കണ്ണൂർ: സി.പി. എമ്മിന്റെ യുവ നേതാവ് എ.എൻ.ഷംസീർ എം എൽ എയുടെ മണ്ഡലമായ തലശേരിയിൽ ദമ്പതികൾ പൊലീസിന്റെ ക്രൂരമായ അക്രമത്തിന് ഇരയായിട്ടും പ്രതികരിക്കാതെ മൗനം പാലിച്ച് പാർട്ടിയും എംഎൽഎയും. രണ്ടുമാസം മുൻപ് സ്ത്രീകൾക്ക് തലശേരി നഗരത്തിൽ രാത്രികാലങ്ങളിൽ നിർഭയം സഞ്ചരിക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ച് ഷംസീറിന്റെ നേതൃത്വത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്ത രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസ്, റീമകല്ലിങ്കൽ, കണ്ണൂർ ജില്ലാപഞ്ചായത്ത് ചെയർപേഴ്സൺ പി.പി ദിവ്യ, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ . ഇളങ്കോ, അസി. കളക്ടർ അനുകുമാരി തുടങ്ങി ഒട്ടേറെ പേർ തലശേരി കടൽപാലത്തിനടുത്തെ വാക്ക് വേയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു.

എന്നാൽ അതേ സ്ഥലത്തു തന്നെയാണ് മാസങ്ങൾക്കിപ്പുറം ഷംസീറിന്റെ പാർട്ടി ഭരിക്കുന്ന ആഭ്യന്തര വകുപിന്റെ കീഴിലുള്ള പൊലീസ് രാത്രികാലത്ത് കടൽ സൗന്ദര്യമാസ്വദിക്കാനെത്തിയ തദ്ദേശീയരായ ദമ്പതികളെ ബലമായി പിടിച്ചുകൊണ്ടു പോയി സ്റ്റേഷനിലിട്ട് മൂന്നാംമുറ പ്രയോഗിച്ചത്. ഈ വിഷയം മാധ്യമങ്ങളിൽ ചർച്ചയായിട്ടും അനുകൂലമായോ അല്ലാതയോ പ്രതികരിക്കാൻ ഷംസീറും സി.പി. എമ്മും ഇതുവരെ തയ്യാറാകാത്തത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കടൽസൗന്ദര്യമാസ്വദിക്കാനും പേഴ്സണനലായി കാര്യങ്ങൾ സംസാരിക്കാനാണ് താനും ഭാര്യയും തലശേരി കടൽപാലത്തിനരികെ പോയതെന്നാണ് തലശേരിയിൽ പൊലിസ് അതിക്രമത്തിന് ഇരയായ പാലയാട് മേലൂർ പാവനത്തിൽ പ്രത്യൂഷും ഭാര്യ പിണറായി എരുവട്ടി സ്വദേശിനി മേഘയും പറയുന്നത്.

അന്ന് നല്ലമഴയുള്ള ദിവസമായിരുന്നു. മൂന്ന് നാല് പേരെ കടൽതീരത്തുണ്ടായിരുന്നുള്ളൂവെന്ന് പ്രത്യൂഷ് പറഞ്ഞു. ഞങ്ങൾ അവിടേക്ക് വരാൻ വൈകിയിരുന്നു. തലശേരി ടൗണിൽ നിന്നും ഭക്ഷണം കഴിച്ചാണ് അവിടേക്ക് വന്നത്. ഏതാണ്ട് ഒരു പതിനൊന്നരയായിട്ടുണ്ടാകും. എസ്. ഐ അവിടെ നിൽക്കാൻ പാടില്ലെന്ന് പറഞ്ഞപ്പോൾ എന്തെങ്കിലും പ്രത്യേക ഇഷ്യൂവുണ്ടോയെന്നറിയാനാണ് ഓർഡറുണ്ടോയെന്ന് ചോദിച്ചത്. അതാണ് എസ്. ഐയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

തങ്ങളോട് ചോദ്യം ചോദിച്ചപോൾ പ്രകോപനമുണ്ടായത് പൊലീസിന്റെ ജനാധിപത്യ ബോധമാണ് പ്രകടമാകുന്നത്. വണ്ടി വൈഫിന്റെ പേരിലാണെന്ന് പൊലീസ് ഫോണിൽ നോക്കി മനസിലാക്കിയിരുന്നു. ഫൈൻ അടയ്ക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. പേപ്പർ പിറ്റേദിവസം സ്റ്റേഷനിൽ കൊണ്ടു ചെന്നു കൊടുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഞങ്ങളെ സ്റ്റേഷനിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുപോവുകയായിരുന്നു.

ഞാൻ എസ്. ഐ മർദ്ദിച്ചിട്ടില്ല. സ്റ്റേഷനിൽ വണ്ടിയിൽ കയറ്റി കൊണ്ടുപോയതിനു ശേഷം പൊലിസ് സി.സി.ടി.വി ക്യാമറയില്ലാത്ത സ്ഥലങ്ങളിൽ നിന്നാണ് എന്നെ മർദ്ദിച്ചത്. അതാണ് ആ ദൃശ്യങ്ങളിൽ ഞാനില്ലാത്തത്. ഡ്രസിങ് റൂമിന്റെ വാതിലിനടുത്താണ് മർദ്ദിച്ചതെന്നും പ്രത്യൂഷ് പറഞ്ഞു. പ്രത്യൂഷിനെ ജയിലിൽ അടച്ചതിനു ശേഷം തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് പ്രത്യൂഷിന്റെ ഭാര്യ മേഘ പറഞ്ഞു.

