കണ്ണൂർ: 79 പേർ അറസ്റ്റിലായിട്ടും പാനൂർ മേഖലയിൽ മാരകായുധങ്ങൾ കുന്നുകൂടുന്നതായി സൂചന. സിപിഎമ്മും ബിജെപി.യും മത്സരിച്ച് ആയുധശേഖരം നടത്തുകയാണ്. ആൾപ്പാർപ്പില്ലാത്ത വീടുകളും ജനവാസം കുറഞ്ഞ പറമ്പുകളിലുമാണ് ആയുധങ്ങൾ ശേഖരിച്ചു വയ്ക്കുന്നത്.

ഉഗ്രസ്‌ഫോടകശേഷിയുള്ള സ്റ്റീൽ ബോംബുകളും വടിവാളുകളുമാണ് ശേഖരിച്ചുവച്ചിട്ടുള്ളവയിൽ പെടുന്നത്. ബോംബു നിർമ്മാണത്തിനായി കർണാടകത്തിൽ നിന്നും വെടിമരുന്നും ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ കഴിഞ്ഞ ആറു മാസത്തെ രാഷ്ട്രീയാക്രമസംഭവങ്ങളിൽ സിപിഐ.(എം) , ബിജെപി. പ്രവർത്തകരായ 79 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയ അക്രമങ്ങൾക്കു പുറമേ പൊലീസിനു നേരെയുള്ള ബോംബാക്രമണം, വധശ്രമം എന്നീ കേസുകളിലും അറസ്റ്റിലായവരുണ്ട്. പൊലീസിനു നേരെയുള്ള കേസുകളിൽ അറസ്റ്റിലായവർ എല്ലാവരും റിമാന്റിലായിട്ടുണ്ട്.

ബിജെപി.വിട്ട് സിപിഎമ്മിൽ ചേർന്ന ഒ.കെ വാസുവിനുനേരെയാണ് ഈ വർഷം ജനുവരിയിൽ അക്രമത്തിനു തുടക്കമിട്ടത്. പൊയിലൂരിൽ നടന്ന അക്രമത്തിൽ 65 ആർ.എസ്സ്. എസ്സ്., ബി.ജെ. പി. ക്കാർക്കെതിരായിരുന്നു കേസ്. 50 പേരാണ് ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. പൊയിലൂരിൽ പൊലീസിനു നേരെ നടന്ന ബോംബേറുകേസിൽ 10 സിപിഐ.(എം) പ്രവർത്തകരും പിടിയിലായി. കഴിഞ്ഞ വിഷുദിനത്തിൽ സിപിഐ(എം) പ്രവർത്തകനായ പള്ളിച്ചാൽ വിനോദിനെ വധിച്ച കേസിൽ അഞ്ചു ബിജെപി. പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു.

ഈ മാസമാദ്യം മൊകേരിയിൽ സിപിഐ.(എം) അക്രമത്തിൽ ബൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അമ്മാം മഠത്തിൽ ജഗദീപിനു ഗുരുതരമായി പരുക്കേറ്റു. കേസിൽ അറസ്റ്റിലായ ആറ് സിപിഐ.(എം). പ്രവർത്തകരും റിമാന്റിലാണ്. ചെറ്റക്കണ്ടി കാക്ക്രോട്ട് കുന്നിൽ ബോംബു നിർമ്മാണത്തിനിടെ രണ്ടു സിപിഐ.(എം) പ്രവർത്തകർ മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറിയും ഒരു സ്ത്രീയുമുൾപ്പെടെ അഞ്ചു സിപിഐ(.എം). പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിളക്കോട്ടൂർ തെക്കുംമുറയിൽ ആർ.എസ്.എസ് നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ നാലു സിപിഐ.(എം) പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ മേഖലകളിൽ പുലർകാലത്താണ് അക്രമങ്ങൾ അരങ്ങേറുക. അതിനാൽതന്നെ അക്രമികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക പതിവില്ല. എന്നാൽ അന്വേഷണം നടത്തി ഉടൻ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക എന്ന രീതി പാനൂർ പൊലീസ് എടുത്തിരിക്കുകയാണ്. അതിനാലാണ് കഴിഞ്ഞ ആറുമാസം കൊണ്ട് 79 പേരെ പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

അടുത്തകാലത്ത് പാനൂർ പൊലീസിന്റെ കുറ്റാന്വേഷണരീതി സ്വാഗതാർഹമെങ്കിലും ഈ മേഖലയിൽ ആയുധശേഖരങ്ങൾ കുന്നുകൂടുന്നതായാണ് വിവരം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബോംബു നിർമ്മിക്കുന്നുണ്ടെന്നാണ് സൂചന. സ്‌ഫോടനവും മരണവും നടന്നാൽ മാത്രം അന്വേഷണം എന്ന പതിവുരീതി മാറ്റിയുള്ള സമീപനവും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ബോംബുകളും മാരകായുധങ്ങളും കണ്ടെത്താൻ സ്ഥിരം സംവിധാനം ഈ മേഖലയിലുണ്ടായാൽ അക്രമങ്ങൾ കുറയ്ക്കാൻ സഹായകമാകും.