പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ എടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ പോയി.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ക്യാമറയും പരാതിക്കൊപ്പം നൽകി. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജഹാൻ. മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

സംഭവ ശേഷം ഒളിവിൽ പോയ ഷാജഹാനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ ആണ് ഇയാൾ ഒളിക്യാമറവെച്ചത്. വീട്ടമ്മ കുളിക്കാൻ കയറിയത് കണ്ട് എത്തിയ ഇയാൾ കുളിമുറിയിലെ ജനലിലൂടെ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ശബ്ദംകേട്ട് നോക്കിയപ്പോഴാണ് മൊബൈലിൽ ഷാജഹാൻ ദൃശ്യങ്ങൾ പകർത്തുന്നത് വീട്ടമ്മ കണ്ടത്. തുടർന്ന് നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു ഇതിനിടെ കയ്യിലെ മൊബൈൽ ഫോൺ താഴെ വീണു. ഇതുമായി വീട്ടമ്മയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. . മൊബൈലിനകത്ത് ഷാജഹാൻ പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്തതായി പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. പരാതി ഉയർന്നയുടൻ തന്നെ നടപടി സ്വീകരിച്ചതായി സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.