തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്നു മത്സരരംഗത്തേക്ക് ആറു പേരുണ്ടാകുമെന്നു സൂചന. പിബി അംഗം പിണറായി വിജയൻ ധർമടത്ത് മത്സരിക്കും. അതേസമയം, സെക്രട്ടറിയറ്റംഗമായ എളമരം കരീം മത്സരിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു.

പാലക്കാടു നിന്നു ജില്ലാ കമ്മിറ്റി സമർപ്പിച്ച പട്ടികയിൽ മലമ്പുഴയിൽ വി എസിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഏതു സീറ്റ് വി എസ് ആവശ്യപ്പെട്ടാലും നൽകാൻ പാർട്ടി തയ്യാറായിരുന്നു. ഉപരിഘടകങ്ങൾ ആവശ്യപ്പെട്ടതും വി എസും പിണറായിയും മത്സരിക്കണമെന്നു തന്നെയാണ്. അതിനാൽ തന്നെ ഉപരികമ്മിറ്റിയുടെ തീരുമാനത്തിനുവേണ്ടിയാണു വി എസിന്റെ പേരു പട്ടികയിൽ ഉൾപ്പെടുത്താത്തതെന്നാണു പാലക്കാട്ടെ പട്ടിക നൽകുന്ന സൂചന. സെക്രട്ടറിയറ്റു തീരുമാനവും അതു ശരിവച്ചതോടെ വിവാദങ്ങൾ കെട്ടടങ്ങുകയാണ്.

സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ തോമസ് ഐസക് (ആലപ്പുഴ), എ കെ ബാലൻ (തരൂർ), ടി പി രാമകൃഷ്ണൻ (പേരാമ്പ്ര), ഇ പി ജയരാജൻ (മട്ടന്നൂർ), എം എം മണി (ഉടുമ്പൻചോല) എന്നിവരെ മത്സരിപ്പിക്കാനാണ് നിർദ്ദേശമുള്ളത്. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗമായ എളമരം കരീമിന്റെ പേര് കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയിരുന്നെങ്കിലും സിഐടിയു സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിക്കുന്നതിനാലാണ് ഒഴിവാക്കിയത്.

രണ്ട് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും വിജയസാധ്യതയുള്ളവർക്ക് വീണ്ടും അവസരം നൽകണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ(എം) സംസ്ഥാന സമിതിയിൽ ഉണ്ടായേക്കും.

മത്സരിക്കുന്ന ആറ് സെക്രട്ടറിയറ്റ് അംഗങ്ങളുടെ പേര് വിവരം പുറത്തു വന്നതോടെ പൂഞ്ഞാറിൽ പി സി ജോർജിന്റെ പ്രതീക്ഷ വളർന്നു. സെക്രട്ടറിയറ്റ് അംഗമായ കെ ജെ തോമസിനെ സ്ഥാനാർത്ഥിയാക്കണം എന്നതായിരുന്നു പൂഞ്ഞാറിലെ സിപിഐ(എം) പ്രവർത്തകരുടെ ആവശ്യം. എന്നാൽ തോമസിന് മത്സരിക്കാൻ പാർട്ടി അനുമതി നല്കിയിട്ടില്ല. എം എം മണിക്ക് നല്കിയ ഇളവു തോമസിന് നല്കാൻ പാർട്ടി മടിക്കുക ആയിരുന്നു. തോമസ് ഒഴിവായ സ്ഥിതിക്ക് മുൻ ചീഫ് വിപ്പ് പി സി ജോർജോ കേരള കോൺഗ്രസ് മുൻ ചെയർമാനും എഐസിസി മെമ്പറും മുൻ എംഎൽഎയും കോടീശ്വരനുമായ ജോർജ് ജെ മാത്യുവോ ഇടതു സ്വതന്ത്രൻ ആയേക്കുമെന്നാണു സൂചന. പി സി ജോർജിന് വേണ്ടി കോടിയേരി ബാലകൃഷ്ണനും ജോർജ് മാത്യുവിന് വേണ്ടി പിണറായി വിജയനുമാണ് രംഗത്തുള്ളത്.

ഈ രണ്ടു സ്ഥാനാർത്ഥികളും വരുന്നതിനോട് ഇടതു മുന്നണി പ്രവർത്തകർക്ക് കനത്ത എതിർപ്പാണ്. പ്രാദേശിക പാർട്ടി നേതൃത്വത്തെ ധിക്കരിച്ചു പാർട്ടി തീരുമാനം എടുക്കുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. കോടിയേരിയുടെ മകനും ജോർജിന്റെ മകനും തമ്മിലുള്ള ആത്മബന്ധമാണ് ജോർജിനെ സ്ഥനാർഥിയാക്കാനുള്ള പ്രധാന ഘടകം. കാഞ്ഞിരപ്പള്ളി മെത്രാന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് വിമതർക്കും സഭ പിന്തുണയ്ക്കുന്ന കർഷക സംഘടനക്കുമായി നൽകാമെന്നേറ്റ ഏഴു സീറ്റുകളിൽ ഉൾപ്പെട്ടാണ് ജോർജ് ജെ മാത്യു രംഗപ്രവേശം ചെയ്തത്. എന്നാൽ ആരാണ് സ്ഥനാർഥി എന്ന് പാർട്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ രണ്ടു സ്ഥാനാർത്ഥിികളും അല്ലാതെ മറ്റൊരു പേര് ഇപ്പോൾ ഇടതു മുന്നണിയുടെ പരിഗണയിൽ ഇല്ല താനും.

