- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോട്ടയോട് മത്സരിച്ച് ഇടത്പക്ഷം! പഞ്ചാബിൽ സിപിഎമ്മിനെ വിഴുങ്ങിയത് ആപ്പ്; 77ൽ 15 സീറ്റുണ്ടായിരുന്നിടത്ത് ഇത്തവണ കെട്ടിവെച്ച കാശുപോലും കിട്ടിയില്ല; ഭഗത് സിംഗും ഇനി കെജ്രിവാളിന്; 74ൽ യുപിയിൽ 16 സീറ്റുണ്ടായിരുന്ന സിപിഐ വട്ടപ്പൂജ്യം; കോൺഗ്രസ് തകർന്നതിൽ ആഹ്ലാദിക്കുന്ന സിപിഎമ്മിന്റെ അവസ്ഥ ദയനീയം
ന്യൂഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നു തരിപ്പിണമാവുന്നത്, കേരളത്തിലെ ചില സൈബർ സഖാക്കൾ വൻ തോതിൽ ആഘോഷിക്കയാണ്. എന്നാൽ ഈ സംസ്ഥാനങ്ങിൽ സിപിഎം അടക്കമുള്ള ഇടതുപക്ഷത്തിന്റെ നില കേട്ട ഞെട്ടിപ്പോകും. ഒരുകാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായിരുന്നു പഞ്ചാബിലെ ഭട്ടിൻഡയിലും പാട്യാലയിലും, യുപിയിലെ വാരണാസിയിലുമെല്ലാം നോട്ടക്ക് തുല്യമായ വോട്ടുകളാണ് ഇടതുപാർട്ടികൾക്ക് കിട്ടിയത്. അദേഴ്സ് എന്ന ലിസ്റ്റിൽ അല്ലാതെ മുഖ്യധാരയിൽപോലും ഇവരെ പരിഗണിക്കുന്നില്ല. ഒരു പാർട്ടിയും സഖ്യത്തിൽ പോലും ചേർക്കുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിൽ മത്സരിച്ച എവിടെയെങ്കിലും, കെട്ടിവെച്ച കാശ് കിട്ടിയോ എന്നത് 'ദേശാഭിമാനിയിൽ' പോലും വാർത്തയാവുന്നില്ല.
ഹിന്ദി ഹൃദയഭൂമി ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ബാലികേറാമലയാണെങ്കിൽ മുമ്പങ്ങനെ ആയിരുന്നില്ല. 1974ൽ ഉത്തർ പ്രദേശ് നിയമസഭയിൽ സിപിഐക്ക് 16 എംഎൽഎമാരുണ്ടായിരുന്നു എന്നു കേട്ടാൽ അത്ഭുതം തോന്നും. യുപിക്ക് പുറമെ ബിഹാറിലും പഞ്ചാബിലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. പാർട്ടി പിളർപ്പിന് ശേഷം പഞ്ചാബിൽ സിപിഎമ്മും സിപിഐയും തമ്മിൽ കടുത്ത മത്സരത്തിലായി. ഇരു പാർട്ടികൾക്കും ജനപിന്തുണയുമുണ്ടായിരുന്നു. പഞ്ചാബിൽ ഏതാണ്ട് തുല്യശക്തികൾ. പക്ഷേ 90കൾക്ക് ശേഷം ഇടതുപക്ഷം അടിക്കടി പിറകോട്ട് അടിക്കായായിരുന്നു. ഹർകിഷൻ സിങ് സുർജിത്തിന് ശേഷം ഉത്തരേന്ത്യയിൽ പരിചിതമായ ഒരു മുഖം പോലും സിപിഎമ്മിന് ഉണ്ടായിരുന്നില്ല.
