ന്യൂഡൽഹി: ബിജെപിയാണ് മുഖ്യശത്രു. ഈ സന്ദേശമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൊൽക്കത്തയിൽ വ്യക്തമാക്കിയത്. അതായത് ഇതുവരെ അകറ്റി നിർത്തിയിരുന്ന തൃണമൂൽ കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ കക്ഷികളുമായും ബിജെപിയെ ചെറുക്കാൻ വേണ്ടി സഹകരിക്കും.

' ബിജെപിക്ക് എതിരായ പോരാട്ടത്തിന് എല്ലാ മതേതര ശക്തികളുമായും കൈകോർക്കാൻ സിപിഎം തയ്യാറാണ്. കേരളത്തിൽ, കോൺഗ്രസിന് എതിരെയാണ് സിപിഎം മത്സരിക്കുന്നതെങ്കിലും ദേശീയതലത്തിൽ ബിജെപിക്കെതിരെ ഒന്നിച്ചുപ്രവർത്തിച്ചുവരികയാണ്. ഇതേ രാഷ്ടീയ ലൈനാണ് തൃണമൂൽ കോൺഗ്രസിന്റെ കാര്യത്തിലും സ്വീകരിക്കുന്നത്.

പെഗസ്സസ് വിഷയത്തിൽ കേന്ദ്രസർക്കാരിന് എതിരെ, പാർട്ടി ദേശവ്യാപക പ്രക്ഷോഭം നടത്തും. ഈ പ്രക്ഷോഭത്തിൽ മതേതര പ്രതിപക്ഷ ശക്തികൾ എല്ലാം ഒന്നിക്കും. മുഖ്യ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തി വരികയാണ്. ഓഗസ്റ്റ് 20 ന് ഒരു വെർച്വൽ യോഗം ചേരുന്നുണ്ട്. കോവിഡിനെ തുടർന്ന് 14 പ്രതിപക്ഷ പാർട്ടികളും സംയുക്തമായാണ് പ്രസ്താവനകൾ ഇറക്കുന്നത്. കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരെ എല്ലാ മതേതര പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം', യെച്ചൂരി പറഞ്ഞു.

ബംഗാളിലെ ഉപതിരഞ്ഞെടുപ്പിൽ, കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുമെന്നും യെച്ചൂരി സൂചിപ്പിച്ചു. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി സഹകരിക്കുമെങ്കിലും, പശ്ചിമ ബംഗാളിലും ത്രിപുരയിലും തൃണമൂലുമായി സഹകരണമില്ല. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ താൻ എഴുതിയ പ്രമേയം മമത ബാനർജി ഒപ്പിട്ട കാര്യവും നേട്ടമായി യെച്ചൂരി വിലയിരുത്തുന്നു.

ബംഗാളിൽ സിപിഎം. പ്രവർത്തകർക്ക് നേരെ വലിയ തോതിൽ അക്രമണങ്ങളാണ് മമത ബാനർജി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ നേരിടേണ്ടി വന്നത്. മമതാ ബാനർജിയുമായി ഒരു സഖ്യത്തിനോ സഹകരണത്തിനോ പോലും തയ്യാറല്ല എന്നായിരുന്നു അന്ന് പാർട്ടി വ്യക്തമാക്കിയിരുന്നത്. ആ പാർട്ടിലൈനിലാണ് കാതലായ മാറ്റം വന്നിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടക്കം സിപിഎം, കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി ദേശീയ തലത്തിൽ സഹകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും തൃണമൂൽ കോൺഗ്രസുമായി ഒരു സഹകരണം ഉണ്ടാകില്ല എന്നായിരുന്നു നിലപാട്. ആ നിലപാടിൽ മാറ്റം വന്നിരിക്കുന്നു. സംസ്ഥാന തലത്തിൽ ഒരു നിലപാടും ദേശിയ തലത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നും യെച്ചൂരി വ്യക്തമാക്കി.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാം എന്ന നിലപാട്. ബിജെപിയെ എതിർക്കുന്നതിന് ദേശീയ തലത്തിൽ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കാമെന്നായിരുന്നു പാർട്ടി കോൺഗ്രസിലെ തീരുമാനം.