- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ വി ഗോപിനാഥിനെ പാളയത്തിൽ എത്തിക്കാൻ സി പി എമ്മും തൃണമൂലും; ചർച്ചകളുമായി എകെ ബാലനും സി ജി ഉണ്ണിയും; പിണറായി നേരിട്ട് വീട്ടിൽ സൗഹൃദവിരുന്നിന് എത്തുമെന്ന പ്രതീക്ഷയിൽ ഗോപിനാഥ്; അനുയായികളുടെ സി പി എം വിരുദ്ധ മനോഭാവം മുതലെടുക്കാൻ തൃണമൂലും
കോഴിക്കോട്: പാലക്കാട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന്റെ രാഷ്ട്രീയ ചുവടുമാറ്റം ഉറ്റുനോക്കുകയാണ് കേരളം. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഒതുക്കപ്പെട്ടു പോയതിന്റെ മനോവിഷമത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തോട് വിട പറഞ്ഞ ഗോപിനാഥ് ഇപ്പോൾ രാഷ്ട്രീയ വനവാസത്തിലാണ്. സിപിഎമ്മും തൃണമൂൽ കോൺഗ്രസും ഗോപിനാഥിനെ സ്വന്തം പാളയത്തിലെത്തിക്കാൻ അണിയറ നീക്കങ്ങൾ തകൃതിയിൽ നടത്തുകയാണ്. സി പി എമ്മിന് വേണ്ടി എ കെ ബാലനാണ് കരുക്കൾ നീക്കുന്നത്. തൃണമൂൽ കോൺഗ്രസിനായി തന്ത്രങ്ങൾ പയറ്റുന്നത് സംസ്ഥാന കൺവീനറായി അടുത്തിടെ സ്ഥാനമേറ്റ സി ജി ഉണ്ണിയാണ്.
മണ്ഡലത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ ഗോപിനാഥിന്റെ വീട്ടിൽ സൗഹൃദ വിരുന്നിൽ പങ്കെടുപ്പിക്കാമെന്ന് ഉറപ്പ് നൽകിയാണ് എ കെ ബാലൻ ചരടുവലിക്കുന്നത്. കോൺഗ്രസ് പാരമ്പര്യം വിട്ട് കമ്മ്യൂണിസ്റ്റാകാനുള്ള ഗോപിനാഥിന്റെ നീക്കത്തിൽ ജില്ലയിലെ അദ്ദേഹത്തിന്റെ അണികൾ അതൃപ്തരാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് തൃണമൂൽ നേതാവ് സി ജിയുടെ ശ്രമം.
കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് തമ്പടിച്ച് രാഷ്ട്രീയ നീക്കങ്ങൾ നടത്തിയ സി ജി, ഗോപിനാഥുമായി കൂടിക്കാഴ്ചക്ക് നിൽക്കാതെ അദ്ദേഹത്തിന്റെ അടുത്ത അനുയായികളെ തൃണമൂലിൽ ചേർത്ത് ജില്ലയിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. സിപിഎമ്മിലേക്ക് ചേക്കേറാൻ മനസ് കൊണ്ട് തയ്യാറായി നിൽക്കുന്ന ഗോപിനാഥിനെതിരെയാണ് അണികളെന്ന തിരിച്ചറിവിലാണ് തൃണമൂൽ നേതാവിന്റെ ഈ നീക്കം. ജില്ലയിലെ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സിദ്ദിഖ് ഇരുപ്പശ്ശേരി, ജോയിന്റ് കൺവീനർ കെ എം സുരേഷ് എന്നിവർ ഗോപിനാഥിന്റെ വിശ്വസ്തരായാണ് അറിയപ്പെടുന്നത്. ഇതുപോലെ നൂറ് കണക്കിന് പേരാണ് ഗോപിനാഥിന്റെ ക്യാമ്പിൽ നിന്ന് തൃണമൂലിലേക്ക് ചേക്കേറിയത്.