ദേശീതയലത്തിൽ തന്നെ വോട്ടും അതുപോലെ കുറയുകയാണ്.1980 ലെ തിരഞ്ഞെടുപ്പിൽ 6.2 ശതമാനമായിരുന്നു സിപിഎമ്മിന്റെ നാഷണൽ വോട്ട് ഷെയർ. അതിന് ശേഷം അത് ചുരുങ്ങിച്ചുരുങ്ങി 2019ൽ 1.75 ആയി മാറി! കോൺഗ്രസ്സിന്റേത് ഏകദേശം 42 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറഞ്ഞു. അതുകൊണ്ട്, കോൺഗ്രസ്സുകാർ വൻതോൽവി ആണെങ്കിൽ സിപിഎം അതിലും വല്യ തോൽവി ആണെന്ന് വ്യക്തമാണ്.
ഭഗത് സിങിനെപ്പോലും ആപ്പ് എടുത്തു
പഞ്ചാബിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ ആപ്പിലേക്കാണ് കൂടുമാറിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകൾ കരുതുന്നത്. എൻഡിടിവി ചാനൽ പാട്യാലയിലെ കോളജുകളിൽ നടത്തിയ സർവേയിൽ എസ്എഫ്ഐ അനുഭാവമുള്ള യുവാക്കൾ പോലും ഇത്തവണ ആപ്പിനാണ് വോട്ടുചെയ്യുക എന്നാണ് വെളിപ്പെടുത്തിയത്. ഒരു മാർക്സിറ്റായിരുന്നു ഭഗത്സിങിന്റെ പാരമ്പര്യംപോലും ഉപയോഗപ്പെടുത്താൻ സിപിഎമ്മിന് ആയിട്ടില്ല. പകരം ആ ആദ്മിയാണ് അത് ഉപയോഗപ്പെടുത്തുന്നത്. നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി, ഭഗവന്ത് മൻ സിങ്് പറയുന്നത് താൻ ഭഗത്സിങിന്റെ അനുയായി ആണെന്നും തന്റെ സത്യപ്രതിഞ്ജ ഭഗത്സിങിന്റെ ഗ്രാമത്തിലാണെന്നുമാണ്. എന്നാൽ സ്റ്റാലിന്റെയും, ലെനിന്റെയുമൊക്കെ പടം വെക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് പ്രചാരണത്തിൽ പോലും ഭഗത്സിങ്ങിന്റെ ഫോട്ടോ വെക്കാറില്ല!
ഇന്ത്യാ വിഭജനത്തിന് മുമ്പുള്ള ഐക്യ പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടായിരുന്നു. 1920ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തുടക്കം കുറിക്കുമ്പോൾ അതിന്റെ ഭാഗമായിരുന്നവരിൽ നല്ലൊരു പങ്കും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതൽക്ക് തന്നെ ഗദ്ദർ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ രാഷ്ട്രീയം പഞ്ചാബിൽ വേര് പിടിച്ചു. ഭഗത് സിംഗിനെ പോലുള്ളവർ ഇടതുപക്ഷ ആശയങ്ങൾക്കും മാർക്‌സിസ്റ്റ് ചിന്തകൾക്കും പ്രചാരം നൽകുന്നതിൽ പങ്ക് വഹിച്ചു. ഭഗത് സിംഗിനെ പോലുള്ള ധീര വിപ്ലവകാരികൾക്കും രക്തസാക്ഷികൾക്കും ജന്മം നൽകിയ പഞ്ചാബിൽ സ്വാഭാവികമായും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വാധീനമുണ്ടായി. കിസാൻ സഭയും കർഷക പ്രസ്ഥാനങ്ങളും വലിയ ശക്തിയായിന്നു. ഇതിനിടയിൽ എഴുപതുകളിൽ ഇടതുപക്ഷ തീവ്രവാദത്തിലേക്കും ഖാലിസ്ഥാൻ തീവ്രവാദത്തിലേക്കുമൊക്കെ ധാരാളം യുവാക്കൾ വഴിമാറി. ഇടതുപക്ഷത്തെ സംബന്ധിച്ച് ദുരന്തമായിരുന്നു ഇതെല്ലാം.
