- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയതലത്തിൽ കോൺഗ്രസ് സഖ്യം വേണ്ട; ബംഗാൾ ഘടകത്തിന്റെ നിലപാട് തള്ളി സി പി എം കേന്ദ്രകമ്മിറ്റി; പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് അംഗീകാരം; ബിജെപിയെ തോൽപിക്കുക മുഖ്യലക്ഷ്യം; തന്ത്രങ്ങൾ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
ഹൈദരാബാദ്: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. ഈ വർഷം കണ്ണൂരിൽ നടക്കാനിരിക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റിയിൽ അംഗീകാരം നൽകി. താഴേത്തട്ടിലെ ചർച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് പരിഗണിക്കും. തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരായ തന്ത്രം സംസ്ഥാന തലങ്ങളിൽ തീരുമാനിക്കുമെന്നും കേന്ദ്ര കമ്മിറ്റിയിൽ തീരുമാനമായി.
കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലെന്നു നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോയിലും (പിബി) ഉന്നയിക്കപ്പെട്ടിരുന്നു. കോൺഗ്രസിന് അടിത്തറ നഷ്ടമായി കൊണ്ടിരിക്കുന്നു. മത നിരപേക്ഷ വിഷയങ്ങളിൽ കോൺഗ്രസിന്റെ സമീപനം ശരിയായ ദിശയിലല്ല. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും പിബി വിലയിരുത്തി.
അതേ സമയം, ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം പൂർണമായും തള്ളുന്നതിനോട് സിപിഎം ബംഗാൾ ഘടകം എതിർപ്പു രേഖപ്പെടുത്തി. കേന്ദ്രകമ്മറ്റി യോഗത്തിൽ ബംഗാളിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം ഉന്നയിച്ചു. എതിർപ്പ് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്നാണ് ബംഗാൾ നേതാക്കളുടെ ആവശ്യം.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെക്കൂടാതെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ, മണിക് സർക്കാർ, പ്രകാശ് കാരാട്ട്, എം എ ബേബി, വൃന്ദാ കാരാട്ട് തുടങ്ങിയവർ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടവുനയത്തിൽ കോൺഗ്രസ് സഖ്യം പുനപരിശോധിക്കണമെന്ന് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും ആവശ്യമുയർന്നിരുന്നു.
പൊളിറ്റ് ബ്യൂറോയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. സി പി എമ്മിന്റെ വിപ്ലവപാത വീണ്ടെടുക്കണമെന്നും ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും പ്രമേയത്തിൽ പറയുന്നു. ബിജെപിക്കെതിരായ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. യുപിയിൽ എസ്പിയെ പിന്തുണക്കും. ഇന്ത്യയിൽ പ്രദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാർട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
കോൺഗ്രസുമായി സഖ്യം വേണമെന്ന പശ്ചിമ ബംഗാൾ ഘടകത്തിന്റെ നിലപാട് തള്ളിയാണ് പ്രമേയത്തിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയിരിക്കുന്നത്. മുൻകാലങ്ങളിലും ബംഗാൾ ഘടകം കോൺഗ്രസ് സഹകരണം ആകാമെന്ന നിലപാടെടുത്തിരുന്നു. എന്നാൽ കേരള ഘടകം ശക്തമായ എതിർപ്പാണ് ഇതിൽ സ്വീകരിച്ചിരുന്നത്. അതേസമയം കേന്ദ്രസർക്കാരിന് എതിരെയുള്ള സമരങ്ങളിൽ കോൺഗ്രസുമായി സഹകരിക്കാമെന്നും രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ദേശീയ തലത്തിൽ ബിജെപിക്ക് എതിരായി ബദൽ രൂപീകരിക്കാൻ സാധക്കില്ലെന്നാണ് ബംഗാൾ ഘടകം ആവർത്തിക്കുന്നത്. ബിജെപി ക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമാണെന്നും അതിനാൽ കോൺഗ്രസിനെ ഒഴിവാക്കിയ ഒരു ബദൽ ദേശീയ തലത്തിൽ പ്രായോഗികമാവില്ലെന്നുമുള്ള നിലപാടിലാണ് ബംഗാൾ ഘടകം
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായ പരിധി 75 ആക്കുന്നതിലും ബംഗാൾ നേതാക്കൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. കർശനമായി നടപ്പാക്കരുതെന്നും സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ച് മുതിർന്ന അംഗങ്ങൾക്ക് ഇളവ് വേണമെന്നുമാണ് ചില നേതാക്കളുടെ വാദം. മുതിർന്ന നേതാക്കളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണമെന്നും ബംഗാൾ ഘടകം പറയുന്നു.
ബിജെപിയെ അധികാരത്തിൽ താഴെയിറക്കാൻ തൊഴിലാളി കർഷക ഐക്യത്തിലൂന്നിയുള്ള പ്രക്ഷോഭത്തിന് ഊന്നൽ നൽകണമെന്നാണ് പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയിട്ടുള്ള കരടുരേഖയുടെ കാതൽ. രാജ്യത്ത് ഇടത് രാഷ്ട്രീയത്തിൽ ഊന്നിയുള്ള ജനാധിപത്യ-മതേതര രാഷ്ട്രീയ ബദൽ രൂപീകരിക്കണമെന്നും കരടുപ്രമേയത്തിൽ പറയുന്നു.
കർഷക സമരം വിജയിച്ചത് ഊർജമായി ഉൾക്കൊണ്ട് പാർട്ടിയും ബഹുജനസംഘടനകളും ജനകീയപ്രക്ഷോഭത്തിന്റെ വഴിയിൽ ശക്തമായി മുന്നോട്ടുപോവണമെന്ന് കരടുരേഖയിൽ പറയുന്നു. 2022 ഏപ്രിലിലാണ് സി പി എം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. 2012 ൽ കോഴിക്കോട് പാർട്ടി കോൺഗ്രസ് ചേർന്നതിന് ശേഷം ആദ്യമായാണ് കേരളം സി പി എം പാർട്ടി കോൺഗ്രസിന് വേദിയാകുന്നത്. സിപിഎം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആറുമുതൽ 10 വരെയാണ് കണ്ണൂരിൽ നടക്കുന്നത്.
ന്യൂസ് ഡെസ്ക്