പാർട്ടിയിലേക്ക് കൂടുതൽ പേരെ എത്തിക്കാൻ നിയോഗിക്കപ്പെട്ട സി ജിയുമായി ദിവസങ്ങൾ നീണ്ട ചർച്ചയാണ് ഒലവക്കോട് കേന്ദ്രീകരിച്ച് നടന്നത്. എകെ ബാലൻ നൽകുന്ന ഓഫറിന് മുന്നിൽ വീണു പോകരുതെന്നും തൃണമൂലിലേക്ക് തങ്ങളെയെല്ലാം നയിക്കണമെന്നുമായിരുന്നു ഗോപിനാഥിനോട് വീട്ടിലെത്തി ജില്ലയിലെ നേതാക്കൾ അഭ്യർത്ഥിച്ചത്. തൃണമൂലിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഓഫർ ചെയ്താണ് സി ജി അദ്ദേഹത്തിന്റെ അനുയായികളെ വീട്ടിലേക്ക് കൂടിക്കാഴ്ചക്ക് അയച്ചതെന്നും അറിയുന്നു.
എന്നാൽ, ഒളപ്പമണ്ണ സ്മാരകം ഉദ്ഘാടനം ചെയ്യാൻ തന്റെ തട്ടകത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വീട്ടിൽ സൗഹൃദഭാഷണത്തിന് എത്തുമെന്ന എ കെ ബാലന്റെ ഉറപ്പിലാണ് ഗോപിനാഥ് പ്രതീക്ഷയർപ്പിക്കുന്നത്. ഗോപിനാഥിന്റെ തട്ടകത്തിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് പിണറായി എത്തുമ്പോൾ വീട്ടിൽ ചെന്ന് കാണുമെന്ന് ശ്രുതിയുണ്ടായിരുന്നു. എന്നാൽ, വീഡിയോ കോൺഫറൻസ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന പിണറായി തന്റെ സൗഹൃദ ഭാഷണം വൈകുമെന്ന സൂചനയാണ് നൽകിയത്.
ജില്ലയിലെ കോൺഗ്രസ് നേതാവിന് വേണ്ടി എ കെ ബാലൻ നടത്തുന്ന നീക്കങ്ങളിൽ സി പി എം അണികൾക്കുള്ളിൽ അമർഷമുണ്ട്. ഇത്രയും കാലം കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രസംഗിച്ചു നടന്ന ഗോപിനാഥ് സ്വന്തം അണികളെ പെരുവഴിയിലാക്കിയിട്ട് സുരക്ഷിത ഇടത്തിലേക്ക് ചേക്കേറുകയാണെന്ന കഥകളാണ് ജില്ലയിൽ പരക്കെയുള്ളത്. അതിനെല്ലാം പുറമെ, ഒളപ്പമണ്ണ സ്മാരക നിർമ്മാണത്തിന് ഗോപിനാഥിന്റെ തട്ടകത്തിൽ കോടികൾ ചെലവഴിച്ചതിൽ സി പി എമ്മിൽ അതൃപ്തി ശക്തമാണ്. പിണറായി വിജയന്റെ പിന്തുണയോടെ എകെ ബാലന് സ്വന്തം ഭാര്യക്ക് സീറ്റുറപ്പിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുമ്പോൾ എങ്ങനെ നമ്മളെ സംരക്ഷിക്കും എന്ന ചോദ്യമാണ് കോൺഗ്രസ് അണികൾ മറുഭാഗത്ത് ഉയർത്തുന്നത്.