പഞ്ചാബിൽ ഇടതുപക്ഷത്തിന്റെ ഇടം പിടിച്ചെടുക്കുകയാണ് ആം ആദ്മി പാർട്ടി എന്ന തരത്തിലുള്ള വിലയിരുത്തലുകൾ വരുന്നുണ്ട്. ഡൽഹിയിൽ കോൺഗ്രസിനേയും ബിജെപിയേയും അപ്രസക്തരാക്കി ആം ആദ്മി പാർട്ടി വൻ വിജയം നേടിയപ്പോഴും ഇതേ വിലയിരുത്തലുണ്ടായി. പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ഈ വിലയിരുത്തലുകൾ തെറ്റാണ്. കാരണം മേൽപ്പറഞ്ഞ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടതുപക്ഷം ഒരിക്കലും അധികാര ശക്തിയായിട്ടില്ല. അങ്ങനെയൊരു ഇടം അവർക്ക് ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ ആം ആ്ദമി പാർട്ടി കയറിയിരിക്കുന്നത് ഇടതുപക്ഷത്തിന് കയറിയിരിക്കാമായിരുന്ന ഇടങ്ങളിലാണ്. ഒരു കാലത്ത് ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന ഒരിടം ആം ആദ്മി പാർട്ടി സ്വന്തമാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണം പഞ്ചാബാണ്.
ഇടതിന്റെ സപേസിൽ അവർ കയറുന്നു
1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ 14 ശതമാനം വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയിരുന്നു. 1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് എട്ട് സീറ്റും സിപിഐയ്ക്ക് ഏഴ് സീറ്റും ലഭിച്ചു. 2002ലാണ് ഇടതുപക്ഷ പാർട്ടികൾക്ക് പഞ്ചാബിൽ അവസാനമായി സീറ്റ് കിട്ടിയത്. സിപിഐക്ക് അന്ന് കിട്ടിയത് രണ്ട് സീറ്റ്. സിപിഎമ്മിന് അവസാനമായി സീറ്റ് കിട്ടിയത് 1992ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്.
എഎപി ഇടതുപക്ഷ വോട്ടുകൾ വലിയ തോതിൽ വിഴുങ്ങാൻ പോവുകയാണെന്ന് അന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ജോഗീന്ദർ ദയാലിനെപ്പോലുള്ള പലരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇന്ത്യയിലെ ജാതി രാഷ്ട്രീയം മനസിലാക്കുന്നില്ല, നേതാക്കളുടെ സവർണ മനോഭാവം തുടങ്ങി നിരവധി ആരോപണങ്ങൾ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾക്ക് നേരെ ഏറെ കാലമായി ഉയർന്നുവരുന്നതാണ്. പഞ്ചാബിൽ സിപിഐ (എംഎൽ) പ്രവർത്തകനും ദളിത് കവിയുമായ ബാന്ദ് സിങ് പാർട്ടി വിട്ട് എഎപിയിൽ ചേർന്നിരുന്നു. ജാതി രാഷ്ട്രീയത്തോട് മുഖം തിരിച്ച് നിൽക്കുന്ന പാർട്ടി നേതാക്കളുടെ സവർണ മനോഭാവത്തെക്കുറിച്ചാണ് ബാന്ദിന് പറയാനുണ്ടത്. ഇതൊരു ഒറ്റപ്പെട്ട സംഭവമമായിരിക്കാൻ സാധ്യതയില്ല. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ദളിതരുള്ളതും ശതമാനക്കണക്ക് വച്ച് നോക്കുമ്പോൾ ദളിത് പ്രാതിനിധ്യം കൂടിയ സംസ്ഥാനവും പഞ്ചാബാണ്. ജനസംഖ്യയിൽ 32 ശതമാനം ദളിതരാണ്.
