവസാനം നിരീക്ഷിക്കണമെന്നും ഒരു വിധത്തിലും മതത്തേയോ മതനേതാക്കളേയോ ദുർവ്യാഖ്യാനം ചെയ്യുന്ന രീതി ഉണ്ടാകരുതെന്നും കർശന നിർദ്ദേശം നൽകിയിരുന്നു. ഘോഷയാത്രയുടെ പേരിൽ ഒരു വിധ സംഘർഷവും ഉണ്ടാകാൻ പാർട്ടി കാരണമാകരുതെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. പാർട്ടി നിർദ്ദേശം ചില സ്ഥലങ്ങളിൽ ലംഘിക്കപ്പെട്ടുവെന്നാണ് നേതൃത്വം കണ്ടെത്തിയിട്ടുള്ളത്. സിപിഐ.(എം)ക്കെതിരെ കുതിര കയറാൻ എതിരാളികൾക്ക് അവസരമൊരുക്കി മതചിഹ്നങ്ങൾ ഉപയോഗിച്ചതായും ശ്രീകൃഷ്ണന്റെ വേഷം കെട്ടിയതായും പാർട്ടി കണ്ടെത്തിയിട്ടുണ്ട്.

തളിപ്പറമ്പ് ലോക്കൽ കമ്മിറ്റി ശ്രീനാരായണഗുരുവിന്റെ നിശ്ചലദൃശ്യം ഒരുക്കിയാണ് വിവാദത്തിന് തിരികൊളുത്തിയതെങ്കിൽ പാനൂർ, തലശ്ശേരി ഏരിയായിൽ ശ്രീകൃഷ്ണവേഷം കെട്ടി ഘോഷയാത്ര നടത്തുന്നതും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ഘോഷയാത്രയിൽ ശ്രീകൃഷ്ണവേഷം ഒരു കാരണവശാലും അരുതെന്ന് പാർട്ടി വിലക്കിയിരുന്നു. എന്നാൽ അതിനു വിരുദ്ധമായി ശ്രീകൃഷ്ണനെ തെരുവിലിറക്കിയ ഏരിയാ ലോക്കൽ നേതാക്കൾക്കെതിരേയും പാർട്ടി നടപടിയുണ്ടാകും. സിപിഐ.(എം) ലോക്കൽ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നവരുടെ ഉദാസീനത മൂലമാണ് പാർട്ടിക്ക് പൊതു സമൂഹത്തിൽ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നത്. അതിനാൽ അത്തരം നേതാക്കൾക്കെതിരെ നടപടി ഉറപ്പായിരിക്കയാണ്.

എസ്. എൻ.ഡി.പി.അംഗങ്ങളും അനുഭാവികളും സിപിഐ.(എം) യിലും കോൺഗ്രസ്സിലും മാത്രം അണിനിരക്കുന്ന വടക്കെ മലബാറിൽ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റുന്ന ആർഎസ്എസ്. നിലപാടെന്ന നിശ്ചലദൃശ്യം ഒരുക്കിയത് പാർട്ടിയെ സംബന്ധിച്ച് നേട്ടമോ കോട്ടമോ ഉണ്ടാകില്ല. തീയ്യ സമുദായക്കാരുടെ കൂവോട് പ്രദേശത്ത് അവരിൽ ഭൂരിപക്ഷവും സിപിഐ.(എം) അനുഭാവികളാണ്. അവർതന്നെയാണ് ഈ നിശ്ചലദൃശ്യവും ഒരുക്കിയത്. എന്നാൽ സിപിഐ.(എം)ക്കുണ്ടായ വിന ചില്ലറയൊന്നുമല്ല. പാർട്ടിയെ വെട്ടിലാക്കിയ പാർട്ടിക്കാർക്കെതിരെ മുഖം നോക്കാതെ നടപടിക്ക് ഒരുങ്ങുകയാണ് സിപിഐ.(എം) സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ. എസ് എൻ ഡി പി യൂണിയൻ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങളുടെ ശക്തി കുറയ്ക്കാൻ നടപടികളിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.