കോട്ടയം: കാഞ്ഞിരപ്പള്ളി മെത്രാന്റെ ആവശ്യപ്രകാരം സഭ നിർദ്ദേശിക്കുന്നവർക്ക് സീറ്റ് കൊടുക്കാനുള്ള സിപിഎമ്മിന്റെ വിവാദമായ തീരുമാനം വഴിത്തിരിവിൽ. കോട്ടയത്തെ മൂന്ന് സീറ്റുകളിലും സിപിഐ(എം) സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞ പേരുകൾ തന്നെ വീണ്ടും ആവർത്തിച്ച് ഉറപ്പാക്കിയ ഇന്ന് ചേർന്ന സിപിഐ(എം) കോട്ടയം ജില്ലാ കമ്മിറ്റി വിവാദമായ പൂഞ്ഞാർ സ്ഥാനാർത്ഥിക്കെതിരെയും നിലപാടെടുത്തതായാണ് സൂചന. ജില്ല കമ്മിറ്റിയുടെ ശക്തമായ എതിർപ്പിനെ തുർന്ന് കോട്ടയത്തെ മൂന്ന് സിപിഐ(എം) സീറ്റുകളിലും ജില്ലാ കമ്മിറ്റി ഏകകണ്ഠമായി നിർദ്ദേശിച്ചവരെ തന്നെ സ്ഥാനാർത്ഥികളാക്കും. ഇതിൽ ഏറ്റവും പ്രധാനം ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിന്റെ സ്ഥാനാർത്ഥിത്വമാണ്, കോട്ടയത്ത് റെജി സക്കറിയയും പുതുപ്പള്ളിയിൽ എസ്എഫ്‌ഐ പ്രസിഡന്റ് ജെയ്ക് സി തോമസ് സ്ഥാനാർത്ഥിയാവും.

മുമ്പ് ജില്ലാകമ്മിറ്റി നൽകിയ പേരുകൾ സംസ്ഥാന കമ്മിറ്റി തിരുത്തിയിരുന്നു. വീണ്ടും റിപ്പോർട്ട് ചെയ്യാനായി ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ മൂന്ന് പേരുകൾ മാത്രം തീരുമാനിച്ചത്. പൂഞ്ഞാർ സീറ്റിന്റെ പേരിൽ ഇടഞ്ഞ് നിൽകുന്ന സഖാക്കളെ അനുനിയിക്കാൻ മൂന്ന് സീറ്റുകളിലും സംസ്ഥാന നേതൃത്വം വഴങ്ങുക ആയിരുന്നു. ഇതോടെ ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ പ്രചാരണം ആരംഭിക്കാം. കോട്ടയത്തെ ഏറ്റവും ഇമേജ് ഉള്ള നേതാവാണ് സുരേഷ് കുറുപ്പ്. സംസ്ഥാന നേതൃത്വത്തിന് താല്പര്യം ഇല്ലാത്തതിനാൽ മത്സര രംഗത്ത് ഇല്ല എന്ന് കുറുപ്പ് വ്യക്തമാക്കിയിരുന്നു.

സഭയിലൂടെ വളർന്ന് വന്ന തീപ്പൊരി നേതാവായ റെജി സക്കറിയ കോട്ടയത്ത് എത്തുന്നത് അണികൾക്ക് ആവേശം ഉണ്ടാക്കിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയോട് ഏറ്റുമുട്ടിയ റെജി സക്കറിയ വളരെ ജനകീയനായ സിപിഐ(എം) നേതാക്കളിൽ ഒരാളാണ്. കോട്ടയത്ത് തിരുവഞ്ചൂരുമായി ഏറ്റുമുട്ടാൻ പറ്റിയ സ്ഥാനാർത്ഥിയാണ് റെജി സക്കറിയ എന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ ആഴത്തൽ ബന്ധമുള്ള തീപ്പൊരി പ്രാസംഗകൻ തിരുവഞ്ചൂരുമായി ഏറ്റുമുട്ടി വിജയിക്കുമെന്ന് വിശ്വാസം പാർട്ടി പ്രവർത്തകർക്കുണ്ട്. മുമ്പ് ടികെ രാമകൃഷ്ണനും വിഎൻ വാസവനും വിജയിച്ച മണ്ഡലമാണ് കോട്ടയം. യുഡിഎഫിന്റെ കുത്തക സീറ്റല്ലെങ്കിലും തിരുവഞ്ചൂരിന്റെ വ്യക്തിപ്രഭാവം എങ്ങനെ പ്രതിഫലിക്കുമെന്ന് വിലയിരുത്തുക വയ്യ. അടൂരിൽ മത്സരിച്ച ഓരോ സമയത്തും ഭൂരിപക്ഷം വാരിപ്പിടിച്ച പാരമ്പര്യമാണ് തിരുവഞ്ചൂരിനുള്ളത്, അടൂർ സംവരണ മണ്ഡലമായതിലൂടെയാണ് തിരുവഞ്ചൂർ കഴിഞ്ഞ തവണ കോട്ടയത്തേയ്ക്ക് വന്നത്.