എഎപിക്ക് പഞ്ചാബിന്റെ പ്രശ്‌നങ്ങൾ മനസിലാകുന്നുണ്ട്. അതുകൊണ്ടാണ് ഒരു ദളിത് മാനിഫെസ്റ്റോ തന്നെ അവർ പുറത്തിറക്കിയത്. ഇന്ത്യയിൽ ഏറ്റവുമധികം യുവാക്കൾ ലഹരിമരുന്നിന് അടിമകളാകുന്ന സംസ്ഥാനം പഞ്ചാബാണ്. ഇതിനെതിരെ കാമ്പയിനും ആപ്പ് ഉയർത്തിക്കൊണ്ടുവന്നു.ഒപ്പം ഡൽഹി മോഡൽ വികസനം എന്ന മാതൃകയും അവർക്ക് കാണിക്കാനായി.പഞ്ചാബിലെ മധ്യവർഗത്തെ കയ്യിലെടുക്കാൻ എഎപിക്ക് കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശൂന്യത നികത്തുകയാണ് ലിബറൽ എന്നോ മധ്യ ഇടതുപക്ഷമെന്നോ വിളിക്കാൻ കഴിയുന്ന ആം ആദ്മി പാർട്ടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യുവാക്കുളുടെയും സ്ത്രീകളുടെയും വോട്ടാണ് വൻ തോതിൽ ആം ആദ്മിയിലേക്ക് വീണത്.
ദേശീയ - അന്തർദേശീയ വിഷയങ്ങൾ, ബദൽ വികസന മാതൃകകൾ, ഇന്ത്യയിലെ ഭൂബന്ധങ്ങൾ, കാർഷിക, വ്യാവസായിക പ്രശ്‌നങ്ങൾ, സാമ്പത്തിക നയങ്ങൾ തുടങ്ങിയവയിലെല്ലാം ആം ആദ്മി പാർട്ടിക്കില്ലാത്ത ആശയ വ്യക്തതയും നിലപാടുകളും സിപിഎം അടക്കമുള്ള പാർട്ടികൾക്കുണ്ട്. എന്നാൽ പ്രായോഗിക തലത്തിൽ അവർ തികഞ്ഞ പരാജയമാവുന്നു. എഎപി അതിനെ കുറിച്ച് താത്വിക അവലോകനങ്ങൾ നടത്തുന്നില്ല എന്നത് ശരി തന്നെ. പക്ഷെ ഇത്തരം പ്രശ്‌നങ്ങളെ സംബന്ധിച്ച് അവർ അന്വേഷിക്കുന്നുണ്ട്. പ്രായോഗികമായി ഇടപെടാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് സോണി സോറിയെ പോലുള്ളവരും ബാന്ദ് സിംഗിനെ പോലുള്ളവരും എഎപിയുടെ ഭാഗമായത്. കേരളത്തിലും ആപ്പ് ഒരു തരംഗമായാൽ വോട്ട് കുറയക ഏത് പാർട്ടിക്കാണെന്ന് ചിന്തിക്കാൻ കഴിയുന്നതേയുള്ളൂ.
മറ്റ് സംസ്ഥാനങ്ങളിലും സമ്പൂർണ്ണ പരാജയം
1951 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പു മുതൽ ഉത്തർപ്രദേശിൽ പോരാട്ടത്തിനിറങ്ങിയ സിപിഐ 57ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റിൽ മത്സരിച്ച് ഒൻപത് സീറ്റിൽ വിജയം നേടി. 1962 ആയപ്പോഴേക്കും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടു. റസ്ര മണ്ഡലത്തിൽ വിജയം ആവർത്തിച്ച പാർട്ടി, ഘോസിയിലും വിജയം നേടി രണ്ടു പേരെ ലോക്സഭയിലെത്തിച്ചു. 430 അംഗ യുപി നിയമസഭയിൽ 147 സീറ്റിൽ മത്സരിക്കാൻ കരുത്തു നേടിയ പാർട്ടി, കാൻപുർ അടക്കമുള്ള 14 സീറ്റിൽ വിജയം നേടി. ഇന്ന് അവിടെയൊക്കെ ജയിച്ചിരിക്കുന്നത് ബിജെപിയാണ്.
