തിരുവനന്തപുരം: മലപ്പുറം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. നാളെ മലപ്പുറത്തു വിളിച്ചിരിക്കുന്ന ജില്ലാകമ്മിറ്റി യോഗത്തിന്റെ കൂടി അംഗീകാരത്തോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. അതിനിടെ പൊതു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കവും സജീവമാണ്. സംവിധായകൻ കമൽ പിൻവലിഞ്ഞ സാഹചര്യത്തിലാണ് പുതിയ ആൾക്ക് വേണ്ടിയുള്ള അന്വേഷണം സജീവമാക്കിയത്.

ഡിവൈഎഫ്‌ഐ അഖിലന്ത്യാ അധ്യക്ഷൻ വി.കെ.മുഹമ്മദ് റിയാസ്, കെ.ടി.റഷീദലി, വി.പി.സാനു തുടങ്ങിയവരെയാണു ജില്ലാനേതൃത്വം നിർദ്ദേശിച്ചിട്ടുള്ളത്. ഇതിൽ റിയാസിനാണ് സാധ്യത കൂടുതൽ. പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയെ ആലോചിക്കണമെന്ന അഭിപ്രായം സംസ്ഥാനനേതൃത്വത്തിനുണ്ട് എന്നതിനാൽ അത്തരം പേരുകളിലേക്ക് അവർ കടന്നേക്കാം. 25, 26 തീയതികളിൽ പാർട്ടി സംസ്ഥാനകമ്മിറ്റിയും വിളിച്ചിട്ടുണ്ട്. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ യോഗത്തിലുണ്ടായേക്കും.

മലപ്പുറത്തെ സി.പി.എം വിജയസാധ്യത കാണുന്നില്ല. ഇ അഹമ്മദിന്റെ മരണത്തിലെ സഹതാപത്തിൽ കുഞ്ഞാലിക്കുട്ടി വമ്പൻ ഭൂരിപക്ഷ നേടുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഈ വിജയത്തിന്റെ തിളക്കം കുറച്ച് മാനം കാക്കാനാണ് സി.പി.എം ശ്രമം. മലപ്പുറത്ത് ബിജെപിയും സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല.