- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരി: നയസമീപനത്തിൽ വ്യതിയാനവുമായി സിപിഎം; ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണം; കോൺഗ്രസിനെ ഒഴിവാക്കരുതെന്ന് മമത ബാനർജിയോട് സിപിഎം
ന്യൂഡൽഹി: ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരി രൂപീകരിക്കുന്നത് സംബന്ധിച്ച നീക്കങ്ങൾക്കിടെ കോൺഗ്രസിനോടുള്ള നയസമീപനത്തിൽ നിർണായക വ്യതിയാനവുമായി സിപിഎം. കോൺഗ്രസിനെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം സിപിഎം ഇതാദ്യമായി മുന്നോട്ടുവച്ചു.
കോൺഗ്രസടക്കം ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണം. യോഗം രാഷ്ട്രീയ സഖ്യത്തിന് വേദിയാക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും പാർട്ടി ദേശീയ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിൽ സിപിഎം അഭിപ്രായപ്പെട്ടു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആണ് വിവിധ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയുണ്ടാക്കി കേന്ദ്രസർക്കാരിനെതിരായ നീക്കത്തിന് ശ്രമം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖർ റാവു ചർച്ച നടത്തിയിരുന്നു. കൂടാതെ മമത ബാനർജിയെയും ഉദ്ധവ് താക്കറെയെയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ദേശീയ മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്റോറിയലിലൂടെ ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്.
കോൺഗ്രസിനെ ആദ്യഘട്ടത്തിൽ വിമർശിച്ചുകൊണ്ടാണ് മുഖപ്രസംഗം തുടങ്ങുന്നത്. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലുള്ള സമയം അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യം അതീവ ഗുരുതരമാണ്.
സംസ്ഥാനങ്ങളുടെ അവകാശത്തിന്മേൽ കേന്ദ്രസർക്കാർ വലിയ തോതിൽ കടന്നുകയറ്റം നടത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത് ശരിയല്ല. ബിജെപി ഇതരപാർട്ടികളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടുന്ന വിശാലയോഗമാണ് വിളിക്കേണ്ടതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
കോൺഗ്രസിനെ ഒഴിവാക്കിയുള്ള മമത ബാനർജിയുടെ നീക്കത്തിനെതിരെ സിപിഎം നേതൃത്വം രംഗത്തെത്തി. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലാണ് മമത ബാനർജി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനു ശേഷം മമത ബാനർജി ദേശീയ തലത്തിൽ നടത്തിയ നീക്കങ്ങൾ കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു.
ഭിന്നത രൂക്ഷമായപ്പോൾ ഡൽഹിയിലെത്തിയ മമതയെ കാണാൻ സോണിയ ഗാന്ധി കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന് സ്വന്തം വഴി തേടാമെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ പറഞ്ഞത്. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയക്കുള്ള നീക്കം തുടങ്ങിയെന്നും മമത അറിയിച്ചിരുന്നു. ചന്ദ്രശേഖര റാവു, എം കെ സ്റ്റാലിൻ എന്നിവരുമായി മമത സംസാരിച്ചിരുന്നു. ബംഗാളിലെ മുനിസിപ്പൽ തെരഞ്ഞടുപ്പിൽ 60 ശതമാനം വോട്ട് നേടിയത് മമതയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
അഖിലേഷ് യാദവിനായി മമത പ്രചാരണത്തിനെത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. യുപിയിലെ ഫലം വന്നുകഴിഞ്ഞേ മമതയുടെ നീക്കം വിജയിക്കുമോ എന്നറിയാനാവു. എന്നാൽ ഗോവയിൽ തൃണമൂൽ നടത്തിയ നീക്കം ജനം തള്ളിയെന്നാണ് കോൺഗ്രസ് പ്രതികരണം. മമത സ്വന്തം വഴി തേടട്ടെ എന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ടിലും ഗോവയിലും അധികാരത്തിലെത്തും എന്ന് വിലയിരുത്തുന്ന കോൺഗ്രസ് പ്രതിപക്ഷത്തെ നീക്കങ്ങൾക്ക് ഫലം വരെ കാത്തിരിക്കാം എന്ന നിലപാടിലാണ്.
അതേ സമയം അപമാനിതനായതിനാലാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ അശ്വിനി കുമാർ . പാർട്ടിയുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും പഞ്ചാബിൽ പോലും കോൺഗ്രസ് രക്ഷപ്പെടില്ലെന്നും അശ്വിനി കുമാർ പറഞ്ഞു. അശ്വിനി കുമാറിന്റെ രാജിക്ക് പിന്നാലെ ഗ്രൂപ്പ് 23 നേതാക്കൾ വീണ്ടും നേതൃത്വത്തിനെതിരെ തിരിഞ്ഞു.
നാൽപത്തിയാറ് വർഷത്തെ സഹവാസം അവസാനിപ്പിച്ചാണ് അശ്വിനി കുമാർ കോൺഗ്രസിന്റെ പടിയിറങ്ങിയത്. പഞ്ചാബ് ഘടകത്തിനെതിരെ ഉന്നയിച്ച പരാതികൾ കേട്ടതായി പോലും നേതൃത്വം നടിച്ചില്ല. ചരൺജിത് സിങ് ഛന്നിയുടെ ന്യൂനതകളും ചൂണ്ടിക്കാട്ടിയിരുന്നു. നേരായ വഴിക്കല്ല കാര്യങ്ങൾ പോകുന്നതെന്നും ഉപജാപക സംഘത്തിന്റെ പിടിയിലാണ് നേതൃത്വമെന്നും അശ്വിനി കുമാർ തുറന്നടിക്കുന്നു.
ബദൽ നേതൃത്വം അവതരിപ്പിക്കാൻ കോൺഗ്രസിനാവുന്നില്ല എന്ന അശ്വിനി കുമാറിന്റെ വാക്കുകൾ രാഹുൽ ഗാന്ധിക്കും ചുറ്റുമുള്ളവർക്കുമെതിരായ അമർഷത്തിന്റെ കൂടി സൂചനയാണ്. ഗൗരവപൂർവ്വം ആത്മപരിശോധന നടത്തിയില്ലെങ്കിൽ പാർട്ടി കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നീ ഗ്രൂപ്പ് 23 നേതാക്കൾ മുന്നറിയിപ്പ് ആവർത്തിച്ചു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകും എന്ന സൂചനയാണ് വിമത നേതാക്കൾ നൽകുന്നത്.




