കണ്ണൂർ: കണ്ണൂർ ജില്ലയിൽ കുടുംബശ്രീ ത്രിതില സംഘടനാസംവിധാന തെരഞ്ഞെടുപ്പിൽ ഇടതു ആഭിമുഖ്യമുള്ള സ്ഥാനാർത്ഥികൾ തൂത്തുവാരി.തങ്ങളുടെ ശക്തി കേന്ദ്രമായ മലയോര പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷനിലും യൂ.ഡി. എഫ് സ്ഥാനാർത്ഥികൾ ദയനീയമായി തോറ്റു.

കുടുംബശ്രീ തെരഞ്ഞെടുപ്പിൽ സാധാരണയായി രാഷ്ട്രീയാടിസ്ഥാനത്തിൽ മത്സരമുണ്ടാകാറില്ലെങ്കിലും ഇക്കുറി അത്യന്തം വാശിയേറിയ രാഷ്ട്രീയ നിറമുള്ള പോരാട്ടം തന്നെയാണ് നടന്നത്. ആകെയുണ്ടായിരുന്ന 81 സി.ഡി. എസുകളിൽ 72 എണ്ണത്തിലും ഇടതു ആഭിമുഖ്യമുള്ള സ്ഥാനാർത്ഥികളാണ് ജയിച്ചത്.

ഇടതുപക്ഷത്തിന് പൊതുവെ സ്വാധീനമില്ലാത്ത സ്ഥലങ്ങളായ ഉദയഗിരി, പയ്യാവൂർ, തൃപങ്ങോട്ടൂർ, ആറളം എന്നീ സി.ഡി. എസുകളിലും പതിവിൽ നിന്നും വ്യത്യസ്തമായി ഇക്കുറി ഇടതു ആഭിമുഖ്യമുള്ള സ്ഥാനാർത്ഥികളാണ് ജയിച്ചത്. എരുവേശി, തൃപങ്ങോട്ടൂർ എന്നിവടങ്ങളിൽ വോട്ടിങ് നില തുല്യമായതിനെ തുടർന്ന് രണ്ടിടങ്ങളിലും നറുക്കെടുപ്പിലൂടെയാണ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെ തെരഞ്ഞെടുത്തത്. റിപ്പബ്ളിക്ക് ദിനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞചെയ്തു അധികാരമേറ്റെടുക്കും. ബുധനാഴ്‌ച്ച രാവിലെ 9.30ന് അയൽക്കൂട്ടങ്ങളിലെയും 11 മണിക്ക് എ.ഡി. എസുകളിലെയും ഉച്ചയ്ക്കു രണ്ടുമണിക്ക് സി.ഡി. എസുകളിലെയും തെരഞ്ഞെടുക്കപ്പെട്ടവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടക്കുന്ന ലളിതമായ ചടങ്ങിൽ ചുമതലയേൽക്കും.

കോവിഡ് പ്രതിസന്ധികാരണം 2021 ജനുവരി 26ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഒരുവർഷം വൈകിയാണ് നടന്നത്. നിലവിലെ ഭരണസമിതിക്ക് മൂന്നുവർഷം കഴിഞ്ഞപ്പോൾ ഒരുവർഷം കൂടി സർക്കാർ പ്രത്യേക പരിഗണനവെച്ചു നീട്ടിനൽകുകയായിരുന്നു.ഇത്തവണ 99.09 സി.ഡി. എസുകളിലും തെരഞ്ഞെടുപ്പു നടത്താൻ കഴിഞ്ഞു. കഴിഞ്ഞതവണ 18960 അയൽക്കൂട്ടങ്ങൾ 20290 എണ്ണമായും 1537 എ.ഡി. എസുകൾ 1540 ആയും 71 സി.ഡി. എസുകൾ 81 ആയും വർധിച്ചിട്ടുണ്ട്.

സർക്കാരിന്റെ പദ്ധതി നടത്തിപ്പിനുള്ള താഴെത്തട്ടിലുള്ള നടത്തിപ്പുകാരെന്ന നിലയിൽ ഇക്കുറി പലയിടങ്ങളിലും നല്ല മത്സരം തന്നെ പലയിടങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ യു.ഡി. എഫിനെ സംബന്ധിച്ചിടുത്തോളം കഴിഞ്ഞ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിലെ തനിയാവർത്തനായി കുടുംബശ്രീ തെരഞ്ഞെടുപ്പ്.

തങ്ങളുടെ ശക്തികേന്ദ്രമായ മലയോര മേഖലയിലും കണ്ണൂർ കോർപറേഷനിലും യു.ഡി. എഫിന്റെ കാലിനടിയിലെ മണ്ണൊലിച്ചു പോയി. ഉദയഗിരിയിലും ആലക്കോടും എൽ.ഡി. എഫ് സി.ഡി. എസുകൾ പിടിച്ചെടുത്തു.ഉദയഗിരിയിൽ മൂന്നിനെതിരെ 12 വോട്ടുകൾക്കും ആലക്കോട് എട്ടിനെതിരെ 13 വോട്ടുകൾക്കും എൽ.ഡി. എഫ് വിജയിച്ചു.

ഉദയഗിരിയിൽ ചെയർ സി.ഡി. എഫ് ചെയർപേഴ്സ്നായി സൂര്യ ഷാജിയും വൈസ് ചെയർപേഴ്സനായി ദീപ വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. ആലക്കോട് ധന്യ ഗോപി ചെയർപേഴ്സനും സാവിത്രി വൈസ് ചെയർപേഴ്സനായും തെരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളിലെ തോൽവി യു,ഡി, എഫിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.