കണ്ണൂർ: ആന്തൂർ സിപിഐ(എം) ന്റെ നെടും കോട്ടയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമില്ലാതെ എൽ.ഡി.എഫ് എല്ലാ സീറ്റും നേടിയ നഗര സഭ. അതിൽ തന്നെ 14 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുൻസിപ്പൽ ഭരണ പ്രദേശമെങ്കിലും നഗര പ്രദേശത്തിന്റെ കാര്യമായ ലക്ഷണമൊന്നുമിവിടെയില്ല.

പറശ്ശിനി മുത്തപ്പൻ ദേവസ്ഥാനം നില കൊള്ളുന്നതിനാൽ ഇടതടവില്ലാതെ ഭക്ത ജനങ്ങളുടെ സാന്നിധ്യം മാത്രം. നഗര സഭയിലെ 28 കൗൺസിലർമാരിൽ 27 ഉം സിപിഐ(എം). ഒരാൾ സിപിഐ.യും. ഇങ്ങനെ ചെങ്കൊടി മാത്രം വാഴുന്ന നാട്ടിലും സിപിഐ.യുടെ ഒരാസ്ഥാനം തകർക്കപ്പെട്ടു. ആന്തൂരിൽ നടന്ന ഈ അക്രമം ജില്ല കടന്ന് സംസ്ഥാന തലത്തിൽ പോലും ചർച്ചയാവുകയാണ്. സിപിഐ.യുടെ പ്രമുഖ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ.വി മൂസാൻ കുട്ടിമാസ്റ്റർ സ്മാരകമാണ് അടിച്ചു തകർക്കപ്പെട്ടത്.

സി.പി .ഐ.ക്ക് ഏറെ മനോ വിഷമമുണ്ടാക്കിയ സംഭവമാണിത്. കെട്ടിടത്തിന്റെ മുകൾ നിലയിലെ എട്ട് ജനൽ പാളികൾ തകർക്കപ്പെട്ടു. ഇരുമ്പു പാര ഉപയോഗിച്ച് പ്രധാന വാതിൽ തകർക്കാനും ശ്രമം നടന്നു. സ്മാരക മന്ദിരത്തിന്റെ മുന്നിലായി സ്ഥാപിച്ച കോൺക്രീറ്റിൽ ഉറപ്പിച്ച കൊടി മരവും തകർക്കാൻ ശ്രമിച്ചു. കോൺക്രീറ്റ് അടർത്തിമാറ്റിയതിനാൽ കൊടി മരം ചരിഞ്ഞ നിലയിലാണ്. ഇടതു പക്ഷം മാത്രം വാഴുന്ന ഈ ദേശത്ത് ആരാണ് ഈ അക്രമം കാട്ടിയതെന്ന് ചോദിച്ചാൽ സിപിഐ.യുടെ പ്രാദേശിക പ്രവർത്തകർ സിപിഐ(എം). ന് നേരെയാണ് വിരൽ ചൂണ്ടുന്നത്. നേതാക്കൾ തുറന്ന് പറയുന്നില്ലെങ്കിലും അണികൾ രഹസ്യമായും പരസ്യമായും സിപിഐ(എം). നെ അക്രമികളുടെ പക്ഷത്ത് നിർത്തിയിരിക്കയാണ്. അതിനു ചില കാരണങ്ങളും അവർക്ക് പറയാനുണ്ട്.

കഴിഞ്ഞ ഡിസംബർ 27 ന് മൂസാൻകുട്ടി മാസ്റ്ററുടെ 25 ാം ചരമ വാർഷിക ദിനം ആചരിച്ചിരുന്നു. പഴയ കാലത്തെ ഉന്നതനായ നേതാവിന്റെ വാർഷിക ദിനത്തിൽ ഉത്ഘാടകനായി എത്തിയത് സിപിഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു. മാവോയിസ്റ്റ് വേട്ടയും യു.എ. പി.യേയും സംബന്ധിച്ച സിപിഐ യുടെ നിലപാടുകൾ കത്തി നിൽക്കുന്ന സമയവും. ആന്തൂർ മേഖല സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു കോൾമൊട്ടയിലെ സമ്മേളന നഗരിയിലെത്തിയത്. കാനം രാജേന്ദ്രൻ പരോക്ഷമായി സിപിഐ(എം)നെതിരെ കടുത്ത വിമർശനം അഴിച്ചു വിട്ടു.

' ഞങ്ങൾ കമ്യൂണിസ്റ്റുകാർ മാവോസെതൂങ്ങിന്റെ പടം പാർട്ടി ഓഫീസിൽ വെക്കാറില്ല. എന്നാൽ 64 മുതൽ ചിലർ അവരുടെ പാർട്ടി ഓഫീസുകളിൽ മാവോയുടെ പടം വെക്കാറുണ്ട്. അവിടെ ഇപ്പോഴും അത് കാണാം. മാവോ ഭീകരവാദിയല്ല. മാവോ വാദികൾ ഭീരകരവാദികളാണോ? ' തുടങ്ങിയ രീതിയിലായിരുന്നു കാനത്തിന്റെ പ്രസംഗം. യു.എ.പി.എ പോലുള്ള കാര്യങ്ങളിൽ എൽ.ഡി.എ സർക്കാർ മോടിയുടെ നയങ്ങൾ പിൻതുടരേണ്ട ആവശ്യമില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു. ഇത് സിപി.എം. നെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം എന്നാണ് സിപിഐ. പ്രാദേശിക ഘടകം കരുതുന്നത്.

കണ്ണൂരിലും ആന്തൂരിലും പല രാഷ്ട്രീയ പ്രശ്നങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും അതൊന്നും സിപി.ഐ യേയോ അവരുടെ ഓഫീസുകളേയോ ബാധിച്ചിരുന്നില്ല. പുറമേ നിന്ന് ആരും വന്ന് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന അക്രമം നടത്താൻ തയ്യാറാവുകയുമില്ല. ആസൂത്രിതമായ അക്രമമാണ് സിപിഐ. സ്മാരക മന്ദിരത്തിനു നേരെ നടന്നതെന്ന് ഇവിടം സന്ദർശിക്കുന്ന ആർക്കും ബോധ്യമാവുന്നു. ഓഫീസിന്റെ മുകളിൽ കയറി പോലും അക്രമം നടത്തിയിട്ടുണ്ട്.

പുറത്ത് നിന്ന് കല്ലേറും നടത്തിയാണ് അക്രമികൾ തിരിച്ചു പോയത്. സിപിഐ(എം). ന്റെ മോസ്‌ക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്തൂരിൽ പാർട്ടി അറിയാതെ ഒരു ഇലപോലും അനങ്ങാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ സംഭവത്തിൽ ഏതോ സാമൂഹ്യ വിരുദ്ധർ ഇരു പാർട്ടികളേയും തമ്മിലടിപ്പിക്കാൻ ശ്രമിച്ചതാണ് ഓഫീസ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സിപിഐ(എം). ഏരിയാ കമ്മിറ്റി പറയുന്നു.