കോഴിക്കോട്:അരുവിക്കര തെരഞ്ഞെടുപ്പിലെ ഷോക്കിൽനിന്ന് ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം വഴി കരകയറാമെന്ന് സിപിഐ(എം) വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മികച്ച വിജയം നേടാനാവുമെന്നാണ് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ അവസാനവട്ട കണക്കുകൂട്ടൽ. ഇതിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ എതാണ്ട് 60 ശതമാനവും തദ്ദേശസ്ഥാപനങ്ങൾ അനുകൂലമാവുമെന്നാണ്,താഴെതട്ടിൽനിന്ന് ശേഖരിച്ച കണക്കുകൾവച്ച് സിപിഐ(എം) നേതക്കാൾ പറയുന്നത്. കാസർകോട്, തൃശൂർ ,തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ പകുതിയിലേറെ പഞ്ചായത്തുകൾ നേടാനാവും. എന്നാൽ മുൻസിപ്പാലിറ്റികളിൽ കടുത്ത മൽസരമാണ്.കഴിഞ്ഞ ദിവസം ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിലും ഈ അഭിപ്രായമാണ് ഉയർന്നത്.

വി എസ് സജീവമായി രംഗത്തുവന്നതും എസ്.എൻ.ഡി.പിബിജെപി സഖ്യത്തെ ചെറുക്കാനായതും, ദേശീയതലത്തിൽ നടക്കുന്ന ബീഫ് വിവാദമടക്കമുള്ളവയും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. കോൺഗ്രസിലെ ഗ്രൂപ്പിസവും, ഘടകകക്ഷികൾ തമ്മിലുള്ള അനൈ്യകവും, ഉമ്മൻ ചാണ്ടിഭരണത്തിലെ അഴിമതിയും ചേരുന്നതോടെ തങ്ങൾക്ക് അനുകൂലമായ സാഹചര്യം രൂപപ്പെട്ടുവെന്നാണ് കോടിയേരിയുടെ വാദം.എന്നാൽ എത്ര സീറ്റ് കിട്ടുമെന്നുള്ള പ്രവചനത്തിലേക്ക് കടക്കാൻ അദ്ദേഹം തയാറായില്ല.

കോർപ്പറേഷനുകളിൽ കൊല്ലവും, കോഴിക്കോടും നിലനിർത്താൻ കഴിയുമെന്നും, കൊച്ചി പിടിച്ചെടുക്കുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. തിരുവനന്തപുരത്ത് ബിജെപി ഏതാനും സീറ്റുകൾ പിടച്ചാൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയും പാർട്ടി കാണുന്നുണ്ട്. അങ്ങനെയാണെങ്കിലും സിപിഐ(എം) ആയിരിക്കും എറ്റവും വലിയ ഒറ്റക്കക്ഷി. യു.ഡി.എഫിന് മുൻതൂക്കമുള്ള കോർപ്പറേഷനുകൾ ആണെങ്കിലും തൃശൂരിലും, കണ്ണൂരിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. എന്നാൽ വാർഡ് വിഭജനത്തിന്റെയും പുതിയ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തതിന്റെയും ആനുകൂല്യം ഉള്ളതുകൊണ്ട് മുൻസിപ്പാലിറ്റികളിൽ ഈ മേൽക്കെ സിപിഐ(എം) പ്രതീക്ഷിക്കുന്നില്ല. എങ്കിലും യു.ഡി.എഫ് കോട്ടയായ കോഴിക്കോട്ടെ കൊടുവള്ളിപോലുള്ള പല മുൻസിപ്പാലിറ്റികളിലും ഭരണം പിടിക്കാമെന്നാണ് പാർട്ടി പ്രതീക്ഷ.

യു.ഡി.എഫിലെ വിമതശല്യവും, ലീഗ്‌കോൺഗ്രസ് പോരാട്ടത്തിന്റെ ആനുകൂല്യവും മലപ്പുറത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 'സാമ്പാർ' മുന്നണിയുടെ കാര്യത്തിൽ ജില്ലാ നേതാക്കൾക്ക് അമിത പ്രതീക്ഷയില്ല. കിട്ടിയാൽ കിട്ടി, എല്ലാം വോട്ടെണ്ണിക്കഴിഞ്ഞ് കാണാം എന്ന നിലപാടിലാണ് ഇവർ. എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പ്‌പോലെ ലീഗിന് ഈസി വാക്കോവർ ആവില്ല ഇതെന്ന് പ്രാദേശിക സിപിഐ(എം) നേതൃത്വത്തിന് ഉറപ്പുണ്ട്.പത്തനംതിട്ടയിൽ മാറിയ സാഹചര്യങ്ങളിൽ എൻ.എസ്.എസിന്റെ വോട്ട് എങ്ങോട്ട് ചായുമെന്നും എൽ.ഡി.എഫ് ആകാക്ഷയോടെ നോക്കുന്നുണ്ട്.കോട്ടയത്ത് കേരളാകോൺഗ്രസ്‌കോൺഗ്രസ് തൊഴുത്തിൽകുത്തിൽനിന്ന് നേട്ടമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മുകാർ.പി.സി ജോർജ് മുന്നണി മാറി വന്നതിന്റെ ആനകൂല്യം വോട്ടാകുമോയെന്ന് ജില്ലാ നേതൃത്വത്തിനും ഉറപ്പില്ല.

