പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം-ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം. ഏറ്റവും കൂടുതൽ ആക്രമണം നടന്ന അടൂരിൽ നാളെ ഹർത്താൽ നടത്തണമെന്ന ആഹ്വാനം അട്ടിമറിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ. വരാൻ പോകുന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ നേട്ടം ലക്ഷ്യമിടുന്ന നേതാക്കളാണ് ഹർത്താൽ നടത്താനുള്ള തീരുമാനം അട്ടിമറിച്ചതെന്ന് ആരോപണം.

കോൺഗ്രസിന്റെ ഓഫീസുകളും കൊടി തോരണങ്ങളും ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. അടൂരിൽ ബ്ലോക്ക് കമ്മറ്റി ഓഫീസും മല്ലപ്പള്ളിയിൽ മണ്ഡലം കമ്മറ്റി ഓഫീസുമാണ് തകർത്തത്. കടപ്രയിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. വൈകിട്ട് ആറു മണിയോടെയാണ് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മറ്റി ഓഫീസ് അടിച്ച് തകർത്തത്. ആക്രമണത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനും പൊലീസ് കോൺസ്റ്റബിളിനും പരുക്കേറ്റു.

മല്ലപ്പള്ളിയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു. തിരുവല്ലക്ക് സമീപം കടപ്രയിലും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും കോൺഗ്രസിന്റെ കൊടിതോരണങ്ങളും മറ്റും വ്യാപകമായി തകർക്കുകയും ചെയ്തിട്ടുണ്ട്.

അടൂരിലാണ് സിപിഎമ്മും ഡിവൈഎഫ്ഐയും അഴിഞ്ഞാടിയത്. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് പൂർണമായും അടിച്ചു തകർത്തു. ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം പോയ കെസി വേണുഗോപാൽ കുഴഞ്ഞു വീണ സംഭവത്തിൽപ്രതിഷേധിക്കാൻ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ യോഗം നടക്കുമ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിലേക്ക് ഓടിക്കയറി അടിച്ചു തകർത്തത്. കസേരകൾ മുഴുവനും അടിച്ച് തകർക്കുകയും അലമാരകൾ മറിച്ചിടുകയും ചെയ്തു.

മഹാത്മാ ഗാന്ധിയുടെ ഛായാചിത്രവും തകർത്തു. കൊടിമരവും നശിപ്പിച്ചു. തുടർന്ന് പ്രകടനമായി പോയ ഡിവൈഎഫ്ഐക്കാർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ എത്തിയപ്പോൾ അവിടെ യോഗം നടത്തിക്കൊണ്ടിരുന്ന കോൺഗ്രസുകാർക്ക് നേരെ പോർവിളിച്ച് ചാടി അടുത്തു. പൊലീസ് ഇരുവർക്കുമിടയിൽ പ്രതിരോധം തീർത്തു. ഇതിനിടയിലാണ് കോൺഗ്രസ് മണ്ഡലം വാർഡ് പ്രസിഡന്റ് സുരേന്ദ്രൻ (52), സി.പി.ഓ അമൽ എന്നിവർക്ക് പരുക്കേറ്റത്.

പൊലീസ്-ഡിവൈഎഫ്ഐ പ്രവർത്തകരെ കൈകൾ കോർത്ത് പിടിച്ച് അവിടെ നിന്നും തള്ളി മാറ്റി. ഇതിനിടയിൽ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസുകാരുടെ സമീപത്ത് നിന്നും മാറ്റിയത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ഓഫീസിലേക്ക് കൂട്ടമായി പോയി.

ഇതോടെ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കെപിസിസി നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, എസ്. ബിനു എന്നിവരും എത്തി. തുടർന്ന് ഓഫീസ് അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 7.45 ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് റവന്യൂ ടവറിനടുത്തെത്തിയപ്പോൾ ഡിവൈ.എസ്‌പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം തടയാൻ ശ്രമിച്ചെങ്കിലും അവരെ മറി കടന്ന് മുന്നോട്ട് പോയ പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു.

പ്രതിഷേധം പഴകുളം മധു ഉദ്ഘാടനം ചെയ്തു. തോപ്പിൽ ഗോപകുമാർ, മണ്ണടി പരമേശ്വരൻ,ഏഴംകുളം അജു, പഴകുളം ശിവദാസൻ, എ.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം കൃഷ്ണകുമാർ, എസ്.ബിനു എന്നിവർ പ്രസംഗിച്ചു. ഡിവൈ.എസ്‌പിയുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമസംഭവത്തിൽ നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് രാത്രി ഒമ്പത് മണിയോടെ പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന സമരം അവസാനിച്ചത്.