തിരുവനന്തപുരം: സിപിഎം. ഉൾപ്പെടെയുള്ള മറ്റുപാർട്ടികളിൽനിന്ന് സിപിഐ.യിലേക്ക് കൂടുതൽപേർ എത്തുന്നുവെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ റിപ്പോർട്ട്. കണ്ണൂരിലും മറ്റും നിരവധി പേർ വന്നു. മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ അദ്ദേഹത്തേയും സിപിഐ എടുക്കും. സിപിഐയുടെ അടിത്തറ ശക്തിപ്പെടുന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സിപിഎമ്മിൽ നിന്ന് അടക്കം കൂടുതൽ പേർ വരുന്നതെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

മുൻകാലങ്ങളില്ലാത്തവിധം ഈമാറ്റം പ്രകടമാണ്. പ്രവർത്തകർ മാത്രമല്ല, പ്രാദേശികനേതാക്കളും പാർട്ടിയിലേക്ക് വരുന്നുണ്ട്. ഇവരെ സ്വീകരിക്കാൻ പാകത്തിൽ നേതാക്കളുടെ മനസ്സുമാറണമെന്നും അതിന് സംസ്ഥാനതലത്തിൽ ഒരു പൊതുനയം ഉണ്ടാകണമെന്നും ജില്ലാസെക്രട്ടറിമാർ യോഗത്തിൽ ആവശ്യപ്പെട്ടു. സിപിഎമ്മിനെ വെല്ലുവിളിച്ചു തന്നെ ഇക്കാര്യത്തിൽ മുമ്പോട്ട് പോകാനാണ് തീരുമാനം. സിപിഎമ്മിന്റെ എതിർപ്പുകളെ സിപിഐ മുഖവലിയ്‌ക്കെടുക്കില്ല. ആർക്കും സിപിഐയിലേക്ക് കടന്നുവരാമെന്ന സന്ദേശം നൽകും. ഇടതുപക്ഷ കരുത്ത് ചോരാതെ നിലനിൽക്കാനാണ് ഇത്.

കണ്ണൂരിൽ സിപിഎം. വിട്ട് നേതാക്കളും പ്രവർത്തകരും സിപിഐ.യിൽ ചേർന്നത് ഇരുപാർട്ടികളും തമ്മിൽ തർക്കത്തിന് ഇടയാക്കിയിരുന്നു. സിപിഎം. വിട്ടുവരുന്നവരെ പാർട്ടിയിലേക്കു സ്വീകരിക്കാൻ തടസ്സമില്ലെങ്കിലും അതിന് വലിയ പരസ്യം നൽകേണ്ടതില്ലെന്ന് സംസ്ഥാനനേതാക്കൾ നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിമാരുടെ പ്രതികരണം. ഇടുക്കിയിൽ എസ് രാജേന്ദ്രനും സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുകയാണ്. രാജേന്ദ്രനേയും സിപിഐയിലേക്ക് അടുപ്പിക്കാൻ തന്നെയാണ് തീരുമാനം.

എല്ലാജില്ലകളിലും മറ്റുപാർട്ടികളിൽനിന്ന് എത്തിയവരുടെ വിവരങ്ങൾ ജില്ലാസെക്രട്ടറിമാർ റിപ്പോർട്ടുചെയ്തു. മറ്റുപാർട്ടിയിലെ നേതാക്കളെത്തുമ്പോൾ തങ്ങളുടെ സ്ഥാനം നഷ്ടമാവുമോ എന്ന ചിന്ത പാർട്ടിയിലുള്ളവർക്ക് ഉണ്ടാകാൻ പാടില്ല. അത്തരം മനോഭാവം ഇല്ലാതാക്കാനാണ് സംസ്ഥാനതലത്തിൽത്തന്നെ പൊതുനയമുണ്ടാക്കണമെന്ന് നിർദ്ദേശിക്കുന്നതെന്നും ജില്ലാ സെക്രട്ടറിമാർ പറഞ്ഞു. സിപിഎമ്മിലെ നേതാക്കളെ സിപിഐയിലേക്ക് എത്തിച്ചത് പാർട്ടി അടിത്തറ വിപുലീകരിക്കാനാണ് തീരുമാനം. ഇത് ഇടതുമുന്നണിയിലെ വല്യേട്ടൻ കൂടിയായ സിപിഎമ്മിന് വലിയ തിരിച്ചടിയാകും.

ഫെബ്രുവരി 10 മുതൽ പാർട്ടിസമ്മേളനങ്ങൾ തുടങ്ങാൻ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. സെപ്റ്റംബർ പകുതിയോടെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. സെപ്റ്റംബർ അവസാനത്തിലോ ഒക്ടോബർ ആദ്യമോ തിരുവനന്തപുരത്ത് സംസ്ഥാനസമ്മേളനം നടക്കും. ഒക്ടോബറിൽ വിജയവാഡയിലാണ് പാർട്ടി കോൺഗ്രസ്.

സിപിഎം വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെ കുറിച്ച് തൽക്കാലം ആലോചിക്കുന്നില്ലെന്ന് ദേവികുളം മുൻ എംഎ‍ൽഎ എസ് രാജേന്ദ്രൻ പ്രതികരിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഉൾപ്പെടെയുള്ള മുൻ മന്ത്രി എം.എം മണിയുടെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനില്ലെന്നും അദ്ദേഹം പറയുന്നു. പാർട്ടിയോട് പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പാർട്ടിയെ അനുസരിച്ച് നിൽക്കണമെന്നത് അവരുടെ അഭിപ്രായമാണ്. കൂടുതൽ പ്രതികരണങ്ങൾ പിന്നീട് നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാജേന്ദ്രന് വേണ്ടി സിപിഐ നീക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം സിപിഎം മറയൂർ ഏരിയ സമ്മേളനത്തിൽ എംഎം മണി രാജേന്ദ്രനെതിരെ ഉന്നയിച്ചത് അതിരൂക്ഷമായ വിമർശനങ്ങളാണ്. അത് പറയേണ്ടിയിരുന്നത് സമ്മേളനവേദിയിലായിരുന്നോ അതോ പാർട്ടി ഘടകത്തിലായിരുന്നോ എന്ന് എം.എം മണി പരിശോധിക്കട്ടേയെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. പാർട്ടിക്ക് നൽകിയ കത്തിൽ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനാലാണ് പാർട്ടി സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാത്തതിന് സംഘടനാപരമായി നടപടിയുണ്ടാകുമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും കഴിഞ്ഞ ദിവസം മണി പറഞ്ഞിരുന്നു.

പാർട്ടി അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തിയതിനെതിരേയും വിമർശനം ഉന്നയിച്ചിരുന്നു. മൂന്ന് തവണ എംഎൽഎ സ്ഥാനം ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ പാർട്ടിയാണ് രാജേന്ദ്രന് നൽകിയത്. എന്നിട്ടും സീറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് രാജേന്ദ്രൻ നേരിടുന്ന ആരോപണം. ആരോപണമുയർന്നതിനാലാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. എ. രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.