ജയിലിൽ വസ്ത്രങ്ങളും മറ്റും കൊണ്ടുപോയപോൾ അടുത്ത ഇൻർവ്യൂ കൂടി കൊടുക്കൂവെന്നിട്ടാകാമെന്ന് പൊലിസ് പറഞ്ഞത് എന്തിനാണെന്ന് മനസിലായിട്ടില്ല. ഷോ ഓഫ് കാണിച്ചു ട്രെൻഡുണ്ടാക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും സംഭവിച്ച കാര്യങ്ങൾ എ. എസ്. പിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും മേഘ പറഞ്ഞു. എന്നാൽ ആരോപണമുന്നയിച്ച ദമ്പതികൾക്കെതിരെ പ്രതികരണവുമായി പൊലിസും രംഗത്തെത്തിയിട്ടുണ്ട്.
പൊലിസിനെതിരെ പരാതി പറയുന്നത് ഇപോഴത്തെ ട്രെൻഡാണെന്നാണ്തലശേരി കടൽപാലത്തിൽ കാറ്റുകൊള്ളാനെത്തിയ ദമ്പതികളെ അക്രമിച്ചുവെന്ന പരാതിയിൽ ആരോപണ വിധേയനായ തലശേരി എസ്. ഐ ആർ. ബിജു മാധ്യമങ്ങളോട് പ്രതികരിച്ചത്.

അവർ നിന്നിരുന്ന സ്ഥലം കഞ്ചാവ്, എം.ഡി. എ വിൽപന നടത്തുന്നവരുടെ കേന്ദ്രമാണ് അവിടെ നിന്നും മാറണമെന്നെപറഞ്ഞുള്ളു. ചോദിച്ചപോൾ അവരുടെ വിലാസം പറയാൻ തയ്യാറായില്ല. വാഹനത്തിന്റെ രേഖകൾ പരിശോധിക്കാൻ പൊലിസിന് അധികാരമുണ്ട്.തലശേരി കടൽപാലത്തിനടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നു പറഞ്ഞില്ല. അന്നത്തെ ദിവസത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കടൽക്ഷോഭമുള്ളതിനാൽ നിയന്ത്രണമേർപെടുത്തിയിരുന്നു. ദമ്പതികൾ പൊലിസിനെ അക്രമിക്കുകയാണ് ചെയ്തത്. ഹെൽമെറ്റ് കൊണ്ടു കൈക്കൊണ്ടും പ്രത്യൂഷ് മർദിച്ചു. മേഘ തന്നെ പിടിച്ചുവെച്ചു. കൃത്യനിർവഹണം തടസപെടുത്തിയതിനാണ് അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും അവിടെ നിന്നും മർദിച്ചിട്ടിലെന്നും എസ്‌ഐ പറഞ്ഞു.

ഇതിനിടെ ദമ്പതികളെ അക്രമിച്ചുവെന്ന പരാതിയിൽ പൊലിസിനെതിരെ നടത്തിയ വകുപ്പ് തല അന്വേഷണ റിപോർട്ട് ഇനിയും സമർപ്പിച്ചില്ലെന്ന പരാതിയും ശക്തമായി ഉയർന്നിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിനാണ് തലശേരി എ. എസ്‌പി വിഷ്ണുപ്രദീപ് റിപോർട്ട് സമർപിക്കേണ്ടത്. കഴിഞ്ഞ ദിവസം ഇതു സമർപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും റിപോർട്ട് ഇനിയും സമർപിച്ചിട്ടില്ലെന്നാണ് സൂചന.

സംസ്ഥാന വ്യാപകമായി വിഷയം ചർച്ചയായതിനെ തുടർന്ന് സംഭവം അതിസൂക്ഷ്മമായി കൈക്കാര്യം ചെയ്യാനാണ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. പൊലീസിനെതിരെ റിപോർട്ടിൽ ഏകപക്ഷീയമായ വിമർശനമുണ്ടായാൽ അതു സേനയുടെ മനോവീര്യം തകർക്കുമെന്ന വിലയിരുത്തൽ സേനയ്ക്കുള്ളിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ ദമ്പതികൾക്ക് പൂർണമായും എതിരായാൽ മനുഷ്യാവകാശകമ്മിഷന്റെയും വനിതാ കമ്മിഷന്റെയും ഇടപെടലും ഭയക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ വിഷയം ഒതുക്കി തീർക്കാനാണ് പൊലിസ് അധികൃതർ ഒരുങ്ങുന്നത്. ദമ്പതികൾക്കെതിരെയുള്ള അതിക്രമത്തെ കുറിച്ചുള്ള അന്വേഷണ റിപോർട്ട് രണ്ടുദിവസത്തിനുള്ളിൽ സമർപിക്കുമെന്നാണ് എ. എസ്‌പി അറിയിച്ചത്.