കൊച്ചികോർപ്പറേഷൻ തിരച്ചുപടിക്കുമെങ്കിലും മുൻസിപ്പാലിറ്റികളിലും പഞ്ചായത്തിലും കടുത്ത മൽസരമാണ്. ടോണി ചമ്മണിയെപ്പോലുള്ള മേയർമാരുടെ അഴിമതിയും ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ അഴിമതിയും കൂടിയായപ്പോൾ ഇരട്ട ഭരണവിരുദ്ധവികാരമാണ് എറണാകുളം ജില്ലയിൽ ഉള്ളതെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു. ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയെ കൂടെ കൂട്ടിയത് ഗുണം ചെയ്യും.എന്നാൽ 'പൊമ്പിളെ ഒരുമൈ' അടക്കം വിവിധ സംഘടനകൾ മൽസരരംഗത്തുള്ളിടത്ത് ഫലം അനിശ്ചിതത്വത്തിലാണ്.

കഴിഞ്ഞതെരഞ്ഞെടുപ്പിൽ എതിർ പക്ഷത്തായിരുന്ന എം.ആർ മുരളിയും, ജനതാദൾ കൃഷ്ണൻകുട്ടിയും മുന്നണിയിലേക്ക് തിരിച്ചുവന്നതിന്റെ ആത്മവിശ്വാസം പാലക്കാട് സിപിഐ(എം) നേതൃത്വത്തിനുണ്ട്. കോഴിക്കോട് ആർ.എംപി ഉയർത്തിയ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞുവെന്നും, മാറിയ സാഹചര്യത്തിലെ ന്യൂനപക്ഷ രാഷ്ട്രീയവും ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നു. കഴിഞ്ഞ തവണ തോറ്റ മാവൂർ, പെരുവയൽ അടക്കം ഒരു ഡസൻ പഞ്ചായത്തുകളെങ്കിലും ഇത്തവണ തിരിച്ചുപടിക്കുമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി എം.മോഹനൻ പറയുന്നു.കണ്ണൂരിലെ തങ്ങളൂടെ കോട്ടകൾ ഭദ്രമാണെന്നും,ആന്തൂർ നഗരസഭയിലെ എതിരില്ലാതെയുള്ള ജയം വരാനിരക്കുന്ന വൻ വിജയത്തിന്റെ സൂചനയാണെന്നുമാണ് പാർട്ടി ജില്ലാസെക്രട്ടറി പി.ജയരാജൻ പറഞ്ഞു. ലീഗിനും കോൺഗ്രസിനും മേൽക്കൈയുള്ള പ്രദേശങ്ങൾ ചേർത്ത രൂപവത്ക്കരിച്ചതായിരുന്നിട്ടുകൂടി കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫ് വെള്ളംകുടിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും അരുവിക്കര തെരഞ്ഞെടുപ്പിലെപോലെ ഇടതുപക്ഷത്തിന്റെ കുറെവോട്ട് ബിജെപി പിടിക്കുമെന്നും അതിനാൽ എളുപ്പത്തിൽ ജയിച്ചുകയാറമെന്നുമുള്ളത് യു.ഡി.എഫിന്റെ വ്യാമോഹം മാത്രമാണെന്ന് ഡോ.തോമസ് ഐസക്ക് എംഎ‍ൽഎ തുറന്നുപറയുന്നു.'ജാതി മത ശക്തികളെ അടുപ്പിക്കാതെ ഇത് കേരളമാണെന്ന് ഒരിക്കൽകൂടി തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരാനിരിക്കുന്നത്.ഭരണവിരുദ്ധ വികാരവുംഫാസിസ്‌ററ് വിരുദ്ധ വികാരവും ഈ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും'. ഡോ.ഐസക്ക് പറഞ്ഞു.