ന്യൂഡൽഹി: സിപിഎമ്മിൽ ഇന്നുള്ളത് കേരളത്തിന്റെ കരുത്ത് മാത്രം. കെ റെയിലിൽ ഭരണമുണ്ടെന്ന ആത്മവിശ്വാസത്തിൽ എതിര് തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ തീരുമാനവും നിലപാടും എടുക്കും. ഗുണവും ദോഷവുമെല്ലാം കേരളത്തിലെ നേതാക്കൾക്ക് അനുഭവിക്കാം. ഇതാണ് സിപിഎം കേന്ദ്ര കമ്മറ്റിയിലെ പൊതു വികാരം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും പിണറായിയുടെ സ്വപ്‌ന പദ്ധതിക്ക് എതിരാണ്. പക്ഷേ എതിർക്കാനുള്ള കരുത്ത് അവർക്കില്ല. അതുകൊണ്ട് തന്നെ പരസ്യമായി പദ്ധതിയെ സിപിഎം കേന്ദ്ര നേതൃത്വം അനുകൂലിക്കില്ല.

ജനരോഷം വകവയ്ക്കാതെ സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതു പാർട്ടിക്കു തിരിച്ചടിയാകുമോ എന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ ചർച്ചയ്ക്ക് പുതിയ തലം നൽകി. പാർട്ടി ദേശീയ നേതൃത്വം പ്രത്യക്ഷത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പമാണെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ടു സർക്കാർ കരുതലോടെ നീങ്ങണമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. സിപിഎം പ്രകടന പത്രികയിൽ റെയിൽ പദ്ധതി ഉള്ളതുകൊണ്ടാണ് എതിർക്കാത്തത്. കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ ഈ വടി ഉപയോഗിക്കുകയും ചെയ്യും.

പദ്ധതിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരനും നടത്തിയ പരസ്യ പ്രതികരണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതത്തോടെയാകാം. പദ്ധതിയെ മോദി അനുഭാവപൂർവം പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും കേന്ദ്രം എതിരാണെന്ന സൂചനയാണു കേന്ദ്രമന്ത്രിമാരുടെ പ്രതികരണങ്ങളിലുള്ളത്. ഇതും ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. ജനങ്ങളെ എതിരാക്കരുതെന്ന മുന്നറിയിപ്പും മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇത്തരം വിമർശനവും തിരിച്ചറിവും നടത്തുമ്പോഴും പിണറായിയെ എതിർക്കാൻ കേന്ദ്ര നേതൃത്വത്തിന് കഴിയുന്നില്ലെന്നതാണ് വസ്തുത.

പദ്ധതിക്കു മോദി അനുകൂലമാണെങ്കിൽ മന്ത്രിമാർ അത്തരം പരാമർശങ്ങൾ നടത്തില്ല. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കാതെ കല്ലിടലുമായി മുന്നോട്ടു പോകുന്നതു ജനരോഷം ശക്തമാക്കും. ഇതു മുതലാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണു കോൺഗ്രസും ബിജെപിയും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും പാർട്ടിയും ജാഗ്രത പാലിക്കണമെന്നും അഭിപ്രായമുയർന്നു. കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ എതിർ സ്വരം ദേശീയ നേതൃത്വം ഉയർത്തില്ലെന്നും ഏതാണ്ട് ഉറപ്പായി. ഈ സാഹചര്യത്തിൽ യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിക്കുമോ എന്നതാണ് ഇനി നിർണ്ണായകം.

സിൽവർ ലൈൻ സമരങ്ങളെ നേരിടാൻ ദേശീയതലത്തിൽ പ്രചാരണത്തിനൊരുങ്ങുകയാണ് സിപിഎം എന്നും റിപ്പോർട്ടുണ്ട്. സിൽവർലൈനിനെതിരായ പ്രതിഷേധങ്ങൾ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാർട്ടി കോൺഗ്രസിന് ശേഷം പദ്ധതിക്ക് വേണ്ടി ദേശീയതലത്തിൽ പാർട്ടി പ്രചാരണം നടത്തും. ദേശീയ നേതൃത്വത്തിൽ കേരള ഘടകത്തിനുള്ള സ്വാധീനമാണ് ഇതിനെല്ലാം കാരണം. പാർട്ടി കോൺഗ്രസിൽ കെ റെയിലിനെ പിന്തുണയ്ക്കാൻ യെച്ചൂരി തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ മാറ്റുമെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്.

സിൽവർലൈൻ പദ്ധതി സംസ്ഥാനത്തിന് പുറത്തും പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ ഈ വിഷയം കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. ഇതോടെ ദേശീയ തലത്തിലും സിൽവർലൈൻ ഉയർന്നു വന്നു. ഇതിനാലാണ് ദേശീയ തലത്തിൽ സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ നേരിടാൻ സിപിഎം തീരുമാനിച്ചത്. സംഘടനാതലത്തിൽ ഇതിനുള്ള നടപടികൾ തുടങ്ങും. ദേശീയ തലത്തിൽ വലിയ പ്രചാരണങ്ങൾ നടത്താനാണ് തീരുമാനം.

പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ എല്ലാ ബഹുജന സംഘടനകളേയും ഒത്തിണക്കിക്കൊണ്ട് വലിയൊരു പ്രചാരണ പരിപാടികളിലേക്ക് പാർട്ടി പോകുമെന്നാണ് വിവരം. പദ്ധതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പാർട്ടി ലക്ഷ്യം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണങ്ങൾക്കായിരിക്കും ഊന്നൽ നൽകുക. സംഘടനാ തലത്തിൽ ശക്തമായ പ്രചാരണ പരിപാടികൾ നടത്താനും ധാരണയായിട്ടുണ്ട്.