കണ്ണൂർ: പാർട്ടി കമ്മിറ്റികളും പ്രവർത്തകരും ചിട്ടി നടത്തരുതെന്ന് സിപിഎം ജില്ലാനേതൃത്വം. പയ്യന്നൂർ ഫണ്ട്വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ചുള്ള മാർഗരേഖ പുറത്തിറക്കിയത്. പാർട്ടി ഓഫീസ് നിർമ്മാണം, പരിപാടികൾ നടത്തൽ, മറ്റു ചെലവുകൾ എന്നിവ ജനങ്ങളിൽ നിന്നും പിരിവെടുത്തുവേണം നടത്താൻ. എന്നാൽ ഇതു രസീതി മുഖേനെയായിരിക്കണമെന്നും ഒരാൾ തനിച്ചു ഫണ്ട് ശേഖരിക്കരുതെന്നും നിർദ്ദേശമുണ്ട്.

ഫണ്ടു പിരിച്ചതിന്റെ കണക്ക് തൊട്ടടുത്ത കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്യണം. മിനുട്സ് ബുക്കിൽ ചേർക്കുന്ന കണക്ക് പാർട്ടി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന വരവു ചെലവ് കണക്കുകളിൽ ഉൾപ്പെടുത്തുകയും വേണമെന്ന് നിർദ്ദേശമുണ്ട്.
പയ്യന്നൂർ ഏരിയാകമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം നിർമ്മിക്കുന്നതിനായി ഫണ്ടു സ്വരൂപിക്കാൻ നടത്തിയ ചിട്ടി എട്ടുനിലയിൽ പൊട്ടിയതും നിക്ഷേപകർക്ക് പണം ലഭിക്കാഞ്ഞതും വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതിനായി പാർട്ടി ഓഫീസ് നിർമ്മാണത്തിന് ചിട്ടിനടത്തിപ്പോ, സമ്മാനപദ്ധതികളോ ഏർപ്പെടുത്തരുതെന്ന് ജില്ലാ നേതൃത്വം നിർദ്ദേശിക്കുന്നത്.

ജില്ലാകമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ച സംസ്ഥാന കമ്മിറ്റി എല്ലാഘടകങ്ങൾക്കും ഇതുസംബന്ധിച്ചുള്ള സർക്കുലർ അയച്ചിട്ടുണ്ട്. ബ്രാഞ്ച് യോഗങ്ങൾ മുതൽ ഏരിയാകമ്മിറ്റിയിൽ വരെ ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടിങും ചർച്ചയും നടത്തും. ഈതീരുമാനത്തിലുള്ള വിയോജിപ്പുകൾ ബന്ധപ്പെട്ട ഘടകത്തിൽ ഉന്നയിച്ചതിനു ശേഷം മേൽക്കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്താം. അതേ സമയം പാർട്ടി ബന്ധുക്കളും അനുഭാവികളും നടത്തുന്ന വായനശാലകൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ഗ്രാമീണ സമ്പാദ്യപദ്ധതിയെന്ന പേരിൽ ചിട്ടിയടക്കമുള്ളതു നിത്യചെലവുകൾക്കായി നടത്തുന്നതിൽ വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല.

എന്നാൽ ഇതിനായി പാർട്ടിയുടെ ലേബലുപയോഗിക്കരുതെന്നും സാമ്പത്തിക ബാധ്യതയോ ക്രമക്കേടുകളോയുണ്ടായാൽ നടത്തിപ്പുകാർ തന്നെ ഏറ്റെടുക്കണമെന്നും നിർദ്ദേശമുണ്ട്. കണ്ണൂർ ജില്ലയിൽ ഗ്രാമീണസമ്പാദ്യപദ്ധതിയെന്ന പേരിൽ സിപിഎം നിയന്ത്രിത സ്ഥാപനങ്ങളായ വായനശാലകളും ക്ലബുകളും നടത്തുന്ന ചിട്ടികളും കുറികളും ലക്ഷങ്ങൾ കൈമറിയുന്ന സാമ്പത്തിക ഇടപാടുകളായി മാറിയത് സി.പി. എമ്മിന് തലവേദനയായിരിക്കുകയാണ്.

പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെപ്പോലും ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈസാഹചര്യത്തിലാണ് പയ്യന്നൂരിൽ നടന്ന പാർട്ടി ഫണ്ട് വിവാദ പശ്ചാത്തലത്തിൽ സി.പി. എം സംസ്ഥാന നേതൃത്വം ശക്തമായ ഇടപെടൽ നടത്തിയത്. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിവാദങ്ങളും സിപിഎമ്മിന് ഏറെ ക്ഷീണം ചെയ്തിട്ടുണ്ട്. ബൂർഷ്വാപാർട്ടികളിൽ നിന്നും വ്യത്യസ്തമായ അഴിമതി രഹിതമായ പാർട്ടിയാണ് സിപിഎമ്മെന്ന ഖ്യാതി തകർക്കുന്ന വിധത്തിലാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ പാർട്ടി ഭരിക്കുന്ന സഹകരണസംഘങ്ങൾക്കു മേൽ അതത് ലോക്കൽ, പാർട്ടി ഏരിയാ ഘടകങ്ങളിലെ നേതാക്കൾ ഉൾപ്പെടുന്ന പാർട്ടി ഫ്രാക്്ഷൻ വഴി കൃത്യമായ മോണിറ്ററിങ് സംവിധാനംകൂടി സിപിഎം ഏർപ്പെടുത്തിയിട്ടുണ്ട്.