അതേ സമയം, മമത ബാനർജിയുടെ രാഷ്ട്രീയത്തോട് തനിക്ക് ഏറെ മമതയുണ്ടെന്നാണ് അണികളോട് ഗോപിനാഥ് പറഞ്ഞതത്രേ. പാലക്കാട് മമത വരികയാണെങ്കിൽ ചിത്രം മാറുമെന്ന സൂചനയും അദ്ദേഹം നൽകി. രണ്ടരലക്ഷം പേരെ പങ്കെടുപ്പിച്ച് കാണിച്ചു തരാം എന്നാണ് ഗോപിനാഥ് തന്നെ തൃണമൂലിലേക്ക് ക്ഷണിക്കാനെത്തിയ വിശ്വസ്തരോട് മനസ് തുറന്നത്. മമതയുടെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോർ ഡൽഹി കേന്ദ്രീകരിച്ച് കേരള രാഷ്ട്രീയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഗോപിനാഥിന്റെ അണികൾക്ക് നൽകുന്ന ആവേശം ചെറുതല്ല.
അതോടൊപ്പം രമേശ് ചെന്നിത്തലയും പ്രശാന്ത് കിഷോറുമായി ആശയവിനിമയം നടത്തിയതായി അറിയുന്നു. രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന സമയത്ത് കാസർകോട് നിന്ന് കാൽനടയായി തിരുവനന്തപുരത്തേക്ക് നയിച്ച കേരള മാർച്ചിലെ സ്ഥിരാംഗമായ സി ജിയാണ് ഓരോ ജില്ലയിലും ദിവസങ്ങൾ തങ്ങി നേതാക്കളുമായും അണികളുമായും കൂടിക്കാഴ്ച നടത്തി അഡ്ഹോക് കമ്മിറ്റികൾ രൂപീകരിച്ച് വരുന്നത്. പാലക്കാട് ജില്ലയിൽ ഗോപിനാഥിന്റെ നിലപാട് അറിയാൻ കാത്ത് നിൽക്കുന്ന നേതാക്കളുടെ ഒരു പട തന്നെ വൈകാതെ തൃണമൂലിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരം.
താൻ വളർത്തിക്കൊണ്ടു വന്ന വി കെ ശ്രീകണ്ഠൻ എം പിയെ മുഖ്യ ശത്രുവായി കണ്ടാണ് ഗോപിനാഥ് പാലക്കാട് കരുക്കൾ നീക്കുന്നത്. കോൺഗ്രസ് സ്ഥിരമായി ജയിച്ചു കൊണ്ടിരുന്ന പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഷാഫി പറമ്പിലിന്റെ വാർഡായ ഓങ്ങല്ലൂരിൽ കോൺഗ്രസിന് ലഭിച്ചത് 72 വോട്ട് മാത്രം! സി പി എം 59 വോട്ടിൽ നിന്ന് 388 ലേക്ക് ഉയർത്തിയാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്. ഷാഫി നേരിട്ട് പ്രചാരണത്തിനെത്തിയ സ്വന്തം വാർഡിൽ സി പി എമ്മിനായി എ വി ഗോപിനാഥ് അണിയറയിൽ നടത്തിയ നീക്കമാണ് ഈ ഫലത്തിൽ പ്രകടമായത്.
ഇതോടെ, ഗോപിനാഥ് ഇടതുപക്ഷ ക്യാമ്പിലെത്തുമെന്ന സൂചനകളാണ് ശക്തമാകുന്നത്. സിപിഎമ്മിൽ ഏത് വിധത്തിലുള്ള പരിഗണനയാകും ലഭിക്കുമെന്ന് അറിയാൻ ഒരു മാസത്തെ സാവകാശമാണ് ഗോപിനാഥ് തന്റെ വിശ്വസ്തരോട് ചോദിച്ചത്. എന്നാൽ ചെറിയാൻ ഫിലിപ്പിന്റെ ഗതിയാകരുതെന്ന മുന്നറിയിപ്പാണ് വിശ്വസ്തർ നൽകിയതത്രേ. ഇതിനിടെ, രാഷ്ട്രീയം അവസാനിപ്പിക്കുകയാണെങ്കിൽ എൻ എസ് എസ് പ്രതിനിധി സഭയിൽ അംഗമാകാൻ ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ഇതിനോടും എവി ഗോപിനാഥ് പ്രതികരിച്ചിട്ടില്ല.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.