അതിനിടെയാണ് എ കെ ജി സെന്ററിൽ എത്തിയ നികേഷ് കുമാറിന്റെ പേരും സ്ഥാനാർത്ഥി ചർച്ചയിൽ ഉയർന്നു വന്നത്. മാദ്ധ്യമപ്രവർത്തകൻ എം വിനികേഷ് കുമാർ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായാണു കൂടിക്കാഴ്ച നടത്തിയത്. നികേഷ് ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ടാകുമെന്ന വാർത്തകൾക്കിടെയാണ് കൂടിക്കാഴ്ച. ഇതാണ് അഴിക്കോട് മണ്ഡലം നികേഷിനു നൽകുമെന്ന സൂചന നൽകുന്നത്.

അഴിക്കോടു മണ്ഡലത്തിൽ നികേഷിന്റെ പേരു നേരത്തെ തന്നെ ചർച്ചകളിലുണ്ടായിരുന്നു. എന്നാൽ, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി ജയിച്ച പി കെ രാഗേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോടു മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കിൽ നികേഷ് കുമാറിന്റെ സാധ്യതകൾ അടയുമെന്നും വാർത്തകൾ വന്നു. എന്നാൽ, ഇന്ന് എ കെ ജി സെന്ററിൽ നടന്ന കൂടിക്കാഴ്ച നികേഷിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ തക്കവണ്ണമുള്ളതായിരുന്നെന്നാണു ലഭിക്കുന്ന സൂചനകൾ.

കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് ഇടതുപക്ഷം അഴിക്കോട് തോറ്റത്. ഈ സാഹചര്യത്തിൽ എം വി രാഘവന്റെ പഴയ തട്ടകമായ അഴിക്കോട് സീറ്റ് ഇടതു പക്ഷത്തുള്ള സിഎംപിക്ക് നൽകി നികേഷിനെ മത്സരിപ്പിക്കണമെന്നായിരുന്നു ആദ്യവട്ട ആലോചനകൾ. എന്നാൽ, ചില തട്ടിപ്പു കേസുകൾ ഉൾപ്പെടെ നികേഷിന്റെ പേരിൽ ആരോപിക്കപ്പെട്ടതോടെ സാധ്യത മങ്ങി. ഇതിനിടെയാണു രാഗേഷിന്റെ പേരും ഉയർന്നുവന്നത്. എന്നാൽ, ഇന്ന് നികേഷ് നടത്തിയ എ കെ ജി സെന്റർ സന്ദർശനം അഴിക്കോട് നികേഷിനാകുമെന്ന സൂചനകളാണു നൽകുന്നത്.

നിലവിൽ വി എസ് എംഎൽഎ ആയിരിക്കുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ എ പ്രഭാകരന്റെ പേരാണ് നിർദ്ദേശിച്ചിരുന്നത്. മണ്ഡലത്തിലെ വി എസിന്റെ ചുമതലക്കാരനായിരുന്നു എ പ്രഭാകരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആദ്യപട്ടികയിൽ വി.എസിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ തവണയും എ പ്രഭാകരന്റെ പേരാണ് മലമ്പുഴയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. പിന്നീടാണ് വി എസ് ഇവിടെ സ്ഥാനാർത്ഥിയായത്. ഇക്കുറിയും അതുപോലെ തന്നെയായിരുന്നു പാലക്കാട്ട് നിന്നുള്ള പട്ടികയെങ്കിലും സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു.

കേന്ദ്ര കമ്മറ്റിയുടെ തീരുമാനം വി എസും പിണറായിയും മത്സരിക്കണമെന്നായിരുന്നു. ഇതനുസരിച്ചുള്ള നിർദ്ദേശങ്ങൾ സംസ്ഥാന കമ്മറ്റിക്കും നൽകിയിരുന്നു. തുടർന്ന് മലമ്പുഴ വിഎസിനു വേണ്ടി ഒഴിച്ചിട്ടെന്നായിരുന്നു പ്രചാരണം. എന്തായാലും സെക്രട്ടറിയറ്റ് പിബി നിർദ്ദേശം അംഗീകരിച്ചതോടെ വി എസ് മത്സരിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

നിലവിൽ ജില്ലാ കമ്മറ്റി നൽകിയ പട്ടികയിൽ പാലക്കാട് ഒഴിച്ചിട്ടിരിക്കുന്നത് ചിറ്റൂർ മണ്ഡലം മാത്രമാണ്. പട്ടാമ്പി, മണ്ണാർക്കാട് മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർത്ഥികളും ചിറ്റൂരിൽ ജനതാദളും മത്സരിക്കാനാണ് ഇടതുമുന്നണി തീരുമാനം.