- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴക്കൂട്ടത്ത് വീണ്ടും സിപിഎം-ബിജെപി സംഘർഷം; കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഎം; വാഹനം തല്ലിത്തകർത്തു; വാഹനം മാറ്റാനുള്ള പൊലീസിന്റെ നീക്കം തടഞ്ഞ് പ്രവർത്തകർ
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് വീണ്ടും സി പി എം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് സിപിഎം ആരോപിച്ചു. രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനവും തല്ലിത്തകർത്തു. വാഹനം മാറ്റാനുള്ള പൊലിസീന്റെ ശ്രമം സിപിഎം പ്രവർത്തകർ തടഞ്ഞു.
സിപിഎമ്മുമായുള്ള സംഘർഷത്തിൽ രാവിലെ അഞ്ച് ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. 11 മണിയോടെയാണ് കാട്ടായിക്കോണം സ്‌കൂളിനു സമീപം സംഘർഷമുണ്ടായത്.ഇവിടെ തങ്ങളുടെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പരാതി നൽകിയിരുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു.
ബിജെപിയുടെ പ്രധാനനേതാക്കൾ സ്ഥലത്തേക്ക് എത്തിയിരുന്നു. കഴക്കൂട്ടം ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തി. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തിയത്.
കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്‌ളക്‌സ് ബോർഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ 5 പരാതികൾ നൽകിയിട്ടുണ്ട്.
കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
ഹരിപ്പാട് പതിയാങ്കരയിൽ കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിന്റെ തുടർച്ചയായി പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട് ഒരു സംഘം ആക്രമിച്ചു. കണ്ടു നിന്നയാൾ കുഴഞ്ഞു വീണു മരിച്ചു. കോൺഗ്രസ് പ്രവർത്തകൻ മണിക്കുട്ടന്റെ അയൽവാസി ശാർങ്ഗധരൻ ആണ് മരിച്ചത്.
തളിപ്പറമ്പിൽ കള്ളവോട്ടിനും ശ്രമമുണ്ടായി. ബൂത്ത് നമ്പർ 110ൽ കള്ളവോട്ടിനെത്തിയ ആളെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരിച്ചയച്ചു. സിപിഎം പ്രവർത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. ഒന്നാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനമേറ്റു. അമ്പലപ്പുഴയിൽ ഇരട്ടവോട്ടുള്ളയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്പർ 67ൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോട്ടിന് ശ്രമിച്ചത്.
കൽപറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്‌സിൽ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി. ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു. കലക്ടറേറ്റിൽനിന്നു തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേർ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതിൽ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റിൽ കാണിച്ചത്.
മറുനാടന് മലയാളി ബ്യൂറോ