ക്ഷേത്രനഗരമെന്ന് അറിയപ്പെടുന്ന വാരണാസി ഒരു കാലത്ത് ചുവപ്പണിഞ്ഞ നാടായിരുന്നു. അറുപതുകളുടെ തുടക്കത്തിൽ വാരണാസിയിലെ പല നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷം ശക്തി തെളിയിച്ചു. 1962 ൽ വാരാണാസിക്കു സമീപത്ത ചില നിയമസഭാ സീറ്റുകളിൽ വിജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു. പിളർപ്പിനു ശേഷം 1967 ൽ സിപിഎമ്മിന് യുപിയിലെ ആദ്യ ലോക്സഭാംഗത്തെ സംഭാവന ചെയ്തത് വാരണാസിയാണ്. നിയമസഭയിലേക്ക് വാരണാസി സൗത്ത് മണ്ഡലത്തിൽ ജയിച്ചത് സിപിഐയാണ്. അക്കാലത്ത ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും അടിത്തറയുള്ള പ്രദേശമായി ഇവിടം വളർന്നിരുന്നു. എന്നാൽ, പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ ആ വിജയം ആവർത്തിക്കാൻ ഇടതിനായിട്ടില്ല. 1971 ൽ കോൺഗ്രസും 77 ൽ ജനതാ പാർട്ടിയും 1980 ലും 84 ലും കോൺഗ്രസും ജയിച്ചു. 1989 ൽ അനിൽ ശാസ്ത്രിയിലൂടെ ജനതാദളും വിജയിച്ച ഇവിടം പതിയെ ബിജെപിയിലേക്ക് ചാഞ്ഞു.1991ലും 1996ലും 1998 ലും ബിജെപി വിജയിച്ചു. പിന്നെ ഇടതിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.
2002 ൽ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന നാലു തിരഞ്ഞെടുപ്പിലും സിപിഎമ്മും സിപിഐക്കും അക്കൗണ്ട് തുറകക്കാനായിട്ടില്ല. ഇത്തവണയും സമാനമായ സ്ഥിതിയാണ് ഉണ്ടായത്.അതുപോലെ വടക്ക് കിഴക്കൻ മേഖലയിലെ സിപിഐയുടെ തുരുത്തുകളിൽ ഒന്നായിരുന്ന മണിപ്പൂർ. ത്രിപുരയിൽ സിപിഎം അധികാരത്തിലേക്ക് മുന്നേറിയപ്പോൾ, മണിപ്പുരിൽ രൂപീകരണം മുതൽ ശക്തമായ സാന്നിധ്യമാണ് സിപിഐ. ഒരിക്കലും അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും നിയമസഭയിൽ മിക്ക തിരഞ്ഞെടുപ്പിലും പ്രതിനിധികളെ എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് പൊരുതി 1967 ലും 1998 ലും സിപിഐ സ്ഥാനാർത്ഥികൾ മണിപ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു കയറിയും ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.2021 ൽ മണിപ്പൂരിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വോട്ടു നഷ്ടമായ പ്രസ്ഥാനങ്ങളിൽ മുഖ്യ കക്ഷിയാണ് സിപിഐ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ബംഗാളിലും, ത്രിപുരയിൽ സിപിഎം ബിജെപിയെ വിഴുങ്ങിയതുപോലെ ഫലത്തിൽ മണിപ്പൂരിൽ ബിജെപി സിപിഐയെ വിഴുങ്ങുകയായിരുന്നു.ഇത്തവണ രണ്ട് സീറ്റിൽ മാത്രം മത്സരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ സിപിഎം മത്സരത്തിനുണ്ടായിരുന്നില്ല. രണ്ടിടത്തും തോൽക്കുയും ചെയ്തു. ഗോവയിൽ പണ്ടുമുതലേ സിപിഎമ്മിന് ശക്തിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ ചിത്രത്തിൽ ഉണ്ടായിരുന്നുമില്ല.