- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{സിപിഎം}} സഹകരണ ആശുപത്രി സ്വകാര്യ ഉടമയ്ക്കു പാട്ടത്തിനു നൽകി; ചെറുപുഴയിൽ പി കരുണാകരൻ എംപിയുടെ ചടങ്ങ് ഒരു വിഭാഗം ബഹിഷ്കരിച്ചു
കണ്ണൂർ: ചെറുപുഴയിലെ സിപിഐ(എം) സഹകരണ ആശുപത്രി സ്വകാര്യാശുപത്രിക്കു പാട്ടത്തിനു നൽകിയതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ പാർട്ടി നേതൃത്വത്തിനെതിരെ നീങ്ങുന്നു. സിപിഐ(എം) പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെറുപുഴ കാരക്കോട് സഹകരണ ആശുപത്രിയാണ് സ്വകാര്യാശുപത്രി ഉടമക്ക് പാട്ടത്തിനു നൽകിയത്. നാലു വർഷം മ
കണ്ണൂർ: ചെറുപുഴയിലെ സിപിഐ(എം) സഹകരണ ആശുപത്രി സ്വകാര്യാശുപത്രിക്കു പാട്ടത്തിനു നൽകിയതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ പാർട്ടി നേതൃത്വത്തിനെതിരെ നീങ്ങുന്നു. സിപിഐ(എം) പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെറുപുഴ കാരക്കോട് സഹകരണ ആശുപത്രിയാണ് സ്വകാര്യാശുപത്രി ഉടമക്ക് പാട്ടത്തിനു നൽകിയത്.
നാലു വർഷം മുമ്പ് സ്വകാര്യവ്യക്തിയുടെ കെട്ടിടം വാടകയ്‌ക്കെടുത്താണ് സഹകരണ ആശുപത്രിക്ക് തുടക്കമിട്ടത്. കോൺഗ്രസ് ഭരണം കയ്യാളുന്ന ചെറുപുഴ ഗ്രാമപഞ്ചായത്തിൽ സിപിഐ.(എം) നിയന്ത്രണത്തിലുള്ള ഈ സഹകരണ ആശുപത്രി മികച്ച രീതിയിലാണ് പ്രവർത്തിച്ചു പോന്നത്.
എന്നാൽ അടുത്ത കാലത്തായി ആശുപത്രിയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയായിരുന്നു. ആശുപത്രിയെ നശിപ്പിച്ച് സ്വകാര്യഉടമക്ക് നൽകാനുള്ള ബോധപൂർവ്വമായ നീക്കം ഇതിനു പിന്നിലുണ്ടെന്ന് പാർട്ടി അണികളിലൊരു വിഭാഗം ആരോപിക്കുന്നു. പൊതുവെ ചികിത്സാ സൗകര്യം കുറഞ്ഞ ഈ മലയോര മേഖലയിൽ സിപിഐ.(എം)യുടെ സഹകരണ ആശുപത്രി ജനങ്ങൾക്ക് അനുഗ്രഹമായിരുന്നു. പാർട്ടിക്ക് മതിപ്പുളവാക്കുന്ന സ്ഥാപനമായി സഹകരണ ആശുപത്രി വളരുകയും ചെയ്തിരുന്നു.
സിപിഐ.(എം) നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി സമീപത്തെ ചില സ്വകാരൃ ഡോക്ടർമാർക്ക് ഭീഷണിയായിരുന്നു. കുറഞ്ഞ ചെലവിൽ ചികിത്സ ലഭിച്ചിരുന്നതിനാൽ പാർട്ടിക്കു പുറത്തും ആശുപത്രിയെക്കുറിച്ച് മതിപ്പുണ്ടായിരുന്നു. സ്വകാര്യആശുപത്രി ഉടമയായ ഡോക്ടറെ സഹകരണ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറായി നിയമിച്ചതോടെയാണ് പ്രശ്‌നങ്ങളുടലെടുത്തത്. പാർട്ടി പ്രവർത്തകരിൽനിന്നു ഓഹരി പിരിച്ച് ആരംഭിച്ച സഹകരണ ആശുപത്രി വാടകയ്ക്ക് മറ്റൊരാൾക്ക് നൽകിയതിൽ പാർട്ടിയിൽ വിഭാഗീയത ഉടലെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഈ ആശുപത്രിയിൽ സ്ഥാപിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിൽ സിപിഐ.(എം) കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ എംപി എത്തിയപ്പോഴും ഒരുവിഭാഗം പാർട്ടിക്കാർ വിട്ടുനിന്ന് പ്രതിഷേധിച്ചു. എന്നാൽ പാർട്ടി നേതൃത്വം പറയുന്നതിങ്ങനെ- സ്വകാര്യആശുപത്രി ഉടമയായ ഡോക്ടറെ സഹകരണ ആശുപത്രിയുടെ ചീഫ് മെഡിക്കൽ ഓഫീസറായി നിയമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ആശുപത്രിയിൽ ജോലിചെയ്യുന്ന ജീവനക്കാരിൽ ചിലരെ ഒഴിവാക്കിയതായും ആരോപണമുയർന്നിട്ടുണ്ട്. നിലനിർത്തിയവർക്കാണെങ്കിൽ അമിതമായ ജോലിഭാരവും അടിച്ചേൽപ്പിക്കുകയാണ്. സ്വകാര്യആശുപത്രിയുടമയെ സഹകരണ മേഖലയിലെ ആശുപത്രിയുടെ ചീഫ് മെഡിക്കൽ ഓഫീസറായി നിയമിച്ചത് സിപിഐ.(എം)യുടെ പുതിയ സഹകരണനയത്തിന്റെ ഭാഗമാണോ എന്നും ഒരു വിഭാഗം പ്രവർത്തകർ ചോദിക്കുന്നു. കണ്ണൂരിലെ എ.കെ.ജി. സ്മാരക സഹകരണ ആശുപത്രിയിൽ നഴ്‌സിങ് ജീവനക്കാർ സമരത്തിന് നീക്കം നടത്തുമ്പോഴാണ് ചെറുപുഴയിലെ പാർട്ടി ആശുപത്രിയിലെ പാട്ട വിവാദം പുറത്തുവന്നത്.