അതേ സമയം പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും സഭ സ്ഥാനാർത്ഥിക്ക് സീറ്റ് നൽകുന്നതിനെതിരെ കടുത്ത വികാരമാണ് കോട്ടയത്തെ പാർട്ടി പ്രവർത്തകർക്കിടിയിൽ ഉള്ളത്. സർവ്വ പാർട്ടി പ്രവർത്തകരും നേതാക്കളും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൽ കടുത്ത അതൃപ്തിയിലാണ്. ഈ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കുന്ന കാര്യം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ ജില്ലാ കമ്മിറ്റി നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടില്ല. എന്നാൽ പൂഞ്ഞാറിൽ ജോർജ് ജെ മാത്യുവിനെയോ പിസി ജോർജിനെയോ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ കടുത്ത വിമർശനം ഉയർന്നതായാണ് സൂചന. പൂഞ്ഞാറിലും ഈ രണ്ട് സ്ഥാനാർത്ഥികൾക്കും എതിരെ കടുത്ത വിമർശനം ആണ് ഉയരുന്നത്. ഇതിന്റെ പ്രതിഫലനം ജില്ലാ കമ്മിറ്റിയിലും ഉണ്ടായി. ഈ തീരുമാനത്തിനെതിരെ പ്രമേയം പാസ്സാക്കണം എന്ന നിർദ്ദേശം ഉയർന്നതായും സൂചനയുണ്ട്. എന്നാൽ ജില്ലാ സെക്രട്ടറി അതിനോട് യോജിച്ചില്ല.

എന്നാൽ പാർട്ടി അച്ചടക്കം കണക്കിലെടുക്കാതെ പൂഞ്ഞാറിലെ സർവ്വ സിപിഐ(എം) പ്രവർത്തകരും പിസി ജോർജിനെയും ജോർജ് ജെ മാത്യുവിനും എതിരെ രംഗത്തുണ്ട്. ജോർജ് ജെ മാത്യുവായിരിക്കും സ്ഥാനാർത്ഥിയെന്നാണ് പ്രചാരണം ശക്തമായതോടെയാണ് അണികൾ രംഗത്തിറങ്ങിയത്. പ്രതിഷേധ പ്രകടനം നടത്താനും മറ്റുമുള്ള ആലോചനയിലാണ് പാർട്ടി പ്രവർത്തകർ. ജോർജിനെയും ജോർജ് ജെ മാത്യുവിനെയും സ്ഥാനാർത്ഥിയാക്കരുതെന്ന് പറഞ്ഞ് പൂഞ്ഞാർ മണ്ഡലത്തിലെ സർവ്വ ബ്രാഞ്ച് കമ്മിറ്റികളും ഒരുമിച്ച് ചേർന്ന് പ്രമേയം പാസ്സാക്കുന്ന കാര്യം ആലോചനയിലാണെന്ന് ഇവിടെ നിന്നുള്ള പ്രാദേശിക നേതാക്കൾ പറയുന്നു. പലരും രോഷം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ച് കഴിഞ്ഞു.

പൂഞ്ഞാറിലെ ഇടത് സ്ഥാനാർത്ഥി താനാണെന്ന് പറഞ്ഞ് ജോർജ് ജെ മാത്യുവും പിസി ജോർജും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ജോർജ് ആശങ്കയോടെയാണ് അവകാശ വാദം ഉന്നയിക്കുന്നതെങ്കിൽ ജോർജ് ജെ മാത്യു ആത്മവിശ്വാസത്തോടെ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. കാഞ്ഞിരപ്പള്ളി മെത്രാന്റെ നിർദ്ദേശ പ്രകാരം ആണ് ജോർജ് ജെ മാത്യു സ്ഥാനാർത്ഥിയാകുന്നത്. സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ നേരിട്ട് മെത്രാനെ കണ്ട് സ്ഥാനാർത്ഥിയെ മാറ്റാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതായും സൂചനയുണ്ട്. എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന മെത്രാൻ നേതാക്കളെ അറിയിച്ചത്രെ. ഇതോടെയാണ് മുൻ കേരള കോൺഗ്രസ് ചെയർമാനും മുൻ കോൺഗ്രസ് എംഎൽയും കോടീശ്വരനുമായ ജോർജ് ജെ മാത്യു പ്രചാരണം ആരംഭിച്ചത്.