- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടിൽ വെള്ളപൊക്ക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ഭക്ഷ്യസാധനങ്ങൾ തിരിമറി നടത്തി സി.പിഎം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റും; കള്ളം പൊളിഞ്ഞത് നാട്ടുകാർ ചോദ്യം ചെയ്തതോടെ; പൊലീസ് അന്വേഷണത്തിൽ ഭക്ഷ്യസാധനങ്ങൾ കണ്ടെത്തിയത് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ നിന്ന്;ഒരു വർഷത്തേക്ക് പുറത്താക്കി പാർട്ടിയുടെ തടിയൂരൽ നടപടി
കുട്ടനാട് :വെള്ളപ്പൊക്ക ദുരാതാശ്വാസ ക്യാമ്പിലേക്ക് എത്തിയ ഭക്ഷ്യധാന്യങ്ങൾ സിപിഎം പഞ്ചായത്ത് പ്രതിനിധിയും ബ്രാഞ്ച് സെക്രട്ടറിയും ചേർന്ന് തിരിമറി നടത്തിയതായി ആരോപണം. എൽ.ഡി.എഫ് ഭരിക്കുന്ന നീലംപേരൂർ പഞ്ചായത്തിലെ ദുരതിശ്വാസ ക്യാമ്പിലെ പ്രവർത്തനത്തിലാണ് അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.
ദുരിതബാധിതർക്ക് എത്തിച്ച ഭക്ഷ്യധാന്യങ്ങൾ സിപിഎം നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി.സുകുമാരന്റെ വീട്ടിൽ കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ ഒരു വർഷത്തേക്കു പാർട്ടിയിൽ നിന്നു പുറത്താക്കി. നീലംപേരൂർ പഞ്ചായത്ത് മൂന്നാം വാർഡിലാണു സംഭവം. നാട്ടുകാരുടെ പരാതിയിൽ കൈനടി പൊലീസ് അന്വേഷണം തുടങ്ങി.വീടുകളിൽ വെള്ളം കയറിയവർക്കുള്ള പൊതു ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് അതതു വാർഡിലെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് എത്തിക്കുന്നത്.
മൂന്നാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രിനോ ഉതുപ്പാന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസിൽ നിന്നു ശേഖരിച്ച ഭക്ഷ്യധാന്യങ്ങളിൽ കുറവ് കണ്ടതിനെത്തുടർന്നു നാട്ടുകാർ ചോദ്യം ചെയ്തതോടെ പ്രിനോ ഉതുപ്പാൻ കുറ്റം സമ്മതിച്ചു. 3650 രൂപയുടെ ഭക്ഷ്യവസ്തുക്കൾ വിറ്റതായി സമ്മതിച്ച അദ്ദേഹം തുക നാട്ടുകാരുടെ സാന്നിധ്യത്തിൽ ഭക്ഷണവിതരണ കേന്ദ്രത്തിന്റെ കൺവീനർക്കു കൈമാറി.
തുടർന്നുള്ള അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കൾ കെ.പി.സുകുമാരന്റെ വീട്ടിൽ സൂക്ഷിച്ചതായി കണ്ടെത്തിയത്. സുകുമാരനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഏരിയ സെക്രട്ടറി ജി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പഞ്ചായത്തിൽ കേരള കോൺഗ്രസ് (സ്കറിയ) വിഭാഗത്തിന്റെ പ്രതിനിധിയാണ് വൈസ് പ്രസിഡന്റ് പ്രിനോ ഉതുപ്പാൻ. എന്നാൽ, സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു പറഞ്ഞു.
മറുനാടന് ഡെസ്ക്