പയ്യന്നൂർ: ധനരാജ് രക്തസാക്ഷി ദിനാചരണത്തിന് ഇനി ദിവസങ്ങൾ ബാക്കി നിൽക്കവേ കുടുംബത്തിസാമ്പത്തിക ബാധ്യത സഹകരണ ബാങ്കിൽ അടച്ച് തലയൂരി സി.പി. എം നേതൃത്വം. പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ കടമാണ് പാർട്ടി ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നും ഇന്നലെ അടച്ചു തീർത്തത്. ഇന്ന് ലോക്കൽ കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയാണ് നിർണായക നീക്കം നടത്തിയത്.

നേരത്തെ രണ്ടു ഏരിയാ നേതാക്കൾ പാർട്ടിയറിയാതെ സ്വകാര്യ അക്കൗണ്ടുകളിൽ ഈ തുക ഫിക്സഡ് ഡെപോസിറ്റായി മാറ്റിയെന്നായിരുന്നു പരാതി. പിന്നീട് ആരുമറിയാതെ ഇതു പിൻവലിച്ചതോടെ പാർട്ടിക്കുള്ളിൽ വിവാദം പൊട്ടിപ്പുറപ്പെട്ടു., ഈ സാഹചര്യത്തിലാണ് മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ രേഖകൾ സഹിതം പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ബാക്കിയുള്ളത് 26,000 രുപയാണ്.

2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സജീവ സി.പി. എം പ്രവർത്തകനായ ധനരാജ് കൊല്ലപ്പെടുന്നത്. ഈ സാഹചര്യത്തിൽ രക്തസാക്ഷി ദിനാചരണം അടുത്തിരിക്കെയാണ് മുഖം രക്ഷിക്കാനായി സി.പി. എം പുതിയ നീക്കം നടത്തിയത്. പയ്യന്നൂരിലെ സി.പി. എം പ്രവർത്തകർക്കിടെയിൽ ഏറെ വൈകാരികമായി സ്വാധീനമുള്ള പ്രവർത്തകനായിരുന്നു മുൻ ഡി.വൈ. എഫ്. ഐ പ്രാദേശിക നേതാവുകൂടിയായ ധനരാജ്. അതുകൊണ്ടു തന്നെ ധനരാജ് കുടുംബസഹായ ഫണ്ടിലേക്ക് കൈയ് മെയ് മറന്നുള്ള സഹായമാണ് ലഭിച്ചത്.

85ലക്ഷത്തിലധികം രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതിൽ 25ലക്ഷം രൂപയ്ക്ക് ധനരാജിന്റെ കുടുംബത്തിന് വീടുവെച്ചു നൽകി. ഭാര്യയുടെയും മക്കളുടെയും പേരിൽ അഞ്ചുലക്ഷം വീതവും അമ്മയുടെ പേ്രിൽ മൂന്ന്ലക്ഷവും സഹകരണ ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടു. ബാക്കി വരുന്ന 42ലക്ഷമാണ് പയ്യന്നൂരിലെ രണ്ടു ഏരിയാ നേതാക്കളുടെ പേരിൽ സ്ഥിരം നിക്ഷേപമാക്കി ആരുമറിയാതെ പലിശവാങ്ങിയത്. ഇതിനൊക്കെ ബാങ്ക്് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തെളിവുകളുമായാണ് മുൻ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ തെളിവുമായെത്തിയത്. ഇതേ തുടർന്ന് പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരെ സി.പി. എം അച്ചടക്കനടപടിയെടുത്തിരുന്നു.

പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർത്ത് ഇന്ന് കണക്ക് അവതരിപ്പിക്കാനിരിക്കെയാണ് ധനരാജിന്റെ ബാങ്ക് ബാധ്യതയുടെ ഒരു ഭാഗം തീർത്ത് സി.പി. എം നേതൃത്വം താൽക്കാലികമായി തലയൂരിയത്. കഴിഞ്ഞ ദിവസം ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ വി.കുഞ്ഞികൃഷ്ണൻ പങ്കെടുത്തിരുന്നില്ല. ഏരിയാകമ്മിറ്റി അംഗത്വം സാങ്കേതികമായിനിലനിർത്തിയിട്ടുണ്ടെങ്കിലും കുഞ്ഞികൃഷ്ണന്റെ അസാന്നിധ്യം പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.